
കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം. ഗൂർഖ ജില്ലയിലുണ്ടായ പ്രളയത്തിൽ 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോകുകയും ജലവൈദ്യുത പദ്ധതിക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ത്രിശൂലി നദിയുടെ കൈവഴിയായ ബുധി ഗന്ധകി നദിയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെ തുടർന്നാണ് ചുംനുബ്രി ഗ്രാമത്തിൽ വെള്ളപ്പൊക്കമുണ്ടായത്.
രാവിലെ 6:30-ന് 3.66 മീറ്ററായിരുന്ന ജലനിരപ്പ് രാവിലെ 8:40 ഓടെ അപകടനിലയും കടന്ന് 8.43 മീറ്ററായി ഉയർന്നുവെന്ന് നേപ്പാളിലെ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. 10 മിനിറ്റിനുള്ളിൽ ജലനിരപ്പ് രണ്ടു മീറ്ററിലധികം ഉയർന്നുവെന്നും പാലം ഉൾപ്പെടെ ഒലിച്ചുപോയതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അതോറിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
നദിയിലെ ഒഴുക്ക് തടസ്സപ്പെടുകയും തുടർന്ന് കരകവിയുകയും ചെയ്തതാണ് പെട്ടെന്നുള്ള പ്രളയത്തിന് കാരണമായതെന്നും മഴ മൂലമല്ല പ്രളയമുണ്ടായതെന്നുമാണ് പ്രാഥമിക നിഗമനം. ദുരന്തത്തിൽ ഇതുവരെ ജീവഹാനിയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നദീതീരങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും താമസക്കാർ ഞായറാഴ്ച വൈകുന്നേരം വരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിനായി നേപ്പാൾ സൈന്യത്തെ ദുരന്തമേഖലയിൽ വിന്യസിച്ചിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണവും പഠനവും നടത്തിയ സൈന്യം, ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന ജഗത് മേഖലയിൽ നിന്ന് ആറുപേരെ വിമാനമാർഗ്ഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഓഗസ്റ്റിൽ നേപ്പാൾ-ടിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ ആഘാതത്തിൽ നിന്ന് നേപ്പാൾ ഇപ്പോഴും മുക്തമായിട്ടില്ല. അന്നത്തെ പ്രളയത്തിൽ 1,453-ലധികം ആളുകൾ കൊല്ലപ്പെടുകയും 5,000-ത്തിലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു.
Published: 11 Oct 2026, 01:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented