ആലപ്പുഴ: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ.) ഭേദഗതി കൊണ്ടുവരാനുള്ള നീക്കത്തിൽ ക്രൈസ്തവസഭകൾ പരസ്യമായി രംഗത്തുവന്നതോടെ ബി.ജെ.പി. പ്രതിരോധത്തിൽ. സഭകളിൽ സ്വാധീനമുറപ്പിക്കാൻ ബി.ജെ.പി. വലിയ ശ്രമംനടത്തുമ്പോഴാണ് പാർലമെന്റിൽ ഭേദഗതിബിൽ അവതരിപ്പിച്ചത്.

To advertise here,

അഞ്ചുവർഷം കൂടുമ്പോഴാണ് എഫ്.സി.ആർ.എ. ലൈസൻസ് പുതുക്കേണ്ടത്. പുതുക്കൽ നിരസിക്കപ്പെടുകയോ അപേക്ഷ നൽകാതിരിക്കുകയോ കാലാവധി കഴിഞ്ഞും പുതുക്കിക്കിട്ടാതിരിക്കുകയോ ചെയ്താൽ ആ സംഭാവന ഉപയോഗിച്ചുണ്ടാക്കിയ ആസ്തികൾ കേന്ദ്രസർക്കാർ നിയോഗിക്കുന്ന പ്രത്യേക അതോറിറ്റിക്ക് ഏറ്റെടുക്കാമെന്ന വ്യവസ്ഥയാണ് വിവാദമായിരിക്കുന്നത്.

ആറുവർഷംമുൻപ്‌ എഫ്.സി.ആർ.എ. അക്കൗണ്ടുകൾ ന്യൂഡൽഹിയിലെ എസ്.ബി.ഐ. മെയിൻ ബ്രാഞ്ചിൽമാത്രമാക്കി നിയമം ഭേദഗതിചെയ്തിരുന്നു. ഇപ്പോൾത്തന്നെ കർശന ചട്ടക്കൂടുള്ള നിയമത്തിന് വീണ്ടും ഭേദഗതി കൊണ്ടുവരുന്നത് ദുരുദ്ദേശ്യപരമാണെന്നാണ് ക്രൈസ്തവസഭകളുടെ നിലപാട്.

ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയാലും പല കാരണങ്ങളാൽ തടയുകയോ റദ്ദാക്കുകയോ ചെയ്യുന്ന രീതി ഇപ്പോൾത്തന്നെയുണ്ട്. കേരളത്തിലെ ഒരു പ്രമുഖ അതിരൂപതയുടെ ലൈസൻസ് റദ്ദാക്കി. ഒരു പദ്ധതിക്കെതിരേ ഇവർ സമരംചെയ്തതാണ് കാരണമെന്ന്‌ പറയുന്നു. മറ്റൊരു രൂപതയുടെ അക്കൗണ്ടിൽനിന്ന് സാങ്കേതികപ്പിഴവുകൾപറഞ്ഞ് 10 ലക്ഷം രൂപ പിഴയീടാക്കിയെന്ന് വിവരമുണ്ട്. കൊച്ചിയിലെ ഒരു പ്രമുഖ കത്തോലിക്കാ സ്ഥാപനത്തിന്റെ ലൈസൻസും പുതുക്കിയിട്ടില്ല. ഇത് കാര്യമായി വിദേശസംഭാവന സ്വീകരിക്കുന്ന സ്ഥാപനമല്ല.

ലൈസൻസ് പുതുക്കൽ സങ്കീർണമായതോടെ വിദേശഫണ്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെയും സംഘടനകളുടെയും എണ്ണം രാജ്യത്ത് കുത്തനെ കുറഞ്ഞിട്ടുണ്ട്. 2011-ൽ 40,000-ത്തോളമുണ്ടായിരുന്നത് 2016-ലെ പുതുക്കൽ കഴിഞ്ഞപ്പോൾ 16,000-ത്തോളമായി കുറഞ്ഞു. കേരളത്തിൽ വിദേശഫണ്ട് സ്വീകരിക്കുന്നവയിൽ 60 ശതമാനത്തോളവും ക്രൈസ്തവസ്ഥാപനങ്ങളാണ്. ഫണ്ട് നിലച്ചാൽ ഇവർ ചെയ്യുന്ന സേവനപ്രവർത്തനങ്ങളെ ബാധിക്കും.

രാജ്യത്തെ നിയമങ്ങൾ ഭിന്നതയുണ്ടാക്കുന്നതിനാവരുതെന്നും ഉദ്ദേശ്യശുദ്ധിയുള്ളതാവണമെന്നും കെ.സി.ബി.സി. ജാഗ്രതാകമ്മിഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു.

ബില്ലിലെ പൗരാവകാശലംഘനങ്ങൾ ചൂണ്ടിക്കാട്ടുന്നത് സർക്കാർ അവ തിരുത്തുമെന്ന പ്രതീക്ഷയിലാണെന്നും സഭയെ രാഷ്ട്രീയവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ചങ്ങനാശ്ശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

എഫ്.സി.ആർ.എ. എന്നാൽ

സാമൂഹികസേവനങ്ങൾക്കായി വിദേശഫണ്ട് സ്വീകരിക്കുന്നതിന്‌ നിയന്ത്രണംവരുത്താൻ നിയമം(ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്-എഫ്.സി.ആർ.എ.) കൊണ്ടുവന്നത് 1976-ലാണ്. പിന്നീട് പലതവണ ഭേദഗതികൾ വന്നു. രാജ്യത്തെ സ്ഥാപനങ്ങൾക്കോ സർക്കാരിതര സംഘടനകൾക്കോ പ്രത്യേക സാമൂഹികാവശ്യത്തിന് വിദേശത്തുള്ള വ്യക്തികളിൽനിന്നോ സംഘടനകളിൽനിന്നോ സംഭാവന സ്വീകരിക്കാം. ഇതിന്‌ പദ്ധതി സമർപ്പിക്കണം.

പണം ചെലവഴിച്ച രീതിയിൽ സംശയം തോന്നിയാൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ രഹസ്യാന്വേഷണം നടത്തും. കേസെടുക്കാനുള്ള അധികാരം സി.ബി.ഐ.ക്കാണ്.

ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായങ്ങളിലൊന്ന്- ഹൈബി ഈഡൻ എം.പി.

കൊച്ചി: കേന്ദ്രസർക്കാർ കൊണ്ടുവന്ന എഫ്.സി.ആർ.എ. നിയമഭേദഗതി ന്യൂനപക്ഷ വിരുദ്ധമെന്നും ഇത്തരം നീക്കങ്ങൾ രാജ്യത്തിന്റെ ജനാധിപത്യത്തെ തുറുങ്കിലാക്കുമെന്നും ഹൈബി ഈഡൻ എം.പി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധസംഘടനകളുടെ ആസ്തികൾ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ് ഈ നിയമ ഭേദഗതി. ഇത് കേവലം ന്യൂനപക്ഷാവകാശ പ്രശ്നമല്ല, മനുഷ്യാവകാശ ലംഘനമാണ്.

നോർത്ത്‌ ഇന്ത്യയിലും സൗത്ത് ഇന്ത്യയിലുമൊക്കെയായി വിദ്യാഭ്യാസസ്ഥാപനങ്ങൾ അടക്കം നടത്തുന്ന ജീവകാരുണ്യ സംഘടനകളെ ഈ നിയമഭേദഗതി വല്ലാതെ ബാധിക്കും. വിയോജിപ്പിന്റെ സ്വരങ്ങളെ തുടച്ചുനീക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നതെന്ന് ഹൈബി ഈഡൻ കുറ്റപ്പെടുത്തി. എഫ്.സി.ആർ.എ. നിയമ ഭേദഗതി നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഹൈബി ഈഡൻ കത്ത് നൽകി.

ജനാധിപത്യ വിരുദ്ധം -അതിരൂപത സംരക്ഷണ സമിതി

കൊച്ചി: കേന്ദ്രം കൊണ്ടുവന്നിരിക്കുന്ന വിദേശ ഫണ്ട് സ്വീകരിക്കൽ നിയന്ത്രണബിൽ ഇന്ത്യയിലെ പാവപ്പെട്ടവരെയും അവർക്കുവേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെയും എല്ലാ കാരുണ്യപ്രവർത്തനങ്ങളെയും ഇല്ലായ്മ ചെയ്യുമെന്ന് എറണാകുളം അതിരൂപത സംരക്ഷണ സമിതി വിലയിരുത്തി. ബിൽ അവതരിപ്പിക്കുന്നതിനു മുൻപ് തന്നെ പല ക്രൈസ്തവസഭാ സ്ഥാപനങ്ങളുടെയും എഫ്.ആർ.സി.എ. അക്കൗണ്ട് പുതുക്കി കൊടുക്കുവാൻ കേന്ദ്ര സംവിധാനങ്ങൾ തയ്യാറായിട്ടില്ല. പല സന്നദ്ധ സംഘടനകളുടെയും അക്കൗണ്ടുകൾ നിസ്സാര കാരണം പറഞ്ഞ് റദ്ദാക്കിയിട്ടുണ്ട്.

ഏതെങ്കിലും സ്ഥാപനത്തിന്റെയോ സംഘടനയുടെയോ എഫ്.ആർ.സി. അക്കൗണ്ട് അനുമതി പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ, കാലാവധിക്കുള്ളിൽ പുതുക്കൽ ലഭ്യമാകാതെയോ പോയാൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദായതായി കണക്കാക്കപ്പെടും. ഇങ്ങനെ റദ്ദാക്കപ്പെടുന്ന സംഘടനയോ സ്ഥാപനമോ ഇതുവരെ വിദേശഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിയും നിർമിച്ച കെട്ടിടങ്ങളും ആസ്തികളും കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് പോകുമെന്ന്് കരട് ബിൽ പറയുന്നു. ഇത് ജനാധിപത്യ വ്യവസ്ഥിതിക്കും മതേതരത്വത്തിനും മനുഷ്യത്വത്തിനും എതിരായ ബില്ലാണെന്ന് അതിരൂപത സംരക്ഷണ സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ കുറ്റപ്പെടുത്തി.

ഭേദഗതിയിൽനിന്ന് പിന്മാറണം -മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശസംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമഭേദഗതിയിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ബില്ലിലെ ചിലവ്യവസ്ഥകളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും വിവിധ മതവിഭാഗങ്ങൾ നടത്തുന്ന ധർമസ്ഥാപനങ്ങൾക്കും ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതികകാരണങ്ങളാൽപ്പോലും അനുമതികിട്ടുന്നതിൽ കാലതാമസം ഉണ്ടാകുകയോ അപേക്ഷിക്കുന്നതിൽ പിഴവുസംഭവിക്കുകയോ ചെയ്താൽ ആസ്തികൾ കേന്ദ്രസർക്കാർ താത്കാലികമായി ഏറ്റെടുക്കുന്ന അവസ്ഥയിലെത്തിക്കും.

നിശ്ചിതസമയപരിധിക്കുള്ളിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നാൽ ബന്ധപ്പെട്ട ആസ്തികൾ കണ്ടുകെട്ടുന്ന സാഹചര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.