വാഷിങ്ടൺ: വിദേശ രാജ്യങ്ങൾക്ക് നൽകുന്ന ഉപാധികളില്ലാത്ത സൈനിക സഹായങ്ങൾക്കെതിരെ യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച അബ്ദുൾ എൽ-സയീദ്. ജനങ്ങളുടെ നികുതിപ്പണം വിദേശ സൈന്യങ്ങൾക്ക് നൽകുന്നതിന് പകരം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ആഭ്യന്തര ആവശ്യങ്ങൾക്കായിരിക്കണം ചെലവഴിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

ഈജിപ്ത്, പാകിസ്താൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾക്ക് ടാങ്കുകളും ബോംബുകളും വാങ്ങാൻ തങ്ങളുടെ നികുതിപ്പണം നൽകാൻ ഉദ്ദേശിക്കുന്നില്ല. ഉപാധികളില്ലാതെ വിദേശ രാജ്യങ്ങൾക്ക് സൈനിക സഹായം നൽകുന്നത് പതിവാക്കുന്ന രീതി ശരിയല്ലെന്നും ഇക്കാര്യത്തിൽ അമേരിക്കൻ ജനതയ്ക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിന് വിധേയമായി മാത്രമേ ഏത് വിദേശ രാജ്യത്തിനും സൈനിക സഹായം നൽകാവൂ എന്ന് എൽ-സയീദ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്ന രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് ചോദ്യം ചെയ്ത അദ്ദേഹം, അത്തരം രാജ്യങ്ങളെ സഖ്യകക്ഷികളായി കണക്കാക്കുന്നതിനെക്കുറിച്ച് പുനർവിചിന്തനം വേണമെന്നും പറഞ്ഞു. സ്വന്തം തത്ത്വങ്ങളിൽ അധിഷ്ഠിതമായി എല്ലാ രാജ്യങ്ങളോടും ഒരേ നിലപാട് സ്വീകരിക്കേണ്ടത് അമേരിക്കയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രയേലിനുള്ള യു.എസ്. സൈനിക സഹായത്തെക്കുറിച്ചുള്ള തർക്കങ്ങൾ രൂക്ഷമാകുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ദശാബ്ദങ്ങളായി ഇസ്രയേലിന് അമേരിക്ക സൈനിക പിന്തുണ നൽകുന്നുണ്ട്. 2019 മുതൽ 2028 വരെയുള്ള 10 വർഷത്തെ കരാർ പ്രകാരം 38 ശതകോടി ഡോളറിന്റെ ധനസഹായമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇതിൽ വർഷം തോറും 3.3 ശതകോടി ഡോളറിന്റെ വിദേശ സൈനിക സഹായവും 500 ദശലക്ഷം ഡോളറിന്റെ മിസൈൽ പ്രതിരോധ പദ്ധതികളും ഉൾപ്പെടുന്നു.

സെനറ്റ് തിരഞ്ഞെടുപ്പിൽ മിഷിഗണിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്‌സിനെ പരാജയപ്പെടുത്തിയാണ് 42-കാരനായ അബ്ദുൾ എൽ-സയീദ് വിജയിച്ചത്. യു.എസ്. സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം അമേരിക്കൻ പ്രതിനിധിയെന്ന ചരിത്രനേട്ടവും അദ്ദേഹം സ്വന്തമാക്കി.