
കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽപ്രളയത്തിന് പിന്നാലെ ഇന്ത്യ നൽകിയ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും നന്ദി അറിയിച്ച് നേപ്പാൾ പ്രസിഡന്റ് രാംചന്ദ്ര പൗഡൽ. പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ സഹായിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പുകഴ്ത്തിയതിനൊപ്പം പ്രളയത്തിൽ മരിച്ച ഇന്ത്യൻ പൗരന്മാർക്ക് ആദരാഞ്ജലികളും അർപ്പിച്ചിട്ടുണ്ട് പൗഡൽ.
ഓഗസ്റ്റ് 26-ന് പെട്ടെന്നുണ്ടായ പ്രളയത്തിൽ നേപ്പാളിൽ 626 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ശനിയാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിൽ, പ്രളയക്കെടുതിക്ക് പിന്നാലെ നൽകിയ സഹായങ്ങൾക്ക് ഇന്ത്യൻ സർക്കാരിനോടുള്ള നന്ദി പൗഡൽ രേഖപ്പെടുത്തി.
'നേപ്പാൾ സർക്കാരിന്റെയും ജനങ്ങളുടെയും പേരിൽ, നിങ്ങളുടെ കാരുണ്യപൂർവമായ ഉത്കണ്ഠയ്ക്കും, നേപ്പാളിലുണ്ടായ സമീപകാല ദുരന്തത്തെത്തുടർന്ന് നിങ്ങളുടെ സർക്കാർ നൽകിയ ഉദാരമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും ബഹുമാനപ്പെട്ട ശ്രീമതി ദ്രൗപദി മുർമുവിന് ഞാൻ ഞങ്ങളുടെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു.' അദ്ദേഹം എക്സിൽ കുറിച്ചു.
ദുരന്തത്തിൽ ഇന്ത്യൻ പൗരന്മാർ മരിച്ചതിലും നേപ്പാൾ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി. '2026 ഓഗസ്റ്റ് 26-ലെ ദുരന്തത്തിൽ ഇന്ത്യൻ ജീവനുകൾ നഷ്ടപ്പെട്ടതിൽ ഇന്ത്യയിലെ സർക്കാരിനോടും ജനങ്ങളോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ അനുശോചനവും അഗാധമായ സഹതാപവും ഞങ്ങൾ അറിയിക്കുന്നു.' പൗഡൽ മറ്റൊരു പോസ്റ്റിൽ കുറിച്ചു.
പ്രളയബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ ഉദാരമായ സഹായം നൽകുമെന്ന് സൂചന നൽകിയിട്ടുണ്ടെന്ന് നേപ്പാൾ ധനമന്ത്രി സ്വർണിം വാഗ്ലെ വെളിപ്പെടുത്തി. വിനാശകരമായ പ്രളയത്തിന്റെ അനന്തരഫലങ്ങളെ നേരിടുന്ന ഘട്ടത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായ ദ്രുതപ്രതികരണത്തെയും നേപ്പാൾ പ്രശംസിച്ചു.
ജനവാസ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഉണ്ടായ വ്യാപകമായ നാശനഷ്ടങ്ങളിൽ നിന്ന് കരകയറാനുള്ള കഠിനമായ ദൗത്യം അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തിന് ഇന്ത്യയിൽനിന്നുള്ള പിന്തുണ ലഭിക്കുന്നത്. നേപ്പാൾ-തിബറ്റ് അതിർത്തിക്ക് സമീപം ഹിമപാളികൾ ഇടിഞ്ഞതിനെത്തുടർന്നുണ്ടായ മഞ്ഞും പാറയും ചേർന്നുള്ള ഹിമപാതമാണ് (ice-rock avalanche) ഈ വലിയ ദുരന്തത്തിന് കാരണമായത്.
ഇതിന്റെ ഫലമായി വെള്ളവും ചെളിയും അവശിഷ്ടങ്ങളും എല്ലാം ചേർന്നാണ് താഴേക്ക് കുത്തിയൊഴുകുകയും നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമായ നാശനഷ്ടം വരുത്തുകയും ചെയ്തത്. വീടുകളും വാഹനങ്ങളും ഒഴുക്കിൽപ്പെട്ടു, റോഡുകളും പാലങ്ങളും തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു. പ്രളയം ജലവൈദ്യുത പദ്ധതികളെയും ബാധിച്ചു.
ഈ ദുരന്തം വലിയൊരു ദുരിതാശ്വാസ, പുനർനിർമാണ വെല്ലുവിളിയാണ് നേപ്പാളിന് മുന്നിൽ അവശേഷിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യം കനത്ത പ്രളയത്തെ നേരിടുന്ന സാഹചര്യത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.
അതേസമയം, നേപ്പാൾ ദുരന്തത്തിൽപെട്ട നാല് ഇന്ത്യക്കാരെ ഇന്ന് റസൂവ തുരങ്കത്തിൽനിന്ന് രക്ഷപ്പെടുത്തി. 88 ഇന്ത്യക്കാരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. 128 ഇന്ത്യൻ വംശജരെ കാണാതായിട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള ഫോറൻസിക് സംഘം വൈകാതെ നേപ്പാളിലേക്ക് തിരിക്കും. മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനയിൽ സഹായിക്കുന്നതിനായാണ് സംഘം നേപ്പാളിലേക്ക് പോകുന്നത്.
Content Highlights: Nepal President Ram Chandra Paudel expressed deep gratitude to India for its prompt support and solidarity following the August 2026 flash flood. The disaster, caused by an ice-rock avalanche near the Nepal-Tibet border, resulted in 626 deaths in Nepal. Prime Minister Narendra Modi assured full assistance from India for rescue, relief, and reconstruction efforts. Indian forensic teams are set to arrive in Nepal to assist with DNA testing of victims, while rescue operations continue.
Published: 29 Aug 2026, 08:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented