ടിയാൻജിൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവയുദ്ധത്തെ നേരിടാനുള്ള ഇന്ത്യയുടെ ശ്രമത്തിൽ നിർണായകമെന്നു കരുതുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈനാ സന്ദർശനം ശനിയാഴ്ച തുടങ്ങി. ഏഴുവർഷത്തിനുശേഷമാണ് മോദി ചൈനയിലെത്തുന്നത്.

To advertise here,

ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണസംഘത്തിന്റെ (എസ്‍സിഒ) വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന അജൻഡ. എന്നാൽ, യുഎസ് തീരുവയുടെ പശ്ചാത്തലത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി ഞായറാഴ്ച മോദി കൂടിക്കാഴ്ചനടത്തും. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമ്പദ്‍വ്യവസ്ഥകളെന്നനിലയിൽ ആഗോളസാമ്പത്തികക്രമത്തിൽ സ്ഥിരതകൊണ്ടുവരാൻ ഇന്ത്യ-ചൈന സാമ്പത്തികസഹകരണം അതിപ്രധാനമാണെന്ന് ജപ്പാൻസന്ദർശനവേളയിൽ മോദി പറഞ്ഞിരുന്നു. കിഴക്കൻ ലഡാക്കിലെ അതിർത്തിസംഘർഷവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ വഷളായ ബന്ധം സാധാരണനിലയിലാക്കുക എന്നതും ചർച്ചയുടെ ലക്ഷ്യമാണ്.

എസ്‍സിഒ ഉച്ചകോടിക്കെത്തുന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനുമായും മറ്റ് രാഷ്ട്രനേതാക്കളുമായും മോദി കൂടിക്കാഴ്ചനടത്തും. 20-ലേറെ രാഷ്ട്രനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ട്രംപിന്റെ തീരുവ ഇന്ത്യയുടെ കയറ്റുമതിയെയും വിപണിയെയും ബാധിച്ചിരിക്കെ ദക്ഷിണേഷ്യയിൽ ചൈന, ജപ്പാൻ, റഷ്യ എന്നീ രാജ്യങ്ങളുമായിച്ചേർന്ന് പുതിയ സാമ്പത്തികചേരിയുണ്ടാക്കാനും വിതരണശൃഖലകളും നിക്ഷേപവും തുറക്കാനുമാണ് ഇന്ത്യയുടെ ശ്രമം. ഈ മാസം അതിർത്തിചർച്ചകൾക്കായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യ സന്ദർശിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ റഷ്യയിലെ കസാനിൽനടന്ന എസ്‍സിഒ ഉച്ചകോടിക്കിടെ മോദിയും ഷിയും തമ്മിൽനടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ മഞ്ഞുരുക്കമുണ്ടായത്. 2018-ലായിരുന്നു ഇതിനുമുൻപ്‌ മോദി ചൈന സന്ദർശിച്ചത്. ഇന്ത്യയിലേക്ക് 6800 കോടി ഡോളറിന്റെ നിക്ഷേപത്തിന് വഴിയൊരുക്കിയ ജപ്പാൻ സന്ദർശനത്തിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ ചൈനായാത്ര.