കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 584 ആയി. ടിബറ്റിലെ പ്രളയബാധിത പ്രദേശമായ ഗൈറോങ് പോർട്ടിൽ മരിച്ചവരുടെ എണ്ണം അഞ്ചായതായി ചൈനയിൽ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇന്ത്യയിലെ നദികളിൽ ഒഴുകിയെത്തിയ ഏഴ്‌ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 2400 പേരെ കണ്ടെത്താനുണ്ട്. വലിയ അളവിൽ ചെളിയടിഞ്ഞതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. കൂടുതൽപ്പേരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷയകലുകയാണ്. മരണസംഖ്യ ഉയരുമെന്നും നേപ്പാൾ അധികൃതർ അറിയിച്ചു.

To advertise here,

ത്രിശൂലി നദിയുടെ ഭാഗങ്ങളിൽ തുടർച്ചയായി മഴപെയ്യുന്നതും പ്രശ്നമാണ്. പാലങ്ങളും നദിക്കരയിലെ റോഡുകളും തകർന്നതിനാൽ പലഭാഗത്തും എത്തിപ്പെടാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിട്ടില്ല. 86 സുരക്ഷാഉദ്യോഗസ്ഥരും 517 വിദേശികളുമടക്കം 1910 പേരെയാണ് നേപ്പാളിൽമാത്രം കാണാതായത്. ഇതുവരെ 1545 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനങ്ങളിൽ എത്തിച്ചിട്ടുണ്ട്. 121 വിദേശികളെ രക്ഷിച്ചെന്ന് നേപ്പാൾ ടൂറിസംബോർഡ് വെള്ളിയാഴ്ച അറിയിച്ചു. 85 ഇന്ത്യൻ പൗരർ, 16 ചൈനക്കാർ, ഒൻപത് ദക്ഷിണകൊറിയൻ സ്വദേശികൾ എന്നിവരെയാണ് രക്ഷിച്ചത്. മൂന്നുപേരുടെ പൗരത്വം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.

ടിബറ്റിലെ ഗൈറോങ് പ്രവിശ്യയിൽനിന്ന് 555 വിനോദസഞ്ചാരികളടക്കം 1000 പേരെ ഒഴിപ്പിച്ചതായി ചൈന അറിയിച്ചു. മൃതദേഹങ്ങൾ കിലോമീറ്ററുകളോളം ഒഴുകിയത് ആളുകളെ തിരിച്ചറിയുന്നതും ബന്ധുക്കൾക്ക് കൈമാറുന്നതും ദുഷ്‌കരമാക്കിയിട്ടുണ്ട്. ഏറ്റവുമധികം നാശമുണ്ടായ റാസുവ ജില്ലയിൽനിന്ന് 12 മൃതദേഹങ്ങളാണ് ലഭിച്ചത്. അതേസമയം, ഇവിടെനിന്ന് 150 മുതൽ 200 കിലോമീറ്റർ അകലെയുള്ള ചിറ്റ്വാനിൽനിന്ന് നൂറുകണക്കിന് മൃതദേഹങ്ങൾ ലഭിച്ചു.

പേടിപ്പിച്ച് പുതിയ തടാകം

ചോച്ചൻ ഖോല, പുരേപു സാങ്പോ നദികളുടെ സംഗമസ്ഥാനത്ത് പുതിയ തടാകം (ബാരിയർ ലേക്ക്) രൂപപ്പെട്ടു. ചൈനയുടെ ജലവിഭവമന്ത്രാലയത്തിന്റെ കണക്കുപ്രകാരം വ്യാഴാഴ്ച രാവിലെവരെ തടാകത്തിലുള്ളത് 20 ലക്ഷം ഘനമീറ്റർ വെള്ളം. മൂന്നുദിവസത്തിനുള്ളിൽ 30 ലക്ഷം ഘനമീറ്റർ വെള്ളംകൂടി തടാകത്തിലെത്തും. എപ്പോൾവേണമെങ്കിലും പൊട്ടിയൊഴുകാമെന്ന സ്ഥിതിയാണ്. പൊട്ടിയാൽ ബുധനാഴ്ചത്തേതിന് സമാനമായ ദുരന്തം നേപ്പാളിനെ തേടിയെത്തും. തടാകം കരകവിഞ്ഞതോടെ ഭോട്ടേകോശി, തൃശൂലി നദികളിൽ ജലനിരപ്പുയർന്നു. നേപ്പാളും ടിബറ്റും ഭീതിയിലാണ്. ചൈന ഗൈറോങ് പോർട്ടിലെ രക്ഷാപ്രവർത്തനങ്ങൾ മണിക്കൂറുകളോളം നിർത്തിവെച്ചു, രക്ഷാപ്രവർത്തകരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. മണിക്കൂറുകൾക്കുശേഷം അതിജാഗ്രതയോടെ രക്ഷാപ്രവർത്തനം പുനരാംരംഭിച്ചു.

കാണാതായ ഇന്ത്യക്കാർ

ന്യൂഡൽഹി: നേപ്പാളിലെ മിന്നൽപ്രളയത്തിൽ കുറഞ്ഞത് 320 ഇന്ത്യക്കാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം. വിദേശപൗരത്വമുള്ള നൂറോളം ഇന്ത്യൻ വംശജരെയും കാണാതായിട്ടുണ്ട്. ഇവരിലേറെയും കൈലാസ മാനസസരോവർ യാത്രയ്ക്കുപോയവരാണ്. ചൈനീസ് വശത്ത് നാനൂറോളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവർ സുരക്ഷിതരാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ 96 ഇന്ത്യക്കാർ കരമാർഗം സുരക്ഷിതമായി നേപ്പാളിലേക്കു കടന്നിട്ടുണ്ട്. മറ്റുള്ളവർ ബെയ്ജിങ്ങിലെ എംബസിയെ ബന്ധപ്പെട്ട് സഹായം തേടി. ചൈനയിലെ അധികൃതരെ ബന്ധപ്പെട്ട്, കുടുങ്ങിയവരെ ഇന്ത്യയിലെത്തിക്കാൻ നടപടിയെടുക്കുന്നുണ്ടെന്നും വക്താവ് അറിയിച്ചു.

60 മലയാളികൾ സുരക്ഷിതർ

തിരുവനന്തപുരം: നേപ്പാളിലെ പ്രളയമേഖലയിൽ കുടുങ്ങിയ 68 മലയാളികളിൽ 60 പേർ സുരക്ഷിതരെന്ന് നോർക്ക. എട്ടുപേരെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ഇവരിൽ രണ്ടുസ്ത്രീകളും ഒരു കുട്ടിയുമുണ്ട്. നോർത്ത് പറവൂർ, കൊല്ലം, കണ്ണൂർ സ്വദേശികളാണ് മൂന്നുപേർ. അഞ്ചുപേർ വിദേശമലയാളികളാണ്. വിവരങ്ങൾ വിദേശമന്ത്രാലയത്തിന് കൈമാറിയതായും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവൻ പറഞ്ഞു. കൈലാസ് മാനസസരോവർ യാത്രയ്ക്കുപോയ 19 മലയാളികളടങ്ങുന്ന 23 അംഗ ഇന്ത്യൻ സംഘം ടിബറ്റിലെ ദാർച്ചനിൽനിന്ന് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തി 31-ന് വിമാനമാർഗം നാട്ടിലേക്ക്‌ മടങ്ങുമെന്നാണ് വിവരം.

ചിലർ നേപ്പാളിൽനിന്ന് പശ്ചിമബംഗാളിലെ ഡാർജിലിങ്ങിൽ എത്തിയതായി കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ചിലർ മൗണ്ട് എവറസ്റ്റ് പ്രദേശത്ത് സുരക്ഷിതരാണ്. നേപ്പാളിൽനിന്ന് തിരിച്ചെത്തിയാൽ കേരളത്തിലെത്താൻ ഹെൽപ്പ് ഡെസ്കുകളിലോ ഡൽഹി എൻ.ആർ.കെ. ഡിവലപ്‌മെന്റ് ഓഫീസിലോ നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ 18004253939 എന്ന ടോൾഫ്രീ നമ്പറിലോ ബന്ധപ്പെടാം.