ടെഹ്റാൻ: ആയത്തുള്ള അലി ഖമനേയിയുടെ പിൻഗാമിയായി മൊജ്തബ ഖമനേയിയെ ഇറാനിലെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു. ആയത്തുള്ള ഖമനേയിയുടെ രണ്ടാമത്തെ മകനാണ് മൊജ്തബ. പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള 88 അംഗ സമിതിയാണ് അദ്ദേഹത്തെ ആയത്തുള്ള അലി ഖമനേയിയുടെ പിൻഗാമിയായി പ്രഖ്യാപിച്ചത്. ടെഹ്‌റാൻ സമയം അർധരാത്രിയോടെയാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

To advertise here,

ഈ പ്രഖ്യാപനത്തോടെ രാജ്യത്തെ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം കൈകൊള്ളുന്നതിനുള്ള അധികാരമാണ് മൊജ്തബയ്ക്ക് ലഭിച്ചിരിക്കുന്നത്. പരമോന്നത നേതാവ് എന്ന പദവി ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ, മതപരമായ അധികാരമാണ്. എല്ലാ രാഷ്ട്രീയ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കുന്നത് പരമോന്നത നേതാവാണ്. പുതിയ നേതാവിനെ സംബന്ധിച്ച തീരുമാനം വിദഗ്ധ സമിതി എടുത്തിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.

ആയത്തുള്ള അലി ഖമനേയിയുടെ ആറ് മക്കളിൽ രണ്ടാമനാണ് 56-കാരനായ മൊജ്തബ ഖമനേയി. 17-ാം വയസിൽ ഇറാൻ സൈന്യമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോറിൽ (ഐആർജിസി) ചേർന്ന മൊജ്തബ ഇറാൻ-ഇറാഖ് യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. ഐആർജിസി ഹബീബ് ബറ്റാലിയന്റെ ഭാഗമായിരുന്നു മൊജ്തബ. ഇറാൻ ഭരണകൂടത്തിലെ പലരും മോജ്തബയെ അദ്ദേഹത്തിന്റെ പിതാവിന്റെ പിൻഗാമിയായി പ്രതീക്ഷിച്ചിരുന്നു.

ഖമനേയിയുടെ പിൻഗാമി ആരാണെങ്കിലും അവരെ വേട്ടയാടുമെന്നായിരുന്നു ഇസ്രയേൽ മുഴക്കിയിട്ടുള്ള ഭീഷണി. അതുപോലെ തന്നെ ഇറാനിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് ഒരു പങ്കുണ്ടാകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണിയും നിലനിൽക്കുന്നുണ്ട്. ആയത്തുള്ള അലി ഖമനേയിയുടെ മകനായ മൊജ്തബ ഖമനേയി അസ്വീകാര്യനാണെന്നും അദ്ദേഹം ദുർബലനാണെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

ഇറാനിയൻ ഭരണഘടന പ്രകാരം, രാജ്യത്തിന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാൻ അധികാരമുള്ളത് 88 അംഗ വിദഗ്ദ്ധ സമിതിക്കാണ്. ഈ സമിതിയിലെ എല്ലാവരെയും വേട്ടയാടുമെന്നും ഇസ്രയേൽ സൈന്യത്തിന്റെ ഭീഷണിയുണ്ട്. 'പിൻഗാമിയെ തിരഞ്ഞെടുക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു, നിങ്ങളെയും ലക്ഷ്യം വയ്ക്കാൻ ഞങ്ങൾ മടിക്കില്ല. ഇതൊരു മുന്നറിയിപ്പാണ്!' ഇസ്രയേൽ സൈന്യം ഞായറാഴ്ച പേർഷ്യൻ ഭാഷയിൽ എക്സിൽ കുറിച്ചു.