അഹമ്മദാബാദ്: വിവാഹം രജിസ്റ്റർചെയ്യണമെങ്കിൽ വധൂവരന്മാർ അച്ഛനമ്മമാരെ അറിയിച്ചിരിക്കണമെന്നതുൾപ്പെടെ പ്രണയവിവാഹങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമഭേദഗതിക്ക് ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നു. പ്രണയത്തിന് എതിരല്ലെന്നും നിഷ്‌കളങ്കരായ പെൺകുട്ടികൾ വഞ്ചിതരാകാതിരിക്കുകയാണ് ലക്ഷ്യമെന്നും ഉപമുഖ്യമന്ത്രി ഹർഷ് സംഘവി നിയമസഭയിൽ പറഞ്ഞു.
നോട്ടറി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ലഭിച്ചാൽ അസിസ്റ്റന്റ് രജിസ്ട്രാർ പത്തുദിവസത്തിനുള്ളിൽ ഇരുവരുടെയും അച്ഛനമ്മമാരെ നേരിട്ടോ ഫോൺവഴിയോ വിവരമറിയിച്ചിരിക്കണമെന്നതാണ് പ്രധാനഭേദഗതി. അപേക്ഷകളിൽ വധൂവരന്മാരുടേതിനൊപ്പം അച്ഛനമ്മമാരുടെയും ആധാർ രേഖകളുടെ പകർപ്പും വിലാസവും ഫോൺനമ്പറുകളും നൽകണം. അവരുടെ സമ്മതമുണ്ടോയെന്നും വ്യക്തമാക്കണം. അപേക്ഷ താലൂക്ക് രജിസ്ട്രാരാണ് പിന്നീട് പരിഗണിക്കുക. വിവരങ്ങളെല്ലാം ശരിയാണെങ്കിൽ 30 ദിവസത്തിനുള്ളിൽ വിവാഹരേഖ നൽകണം. സർക്കാർ തയ്യാറാക്കുന്ന ഓൺലൈൻ പോർട്ടലിലും രേഖ അപ്‌ലോഡ് ചെയ്യും. ഭേദഗതിസംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് നിർദേശം സ്വീകരിക്കും. ഇവ ഒരു സമിതി പരിശോധിച്ചശേഷമാകും അന്തിമനിയമം തയ്യാറാക്കുക.
വിവാഹവഞ്ചനകൾസംബന്ധിച്ച പരാതികൾ ഉയർന്നതിനാലാണ് ഭേദഗതിയെന്ന് മന്ത്രി പറഞ്ഞു. ‘‘പാഞ്ച്മഹാൽ ജില്ലയിൽ ഒരു മുസ്‍ലിം കുടുംബംപോലും ഇല്ലാത്ത സ്ഥലങ്ങളിൽ അനേകം നിക്കാഹ് സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഒരു സലിം സുരേഷായി ചമഞ്ഞ് പെൺകുട്ടിയെ ചതിക്കുന്നത് അനുവദിക്കില്ല. ആൾമാറാട്ടം, പ്രേരണ എന്നിവയിലൂടെ സനാതനസംസ്‌കാരത്തെ അട്ടിമറിക്കാതിരിക്കാനും ലവ് ജിഹാദ് തടയാനുമാണ് ഭേദഗതി’’ -മന്ത്രി വിശദീകരിച്ചു. പട്ടേൽ, ഠാക്കൂർ സമുദായസംഘടനകൾ രക്ഷിതാക്കളുടെ അനുമതിയില്ലാത്ത വിവാഹങ്ങൾ അസാധുവാക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.
Content Highlights: Gujarat proposes law requiring parental notification & consent for marriage registration to curb fraud & `love jihad`
Published: 21 Feb 2026, 04:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented