നിയാമി: പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിൽ ഭീകരാക്രമണത്തിൽ രണ്ട് ഇന്ത്യൻ കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. ഒരാളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ജാർഖണ്ഡിലെ ബൊക്കാറോ സ്വദേശി ഗണേഷ് കർമാലി (39) ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. രണ്ടാമത്തെയാൾ ദക്ഷിണേന്ത്യൻ സംസ്ഥാനത്തുനിന്നുള്ള കൃഷ്ണൻ എന്ന് മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ജമ്മു കശ്മീരിൽ നിന്നുള്ള രഞ്ജിത് സിങ്ങിനെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ുപോയത്. നൈജറിലെ ഇന്ത്യൻ എംബസി സംഭവം സ്ഥിരീകരിച്ചു. ''ജൂലൈ 15-ന് നൈജറിലെ ഡോസോ മേഖലയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരർക്ക് ജീവൻ നഷ്ടപ്പെടുകയും ഒരാളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. നൈജറിലുള്ള എല്ലാ ഇന്ത്യക്കാരും ജാഗ്രത പാലിക്കാൻ അഭ്യർത്ഥിക്കുന്നു,'' പോസ്റ്റിൽ പറയുന്നു.
തലസ്ഥാനമായ നിയാമിയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഡോസോയിലെ ഒരു കെട്ടിട നിര്‍മാണ സ്ഥലത്ത് കാവല്‍ നില്ക്കുന്ന സൈനിക യൂണിറ്റിനെ അജ്ഞാതരായ തോക്കുധാരികള്‍ ആക്രമിച്ചക്കുന്നതിനിടെയാണ് അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. ഇവരെ കൂടാതെ മറ്റ് ആറ് പേര് കൂടി കൊല്ലപ്പെട്ടതായാണ് വിവരം.
2023-ലെ അട്ടിമറിയെത്തുടര്‍ന്ന് സൈനിക ഭരണത്തിന് കീഴിലായ നൈജര്‍, അല്‍-ഖ്വയ്ദയുമായും ഐഎസ് ഗ്രൂപ്പുമായും ബന്ധമുള്ള ഭീകര സംഘടനകള്‍ നടത്തുന്ന ആക്രമണത്തിന്റെ ഭീഷണിയിലാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
പവർ ട്രാൻസ്മിഷൻ പ്രോജക്ടുകൾ ഏറ്റെടുക്കുന്ന ഇന്ത്യ ആസ്ഥാനമായുള്ള ട്രാൻസ്റെയിൽ ലൈറ്റിംഗ് ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരായിരുന്നു ഇവർ. കഴിഞ്ഞ ഏപ്രിൽ 25-ന് നൈജറിലെ പോലീസ് സേനയും നൂറുകണക്കിന് സായുധരായ ഭീകരരും തമ്മിലുണ്ടായ വെടിവെപ്പിൽ ജാർഖണ്ഡിൽനിന്നുള്ള തൊഴിലാളികൾ അകപ്പെട്ടിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അഞ്ച് തൊഴിലാളികളെ സംഘം തട്ടിക്കൊണ്ടുപോവുകയും ചെയ്തു.
Content Highlights: Two Indians killed, one abducted in terror attack on their worksite in Niger
Published: 19 Jul 2025, 03:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented