ന്യൂയോര്‍ക്ക്: യു.എസ് മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റിക് പാര്‍ട്ടി മേയര്‍മാരെ അഭിനന്ദിച്ച് മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. എന്നാല്‍ അഭിനന്ദന സന്ദേശത്തില്‍ ന്യൂയോര്‍ക്കില്‍നിന്നു വിജയിച്ച സെഹ്റാന്‍ മംദാനിയുടെ പേര് ഒഴിവാക്കുകയും ചെയ്തു. വിര്‍ജീനിയയിലേയും ന്യൂജേഴ്സിയിലേയും കാലിഫോര്‍ണിയയിലേയും തിരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്കുള്ള മംദാനിയുടെ വിജയം.

To advertise here,

'ഇന്ന് രാത്രി വിജയിച്ച എല്ലാ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍. പ്രധാനപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധിക്കുന്ന, ശക്തരും പുരോഗമന ചിന്താഗതിയുള്ളവരുമായ നേതാക്കള്‍ക്ക് പിന്നില്‍ നമ്മള്‍ ഒന്നിക്കുമ്പോള്‍ നമുക്ക് വിജയിക്കാന്‍ കഴിയുമെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണിത്. നമുക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഭാവി അല്പം കൂടി ശോഭനമാണ്.' ഒബാമ എക്‌സില്‍ കുറിച്ചു.

വിര്‍ജീനിയയിലും ന്യൂജേഴ്സിയിലും മേയര്‍ തിരഞ്ഞെടുപ്പുകള്‍ നടന്നിട്ടും ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറാകാന്‍ ആന്‍ഡ്രൂ ക്വോമോയും സൊഹ്‌റാന്‍ മംദാനിയും തമ്മിലുള്ള മത്സരമായിരുന്നു ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടതും.

ശനിയാഴ്ച മംദാനിയുമായി ഫോണില്‍ സംസാരിച്ചിരുന്നെങ്കിലും, തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തെ ഔദ്യോഗികമായി പിന്തുണയ്ക്കാന്‍ ഒബാമ വിസമ്മതിച്ചിരുന്നു. എന്നാല്‍, ഫോണ്‍ സംഭഷണത്തിനിടെ മംദാനിയെ വളരെയധികം ഒബാമ പ്രശംസിച്ചതായാണ് റിപ്പോര്‍ട്ട്. പ്രചാരണം കാണാന്‍ വളരെ ആകര്‍ഷകമായിരുന്നുവെന്ന് അഭിനന്ദിക്കുകയും ചെയ്തു. ജനുവരി ഒന്നിന് അധികാരമേല്‍ക്കുന്നതോടെ ന്യൂയോര്‍ക്ക് സിറ്റിയുടെ ആദ്യത്തെ മുസ്ലീം മേയറാകുന്ന ഇന്ത്യന്‍ വംശജനായ മേയറാണ് മംദാനി.

'ഒബാമയുടെ പിന്തുണയില്ലാതെ സൊഹ്‌റാന്‍ അത് നേടി. ഇതിനര്‍ത്ഥം പഴയ തലമുറയില്‍ നിന്ന് മംദാനി സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നു എന്നാണ്. ഈ പുതിയ തലമുറ ഡെമോക്രാറ്റിക് പാര്‍ട്ടിയെ എന്നെന്നേക്കുമായി പുനര്‍നിര്‍വചിക്കേണ്ട സമയമാണിത്!' ഒരു എക്‌സ് ഉപയോക്താവ് പറഞ്ഞു.

'മംദാനിയുമായുള്ള ഫോണ്‍ കോള്‍ ചോര്‍ത്തുകയും എന്നാല്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ വിസമ്മതിക്കുകയും ചെയ്ത ആ ഇരട്ടത്താപ്പുകാരന്‍ വീണ്ടും 'നമ്മള്‍' എന്ന നാടകം കളിക്കുകയാണ്.' മറ്റൊരാള്‍ പ്രതികരിച്ചു.