മാഡ്രിഡ്: ചൈനയുടെ മുൻ ഭരണാധികാരി മാവോ സേതുങ്ങുമായി ബന്ധപ്പെട്ട മീം പരാമർശത്തെ തുടർന്നുണ്ടായ ശക്തമായ പ്രതിഷേധങ്ങൾക്ക് ശേഷം ചൈനയിലെ ആരാധകരോട് പരസ്യമായി മാപ്പുപറഞ്ഞ് ഫ്രഞ്ച് ഫുട്‌ബോൾ താരം കിലിയൻ എംബാപ്പെ.
താൻ നടത്തിയ പരാമർശം ചിന്താശൂന്യമായിരുന്നുവെന്നും ചൈനയിലും ലോകത്തെമ്പാടുമുള്ള ചൈനീസ് സമൂഹങ്ങളിലും ആളുകളുടെ വികാരത്തെ അത് വ്രണപ്പെടുത്തിയതായി മനസിലാക്കുന്നുവെന്നും എംബാപ്പെ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ആരെയും വേദനിപ്പിക്കാൻ താൻ ഉദേശിച്ചിരുന്നില്ലെന്നും ചൈനയിലെ ജനങ്ങളോടും അവരുടെ ചരിത്രത്തോടും തനിക്ക് ആഴത്തിലുള്ള ബഹുമാനമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
തന്റെ മുഖം ഉൾപ്പെടുത്തി നിർമിച്ച ഇന്റർനെറ്റ് മീമുകളെക്കുറിച്ച് എംബാപ്പെ സംസാരിക്കുന്ന ഒരു വീഡിയോ ആണ് വിവാദങ്ങൾക്ക് കാരണമായത്. മീമുകളിൽ ഏതാണ് പ്രിയപ്പെട്ടതെന്ന് ചോദിച്ചപ്പോൾ, 'ചൈനീസ് ഏകാധിപതിയാണെന്ന് കരുതുന്ന ഒരാളുടെ ശരീരത്തിൽ തന്റെ മുഖം ചേർത്ത മീം' എന്ന് എംബാപ്പെ മറുപടി നൽകുകയായിരുന്നു. ഇതിനു പിന്നാലെ 1949 മുതൽ 1976-ൽ മരിക്കുന്നത് വരെ ചൈനയെ നയിച്ച മാവോ സേതുങ്ങിന്റെ ശരീരത്തിൽ എംബാപ്പെയുടെ മുഖം ചേർത്തുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
വെയ്ബോ അടക്കമുള്ള ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇതിനെതിരേ വൻ പ്രതിഷേധമുയരുകയും താരത്തെയും അദ്ദേഹവുമായി ബന്ധപ്പെട്ട ബ്രാൻഡുകളെയും ബഹിഷ്‌കരിക്കാൻ ആഹ്വാനമുണ്ടാകുകയും ചെയ്തു. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുനും സംഭവത്തിൽ വിയോജിപ്പ് വ്യക്തമാക്കി രംഗത്തെത്തി.
ഇതോടെ മൂന്ന് പ്രമുഖ ചൈനീസ് ബ്രാൻഡുകൾ താരവുമായുള്ള കരാറുകൾ റദ്ദാക്കി. ഊർജ്ജ പാനീയ നിർമ്മാതാക്കളായ ഡോങ്പെങ് ബെവറേജ്, ക്ഷീര കമ്പനിയായ മെങ്നിയു, ചീസ് ഉത്പന്ന നിർമാതാക്കളായ മിൽക്ക് ഗ്രൗണ്ട് എന്നിവരാണ് എംബാപ്പെയുമായുള്ള സഹകരണം അവസാനിപ്പിച്ചത്. ചൈനയിലെ സ്റ്റേറ്റ് ടെലിവിഷൻ എംബാപ്പെയുടെയും ലാലിഗയുടെയും മത്സരങ്ങളും പരിപാടികളും സംപ്രേക്ഷണം ചെയ്യുന്നത് നിർത്തിവെക്കുകയും പരസ്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.
ഇതോടെയാണ് എംബാപ്പെ തന്നെ പരസ്യമായി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. സംഭവത്തിൽ ലാലിഗയും ചൈനീസ് ആരാധകരോട് ക്ഷമാപണം നടത്തുകയും എംബാപ്പെയുടെ പരാമർശം വ്യക്തിപരമാണെന്നും ലാലിഗയെയോ ക്ലബ്ബുകളെയോ പ്രതിനിധീകരിക്കുന്നില്ലെന്നും വ്യക്തമാക്കുകയും ചെയ്തു. ലാലിഗ പ്രസിഡന്റ് ജാവിയർ ടെബാസും വ്യക്തിപരമായി മാപ്പുപറയുകയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബോധവത്കരണവും ആശയവിനിമയ പ്രോട്ടോക്കോളും നടപ്പിലാക്കുമെന്ന് അറിയിക്കുകയും ചെയ്തു.
Content Highlights: Kylian Mbappe apologized to Chinese fans after a controversial meme remark about Mao Zedong., The controversy led to major Chinese brands terminating their contracts with Mbappe., Chinese state television suspended broadcasts of Mbappe and La Liga matches., La Liga and its president Javier Tebas also issued apologies regarding the incident.
Published: 27 Oct 2026, 07:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented