യാങ്കൂൺ: പതിനെട്ടിനും 35-നുമിടയിൽ പ്രായമുള്ള പുരുഷന്മാരെ ജോലി ആവശ്യങ്ങൾക്കായി രാജ്യത്ത് നിന്നും പുറത്ത് പോകാൻ അനുവദിക്കാതെ മ്യാന്മാറിലെ സൈനിക സർക്കാർ. നിർബന്ധിത സൈനികസേവനത്തിന്റെ ഭാ​ഗമാകേണ്ടി വരുമെന്ന ആശങ്കയ്ക്ക് പിന്നാലെ നിരവധിപേർ പലായനം ചെയ്യാൻ ശ്രമിച്ചതിന് പിന്നാലെയാണ് നടപടി. 

To advertise here,

മുമ്പ് മ്യാന്മാർ പൗരന്മാർക്ക് മറ്റ് രാജ്യങ്ങളിൽ ജോലിക്കായി പോകുന്നതിന് അനുവാദമുണ്ടായിരുന്നു. എന്നാൽ, വിദേശ തൊഴിൽ പെർമിറ്റിനായി പുരുഷന്മാരിൽ നിന്നുള്ള അപേക്ഷകൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നതായി അധികൃതർ വ്യാഴാഴ്ച അറിയിച്ചു. ഇതോടെ, ഏഷ്യയിലെ മറ്റ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മ്യാന്മാർ പൗരന്മാരും ആശങ്കയിലാണ്. 

രാജ്യത്ത് തുടർന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധത്തിൽ അട്ടിമറിയിലൂടെ രാജ്യത്ത് അധികാരത്തിലേറിയ സൈനിക സർക്കാരിനെതിരായ എതിർപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ.

2024 ഫെബ്രുവരിയിൽ തന്നെ നിർബന്ധിത സൈനിക സേവനവുമായി ബന്ധപ്പെട്ട നിയമനങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരുന്നു. 18-നും 35-നും ഇടയിലുള്ള പുരുഷന്മാരും 18-നും 27-നും ഇടയിലുള്ള സ്ത്രീകളും സൈന്യത്തിൽ ചേരാൻ ബാധ്യസ്ഥരാണ്. 

ഇതോടെ, മൂന്ന് മാസത്തിനിടെ ഒരു ലക്ഷത്തിലധികം പുരുഷന്മാരാണ് വിദേശ തൊഴിൽ പെർമിറ്റിനായ അപേക്ഷിച്ചത്. രാജ്യത്ത് നിന്നും പുറത്തുപോകാനാകാത്തതിൽ രാജ്യത്തെ യുവാക്കൾ ഏറെ ആശങ്കയിലാണെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. 

ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സ്യൂചിയുടെ സർക്കാരിനെ 2021 ഫെബ്രുവരിയിൽ അട്ടിമറിച്ചാണ് പട്ടാളം അധികാരത്തിലേറിയത്. ഇതോടെ, ജനങ്ങൾക്കുനേരെയുള്ള പട്ടാളഭരണകൂടത്തിന്റെ  അതിക്രമങ്ങളും നീതിനിഷേധങ്ങളും രൂക്ഷമായിരുന്നു.