കാർഡിഫ്: യുണൈറ്റഡ് കിങ്ഡത്തിൻ്റെ (യുകെ) നിലനിൽപ്പ് തന്നെ അപകടത്തിലാക്കിക്കൊണ്ട് ലണ്ടന് വലിയ തലവേദന സൃഷ്ടിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കം. യുകെയുടെ ഭാഗമായി തുടരണോ എന്ന കാര്യം തീരുമാനിക്കാൻ ജനഹിതപരിശോധന നടത്തണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിൽ കാർഡിഫ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന സ്കോട്ടിഷ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നീ പ്രദേശങ്ങളിലെ ഭരണത്തലവന്മാർ ഒപ്പുവെയ്ക്കുമെന്ന് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. സ്കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവ സ്വതന്ത്ര ഭരണസംവിധാനമുള്ള എന്നാൽ പൂർണ രാജ്യപദവിയില്ലാതെ യുകെയുടെ ഭാഗമായി തുടരുന്ന പ്രവിശ്യകളാണ്. ഇംഗ്ലണ്ട് കൂടി ചേരുമ്പോഴാണ് യുണൈറ്റഡ് കിംഗ്ഡം (UK) എന്ന പരമാധികാര രാജ്യം പൂർണ്ണമാകുന്നത്. കായിക മത്സരങ്ങളിലും (ഉദാഹരണത്തിന് കോമൺവെൽത്ത് ഗെയിംസ്, ഫുട്ബോൾ) സാംസ്കാരിക മേഖലകളിലും ഇവ വേറെവേറെ രാജ്യങ്ങളായി പങ്കെടുക്കാറുണ്ടെങ്കിലും, അന്താരാഷ്ട്ര തലത്തിൽ യുകെ മാത്രമാണ് ഔദ്യോഗിക പരമാധികാര രാഷ്ട്രമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

To advertise here,

വെയിൽസ് തലസ്ഥാനമായ കാർഡിഫിൽ തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയിൽ മൂന്ന് പ്രദേശങ്ങളിലെയും ഫസ്റ്റ് മിനിസ്റ്റർമാർ പങ്കെടുക്കും. യോഗത്തിൽ വെച്ച് ആയിരിക്കും ചരിത്രപ്രധാനമായ കരാറിൽ ഒപ്പുവെക്കുക. സ്കോട്ട്‌ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വീനി, വെയിൽസ് ഫസ്റ്റ് മിനിസ്റ്റർ റൂൺ ആപ് അയവർത്ത്, വടക്കൻ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീൽ എന്നിവരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ജനഹിത പരിശോധനയിൽ അനുകൂലമാണെങ്കിൽ യുകെയിൽ നിന്ന് വേർപ്പെട്ട് ഇവർ മൂന്ന് സ്വതന്ത്ര രാജ്യമായി മാറും. 

ഇംഗ്ലണ്ടിൽ നിന്ന് വേർപിരിയുന്നതിനായി സ്വന്തം നിലയ്ക്ക് വോട്ടെടുപ്പ് നടത്താൻ മൂന്ന് രാജ്യങ്ങൾക്കും അവകാശമുണ്ടെന്ന് ഈ കരാർ പ്രഖ്യാപിക്കും. യൂറോപ്യൻ യൂണിയനിൽ (ഇയു) സ്കോട്ട്‌ലൻഡും വെയിൽസും സ്വതന്ത്ര രാജ്യങ്ങളായി വീണ്ടും അംഗത്വം നേടിയേക്കും. നേരത്തെ ബ്രെക്സിറ്റ് എന്ന ഹിതപരിശോധനയെ തുടർന്ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുവന്നിരുന്നു. 

വടക്കൻ അയർലൻഡ്, അയർലൻഡ് റിപ്പബ്ലിക്കുമായി കൂട്ടിച്ചേർക്കപ്പെടുന്നതിലൂടെ സ്വാഭാവികമായും ഇ.യുവിന്റെ ഭാഗമാകും. സാമ്പത്തികം, ഊർജ്ജ മേഖല, യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം, അന്താരാഷ്ട്ര സഹകരണം എന്നീ നാല് മേഖലകളിൽ മൂന്ന് രാജ്യങ്ങളും പരസ്പരം സഹകരിച്ച് പ്രവർത്തിക്കും.

അയർലൻഡ് സന്ദർശനത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വടക്കൻ അയർലൻഡും അയർലൻഡ് റിപ്പബ്ലിക്കും ഒന്നിക്കുന്നതിനെ പരസ്യമായി പിന്തുണച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. അയർലൻഡിന്റെ ഏകീകരണം "വളരെ സ്വാഭാവികമായ കാര്യമാണെന്നും" അത് ഉടൻ നടക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് ഡബ്ലിനിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബർൺഹാമിനും ലണ്ടനിലെ ഭരണകൂടത്തിനും വലിയ തിരിച്ചടിയാണ് പുതിയ സംഭവവികാസങ്ങൾ. നിലവിൽ മൂന്നിടങ്ങളിലും സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന പ്രാദേശിക പാർട്ടികളാണ് ഭരണത്തിൽ. സ്കോട്ട്‌ലൻഡിൽ എസ്.എൻ.പി, വെയിൽസിൽ പ്ലെയ്ഡ് കംറി (വെൽഷ് ഭാഷയിൽ ഈ വാക്കിന്റെ അർത്ഥം "പാർട്ടി ഓഫ് വേൽസ്" വെയിൽസിന്റെ പാർട്ടി) എന്നാണ്, വടക്കൻ അയർലൻഡിൽ സിൻ ഫെയ്ൻ. ഇത് ചരിത്രത്തിലാദ്യമായാണ് മൂന്നിടങ്ങളിലും ഒരേ സമയം ബ്രിട്ടൻ വിരുദ്ധ ഭരണകൂടങ്ങൾ വരുന്നത്.

എന്നാൽ ബ്രിട്ടനിൽ നിന്നും പിരിഞ്ഞുപോകാനുള്ള വോട്ടെടുപ്പുകൾക്ക് അനുമതി നൽകില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി ആൻഡി ബർൺഹാം.