കാഠ്മണ്ഡു: നാലുഭാഗത്തും ആർത്തലച്ചെത്തുന്ന പ്രളയജലം. സമീപത്തെ വീടുകളും വഴിയും കെട്ടിടങ്ങളുമെല്ലാം വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. അതിനിടയിൽ ഒരു കെട്ടിടവും അതിന്റെ രണ്ടാംനിലയിൽ കുഞ്ഞുകുടുംബവും മഹാപ്രവാഹത്തെ അതിജീവിച്ചതിനെ അദ്ഭുതം എന്നേ വിശേഷിപ്പിക്കാനാകൂ! രണ്ടാംനിലവരെ വെള്ളവും കല്ലുംചെളിയും കുത്തിയൊലിച്ച് എത്തിയപ്പോഴും നിലംപൊത്താതെനിന്ന ആ വീടും അതിനകത്തെ ജീവനുകളും നേപ്പാൾ പ്രളയത്തിലെ അവിസ്മരണീയ ചിത്രമായി മാറി. 

To advertise here,

കെട്ടിടത്തിന്റെ രണ്ടുഭാഗത്തുകൂടെയും ചെളിവെള്ളം ആർത്തലച്ചു കടന്നുപോകുന്നത് ദൃശ്യങ്ങളിൽ കാണാം. ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നു തോന്നുന്ന മൂന്നുപേരെയും കാണാം. ഇടയ്ക്ക് കുട്ടിയുടെ കരച്ചിലും ഉയരുന്നുണ്ട്. വീട് തകർന്നാൽ ഇവരെല്ലാം കനത്ത ഒഴുക്കിലേക്കാണ് വീഴുക. ഇടയ്ക്ക് വെള്ളം കുതിച്ചുകയറി രണ്ടാംനിലവരെ എത്തുന്നുമുണ്ട്. മൂവരും രക്ഷപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സമീപത്തെ കെട്ടിടങ്ങളെല്ലാം തകർന്നടിഞ്ഞിട്ടും ഈ കെട്ടിടം മാത്രം എങ്ങനെ അതിജീവിച്ചു എന്ന ചോദ്യത്തിന് പിന്നിൽ ഫ്‌ളൂയിഡ് ഡയനാമിക്‌സിന്റെ (fluid dynamics- ദ്രാവക ഗതിവിഗതികളുടെ) ശാസ്ത്രീയ തത്വങ്ങളാണുള്ളതെന്ന വാദമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത് അനുസരിച്ച്, കനത്ത ഒഴുക്കിന് തടസ്സമായിനിന്ന ഈ കെട്ടിടം മർദ്ദവ്യതിയാനവും ജലപ്രവാഹത്തിനുണ്ടാക്കിയ പ്രതിരോധവും കാരണം ഒരു 'ബ്ലഫ് ബോഡി' ആയി പ്രവർത്തിക്കുകയായിരുന്നു.

ഇത് കുതിച്ചെത്തിയ ചെളി നിറഞ്ഞ ജലപ്രവാഹത്തെ വഴിതിരിച്ചുവിടുകയും കെട്ടിടത്തിന് ചുറ്റും ശാന്തമായ മേഖലകൾ (calmer zones) രൂപപ്പെടുന്നതിനും കാരണമായിരിക്കാം. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ജലം ഒഴുകുന്നത് വീടിനു ചുറ്റുമാണെന്ന് തോന്നുകയും ചെയ്യും. ഇത് ഏതെങ്കിലും തരത്തിലുള്ള കാലാവസ്ഥാ പ്രതിഭാസമല്ല, മറിച്ച് ഫ്‌ളൂയിഡ് ഡയനാമിക്‌സിന്റെ സ്വാഭാവിക പ്രതിഭാസമാണെന്നതാണ് ഉയരുന്ന വാദം.