പ്രകൃതിദുരന്തത്തിന്റെ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായവും ആശ്വാസവുമായി ബോളിവുഡ് നടൻ സോനു സൂദ് നേപ്പാളിൽ. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച നടൻ, ഇരയായവർക്ക് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

To advertise here,

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള ഭക്ഷണസാധനങ്ങളും കമ്പിളികളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ സോനു സൂദ് നേപ്പാളിലെത്തിച്ചിട്ടുണ്ട്. പ്രദേശവാസികളുമായും അവിടുത്തെ കുട്ടികളുമായും സംസാരിക്കുന്നതിന്റെ ചിത്രങ്ങൾ നടൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.

'വീടും കുടുംബവും കുട്ടിക്കാലവുമെല്ലാം അവർക്ക് നഷ്ടപ്പെട്ടിരിക്കാം. എന്നാൽ ഒരു പുതിയ തുടക്കത്തിനായി നമ്മൾ ഒന്നിച്ച് അവരെ സഹായിക്കും. നേപ്പാൾ ഒറ്റയ്ക്കല്ല,' സോനു സൂദ് കുറിച്ചു.

പ്രളയബാധിതരെ നേരിൽ കാണാനാണ് താൻ ഇവിടെയെത്തിയതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് സോനു സൂദ് പറഞ്ഞു. ദുരിതത്തിലായ ജനങ്ങൾക്കൊപ്പം നിൽക്കാനും അവരുടെ ജീവിതം സാധാരണ നിലയിലാക്കാൻ സഹായിക്കാനും ആഗ്രഹിക്കുന്നു. വെല്ലുവിളികളുണ്ടെങ്കിലും ഇന്ത്യയിൽനിന്ന് നേപ്പാളിലേക്ക് വരും മാസങ്ങളിലും ദുരിതാശ്വാസ സാമഗ്രികൾ തുടർച്ചയായി എത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്ക് ഇനി എന്തൊക്കെയാണ് ആവശ്യമെന്ന് ചോദിച്ചറിഞ്ഞ് അത് ഇന്ത്യയിൽ നിന്ന് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്നും നടൻ കൂട്ടിച്ചേർത്തു.