ടെഹ്‌റാൻ: തന്ത്രപ്രധാന ചരക്കിടനാഴിയായ ഹോർമുസ് കടലിടുക്കിനുസമീപം വീണ്ടും കപ്പലിനുനേരേ മിസൈൽ ആക്രമണം. 29 ഇന്ത്യൻ നാവികരുൾപ്പെടെ 30 ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന ‘ദിശ’ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

To advertise here,

വി.എച്ച്.എഫ്. മാരിടൈം റേഡിയോ ചാനൽ വഴി ലഭിച്ച അപായസന്ദേശത്തിന്റെ ശബ്ദരേഖ ആധാരമാക്കി ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ ആണ് ആക്രമണവിവരം റിപ്പോർട്ടുചെയ്തത്. യു.എസിന്റെ നാവിക ഉപരോധം മറികടന്ന് ഇറാനിയൻ തുറമുഖം ലക്ഷ്യമിട്ട് നീങ്ങിയ കപ്പലിന്റെ എൻജിൻ റൂമിലാണ് മിസൈലേറ്റതെന്നാണ് റിപ്പോർട്ടുകൾ.

ഇറാനും യു.എസും അന്യോന്യം ആക്രമണം പുനരാരംഭിച്ചതിനുപിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിരുന്നു. പിന്നാലെ ഇറാനിലേക്ക് കപ്പലുകളുടെ പോക്കുവരവ് തടയാനായുള്ള നാവിക ഉപരോധം യു.എസും പുനഃസ്ഥാപിച്ചു.

കപ്പലാക്രമണങ്ങളുമായി ബന്ധപ്പെട്ട് ഹോർമുസ് കടലിടുക്ക് സംഘർഷഭരിതമായ സാഹചര്യത്തിൽ ഈ മേഖലയിൽ സർവീസ് നടത്തുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ കപ്പൽക്കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു.

ആഗോള ഷിപ്പിങ് മേഖലയിൽ നാവികരെ സംഭാവനചെയ്യുന്നതിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഒരാഴ്ചമുൻപുണ്ടായ കപ്പലാക്രമണങ്ങളിൽ രണ്ട് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ഗൾഫ് മേഖലയിൽ ജോലിചെയ്യുന്ന 18,000 ഇന്ത്യൻ നാവികരിൽ 15,000 പേർ ഹോർമുസിന്റെ പടിഞ്ഞാറുഭാഗത്ത് കുടുങ്ങിക്കിടക്കുകയാണ്.

ഹോർമുസിന്റെ സമ്പൂർണ അധികാരികൾ തങ്ങളാണെന്നുപറയുന്ന ഇറാൻ, കപ്പൽ ഗതാഗതത്തിന് പ്രത്യേക പാതയൊരുക്കിയിട്ടുണ്ട്. ഇതിലൂടെയല്ലാതെ കടലിടുക്കിന്റെ ഒമാൻ തീരത്തുകൂടെ പോകുന്ന കപ്പലുകളെ ആക്രമിച്ചുവരുന്നു.

കപ്പലാക്രമണം: ഇറാന്റെ ആസ്തികളുപയോഗിച്ച് നഷ്ടപരിഹാരം -ട്രംപ്

ഇറാനുമായുള്ള ഏറ്റുമുട്ടലുകളിൽ കപ്പലുകൾക്കോ ചരക്കുകൾക്കോ സംഭവിക്കുന്ന എല്ലാ നാശനഷ്ടങ്ങൾക്കും പരിഹാരമായി അമേരിക്കയുടെ കൈവശമുള്ളതോ നിയന്ത്രണത്തിലുള്ളതോ ആയ ഇറാന്റെ ആസ്തികൾ ഉപയോഗപ്പെടുത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

മറ്റൊരു രാജ്യത്തിന്റെ ആസ്തികൾ പിടിച്ചെടുക്കുന്നത് പ്രകോപനപരമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.

ഇറാന്റെ 10,000 കോടി ഡോളറോളം വരുന്ന ആസ്തികളാണ് വിദേശരാജ്യങ്ങളിൽ മരവിപ്പിച്ചിട്ടുള്ളത്. ഈ ആസ്തികൾ വിട്ടുകിട്ടണമെന്നത് സമാധാനക്കരാറിലെ ഇറാന്റെ പ്രധാന ആവശ്യമാണ്.
വെടിനിർത്തൽ നിർദേശം തള്ളി ഇറാൻ 

ടെഹ്‌റാൻ: യു.എസ്. മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം ഇറാൻ തള്ളി. ഹോർമുസ് വിഷയത്തിൽ അന്തിമതീർപ്പുണ്ടാക്കാത്ത ഈ ഇടക്കാലകരാറിനോട് താത്പര്യമില്ലെന്ന് ഇറാൻ പറഞ്ഞതായി ഇറാഖി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുചെയ്തു.

പരിഷ്‌കരിച്ച വെടിനിർത്തൽക്കരാർ രേഖ ഇറാഖി പ്രധാനമന്ത്രി അലി അൽ സൈദി മുഖേനയാണ് യു.എസ്. ഇറാൻ നേതൃത്വത്തിനു കൈമാറിയതെന്നാണ് വിവരം. വ്യാഴാഴ്ച അൽ സൈദി ഇറാൻ സന്ദർശിച്ചിരുന്നു. യു.എസിലെത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ദിവസങ്ങൾക്കകമായിരുന്നു അത്.

ഇറാനെതിരേയുള്ള ആക്രമണത്തിന് ഇറാഖിന്റെ ഭൂപ്രദേശങ്ങൾ വിട്ടുനൽകില്ലെന്ന് സൈദി പറഞ്ഞു. ഇറാൻ ഇതുവരെ ആവശ്യത്തിന് വേദന അനുഭവിച്ചിട്ടില്ലെന്നും അവർക്കെതിരേ ‘ഒാപ്പറേഷൻ എപിക് ഫ്യൂറി’യേക്കാൾ ശക്തമായ സൈനികനടപടി പരിഗണനയിലുണ്ടെന്നും ആക്‌സിയോസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

അമേരിക്കൻ സൈന്യം ഇറാനിൽ കരയാക്രമണത്തിന് മുതിരുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണിത്. കപ്പലാക്രമണം തുടർന്നാൽ സൈനികമായി കനത്തശിക്ഷ നൽകുമെന്ന് ഇറാന്റെ പിന്തുണയുള്ള യെമെനിലെ ഹൂതിവിമർക്ക് ട്രംപ് മുന്നറിയിപ്പുനൽകി.

തങ്ങളുടെ പ്രതിരോധനയം ‘കണ്ണിനു കണ്ണാ’ണെന്നു പറഞ്ഞ ഇറാന് മറുപടിയായി ട്രംപിന്റെ നയം ‘കണ്ണിനുപകരം തല’യെന്നാണെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ യു.എസ്. ഇറാനിൽ തുടർച്ചയായ 13-ാംഘട്ട ആക്രമണം നടത്തി. ഖ്വെഷം ദ്വീപിലും ബന്ദാർ അബ്ബാസിലും സ്‌ഫോടനമുണ്ടായി. അഹ്‍വാസിൽ നാലുപേർ മരിച്ചു. മറുപടിയായി യു.എസ്. താവളം ലക്ഷ്യമിട്ട് ബഹ്‌റൈനിലും വടക്കൻ ഇറാഖിലെ ഇർബിലും ഇറാൻ ആക്രമണമുണ്ടായി.