ഇസ്ലാമബാദ്: പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിൻ്റെ സ്ഥാനവും അധികാരവും സുരക്ഷിതമാക്കാൻ വേണ്ടി ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. ഭരണഘടനാ ഭേദഗതിയിൽ പിന്തുണ തേടി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തൻ്റെ പാർട്ടിയെ സമീപിച്ചതായി പിപിപി അധ്യക്ഷൻ ബിലാവൽ ഭൂട്ടോ-സർദാരിയെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

നിർദ്ദിഷ്ട ഭേദഗതിയിൽ ഭരണഘടനാ കോടതികളും ജഡ്ജിമാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉൾപ്പെടുന്നുണ്ടെങ്കിലും ആർട്ടിക്കിൾ 243ലെ മാറ്റങ്ങളാണ് വിവാദങ്ങൾക്ക് ആധാരം. പാകിസ്താൻ ഭരണഘടന അനുസരിച്ച്, ഫെഡറൽ സർക്കാരിനാണ് സായുധ സേനയുടെ നിയന്ത്രണവും കമാൻഡും ഉണ്ടായിരിക്കേണ്ടത്. എന്നാൽ, ആർട്ടിക്കിൾ 243 പരിഷ്കരിക്കാനുള്ള നീക്കത്തിലൂടെ സൈന്യത്തിൻ്റെ സ്വാധീനം കൂടുതൽ വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യ-പാക് സംഘർഷത്തിൽ കനത്ത നഷ്ടം സംഭവിച്ചതിന് ആഴ്ചകൾക്ക് ശേഷം മുനീറിനെ പാകിസ്താൻ ഫീൽഡ് മാർഷലായി ഉയർത്തിയിരുന്നു. എന്നാൽ, ഫീൽഡ് മാർഷൽ പദവിക്ക് നിലവിൽ പാകിസ്താൻ ഭരണഘടനയിൽ നിയമപരമായ സ്ഥാനമില്ല. ഔദ്യോഗികമായി, ഈ വർഷം നവംബർ 28-ന് മുനീർ വിരമിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ, ആർട്ടിക്കിൾ 243 ഭേദഗതി ചെയ്യുന്നത് മുനീറിന് സുരക്ഷിതവും ദീർഘിപ്പിച്ചതുമായ സ്ഥാനം നൽകാനുള്ള ശ്രമമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

1973-ൽ ഭരണഘടന നിലവിൽ വന്ന ശേഷം ആദ്യമായാണ് ഒരാളെ ഫീൽഡ് മാർഷലായി ഉയർത്തുന്നതെന്നും, ഇത് ഭരണഘടനയിൽ പരിഹരിക്കേണ്ടതുണ്ടെന്നും പാകിസ്താൻ നിയമകാര്യ സഹമന്ത്രി അഖീൽ മാലിക് സൂചന നൽകി. ഭരണഘടനയുടെ മറവിൽ സൈനിക സ്വാധീനം ഏകീകരിക്കാനുള്ള ശ്രമമാണിതെന്നും ഇത് നിലവിലുള്ള സിവിൽ-സൈനിക അസന്തുലിതാവസ്ഥ വർദ്ധിപ്പിക്കുമെന്നും ആശങ്ക ഉയർന്നിട്ടുണ്ട്.