സെപ്റ്റംബർ 17 മുതല്‍ പണിമുടക്കാനാണ് 108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന്റെ തീരുമാനം

തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് ഒരു കാരണവശാലും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിൽ സർക്കാർ. രോഗികൾക്ക് അടിയന്തര ഘട്ടങ്ങളിൽ തടസ്സമില്ലാതെ ജീവൻരക്ഷാ സഹായം എത്തിക്കേണ്ട മേഖലയായതിനാൽ, സമരം തടയുന്നതിന് ജീവനക്കാർക്കെതിരെ എസ്മ പ്രകാരം കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി.
2025-26 വർഷത്തെ ബോണസ് സംബന്ധിച്ചുള്ള തർക്കമാണ് സമരത്തിന് കാരണം. ബോണസ് വിഷയത്തിൽ മാനേജ്മെന്റുമായി ജീവനക്കാരുടെ സംഘടനകൾ ചർച്ചകൾ നടത്തിയിരുന്നെങ്കിലും സമവായത്തിലെത്താൻ സാധിച്ചില്ല. ചർച്ചകൾ ഫലം കാണാത്തതിനെ തുടർന്ന് ഈ മാസം 17 മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ അറിയിക്കുകയായിരുന്നു.
എന്നാൽ അടിയന്തര സേവന വിഭാഗത്തിൽപ്പെട്ട ആംബുലൻസ് സർവീസുകൾ നിർത്തിവെച്ച് സമരം ചെയ്യുന്നത് രോഗികളുടെ ജീവന് ഭീഷണിയാകുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ സേവനങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള സമരം അനുവദിക്കാനാവില്ലെന്ന നിലപാടിലേക്ക് സർക്കാരെത്തിയത്.
എന്താണ് എസ്മ?
എസൻഷ്യൽ സർവീസസ് മെയിന്റനൻസ് ആക്ട് എന്ന നിയമത്തിന്റെ ചുരുക്കപ്പേരാണ് എസ്മ. അവശ്യ സേവനങ്ങൾ നൽകേണ്ട ജീവനക്കാർ പണിമുടക്കുന്നത് തടയാൻ സർക്കാരിന് അധികാരം നൽകുന്ന നിയമമാണ് ഇത്. സർക്കാർ എസ്മ പ്രയോഗിച്ചാൽ ഒരു സമരത്തെ നിയമവിരുദ്ധമാക്കാൻ സാധിക്കും. കൂടാതെ സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ നിയമനടപടിയും സാധ്യമാണ്. ആരോഗ്യമേഖലയ്ക്ക് പുറമെ വൈദ്യുതി, കുടിവെള്ള വിതരണം, പൊതുഗതാഗതം തുടങ്ങിയവ എസ്മയുടെ പരിധിയിൽ വരുന്ന അവശ്യ സേവനങ്ങളാണ്.
Content Highlights: The Kerala government will invoke ESMA to block the proposed 108 ambulance strike over bonus disputes starting September 17. Health Minister K. Muraleedharan urged the Home Minister to take strict legal action.
Published: 12 Sept 2026, 08:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented