ബെൽഗ്രേഡ്: സെർബിയയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിദ്യാർഥിക്കൂട്ടായ്മയായ ‘സ്റ്റുഡന്റ് ലിസ്റ്റി’ന് ചരിത്രവിജയം. ഞായറാഴ്ച പരാജയം സമ്മതിച്ചതോടെ, പ്രസിഡന്റ് അലക്സാണ്ടർ വൂസിച്ചിന്റെ ഒരുപതിറ്റാണ്ടുനീണ്ട ഭരണത്തിന് അന്ത്യമായി. രണ്ടുവർഷമായി തുടരുന്ന ജനകീയ പ്രതിഷേധങ്ങളുടെ ഫലമായാണ് സെർബിയ പുതുയുഗത്തിലേക്ക് കടന്നത്.

‘‘തിരഞ്ഞെടുപ്പിൽ ഞങ്ങൾ പരാജയപ്പെട്ടു. സ്റ്റുഡന്റ് ലിസ്റ്റ് വിജയിച്ചു’’ - വോട്ടെണ്ണൽ പൂർത്തിയാകുംമുൻപുതന്നെ അലക്സാണ്ടർ വൂസിച്ച് പ്രസ്താവനയിറക്കി.

To advertise here,

250 അംഗ പാർലമെന്റിൽ 140 സീറ്റ് സ്റ്റുഡന്റ് ലിസ്റ്റും 105 സീറ്റ് വൂസിച്ചിന്റെ  പാർട്ടിയും നേടിയെന്നാണ് പ്രാഥമികഫലം സൂചിപ്പിക്കുന്നത്. വിദ്യാർഥിക്കൂട്ടായ്മ 52.6 ശതമാനം വോട്ടുനേടിയപ്പോൾ 40 ശതമാനത്തിൽ താഴെയാണ് വൂസിച്ചിന് കിട്ടിയത്. 2024 നവംബറിൽ സെർബിയയിലെ നോവി സാഡിലെ ഒരു റെയിൽവേസ്റ്റേഷന്റെ മേൽക്കൂര തകർന്ന് 16 പേർ മരിച്ചതോടെയാണ് രാജ്യത്ത് ജനകീയ പ്രതിഷേധം തുടങ്ങിയത്.