ന്യൂഡൽഹി/ധാക്ക: 2024-ൽ ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങളെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബറിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ നിശ്ശബ്ദ അനുമതിയോടെയാണ് ഹസീന ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് ബി.ബി.സി ബംഗ്ലാ റിപ്പോർട്ട് ചെയ്തു. ഹസീനയുടെ സുരക്ഷ ഉറപ്പാക്കുകയും നിഷ്പക്ഷമായ വിചാരണയ്ക്കുള്ള അവസരം നൽകുകയും വേണമെന്ന വ്യവസ്ഥയിലാണ് ഇന്ത്യ ഈ നീക്കത്തിന് പിന്തുണ നൽകുന്നതെന്നാണ് പേരുവെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നത്.
ഹസീനയുടെ മടക്കയാത്ര സുഗമമാക്കുന്നതിനായി ഇന്ത്യ പ്രധാനമായും രണ്ട് ഉപാധികളാണ് ബംഗ്ലാദേശിന് മുന്നിൽ വെച്ചിട്ടുള്ളത്. ആദ്യത്തെ ഉപാധി, ഹസീനയെ തിരികെ കൊണ്ടുപോകുന്നതിൽ ബംഗ്ലാദേശ് സൈന്യം നേരിട്ട് പങ്കാളികളാകണം എന്നതാണ്. 2024 ഓഗസ്റ്റ് 5-ന് ബംഗ്ലാദേശ് സൈന്യത്തിന്റെ പ്രത്യേക വിമാനത്തിലാണ് ഹസീന ഇന്ത്യയിൽ എത്തിയത്. അതിനാൽ അതേ സൈനിക സംവിധാനം ഉപയോഗിച്ചോ അല്ലെങ്കിൽ കരയതിർത്തിയിലെ നിശ്ചിത കേന്ദ്രത്തിൽ വെച്ചോ സൈന്യത്തിന്റെ മേൽനോട്ടത്തിൽ ഹസീനയെ സ്വീകരിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.
രണ്ടാമത്തെ ഉപാധി ഹസീനയ്ക്കെതിരെയുള്ള നിയമനടപടികളുമായി ബന്ധപ്പെട്ടതാണ്. ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിട്ടുള്ള സാഹചര്യത്തിൽ, അവർക്ക് വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാനുള്ള അവസരവും ജൂലായിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വീണ്ടും ന്യായമായ വിചാരണയും ഉറപ്പുനൽകണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെയും ആഗോള മാധ്യമങ്ങളുടെയും നിരീക്ഷണത്തിലായിരിക്കണം ഈ നിയമനടപടികൾ നടക്കേണ്ടതെന്നും ഹസീനയെ തൂക്കിലേറ്റാൻ വിട്ടുകൊടുക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല. ബി.ബി.സി റിപ്പോർട്ടിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് "തനിക്ക് ഇതിൽ ഒന്നും പറയാനില്ല" എന്നായിരുന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാളിന്റെ മറുപടി. താരീഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സർക്കാരും ഈ വാർത്ത സ്ഥിരീകരിക്കുകയോ ഔദ്യോഗികമായി പ്രതികരിക്കുകയോ ചെയ്തിട്ടില്ല.
നവംബർ 9-ന് പുതിയ പാസ്പോർട്ടിനും യാത്രാ രേഖകൾക്കുമായി ഹസീന ബംഗ്ലാദേശുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇതിനോട് അനുകൂല നിലപാടല്ല ഉണ്ടായത്.
Published: 14 Nov 2026, 05:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented