ന്യൂയോർക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ രേഖകളിൽ സിനിമാ സംവിധായികയും ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ മാതാവുമായ മീര നായരുടെ പേരുള്ളതായി റിപ്പോർട്ട്. എപ്സ്റ്റീന്റെ ജീവിത പങ്കാളിയും ലെെംഗിക കുറ്റവാളിയുമായ ഗിസ്ലൈൻ മാക്‌സ്‌വെല്ലുമായി ബന്ധപ്പെട്ട ഒരു സാമൂഹിക പരിപാടിയെക്കുറിച്ചുള്ള ഇമെയിലിലാണ് മീരയുടെ പേര് പ്രത്യക്ഷപ്പെട്ടത്.

To advertise here,

അമേരിക്കൻ നീതിന്യായ വകുപ്പിന്റെ പുറത്തിറക്കിയ എപ്സ്റ്റീനുമായി ബന്ധപ്പെട്ട അവസാനവട്ട രേഖകളിലാണ് മീരയുടെ പേരുള്ളത്. ധനകാര്യ വിദഗ്ദ്ധനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വലിയ തോതിലുള്ള അന്വേഷണ സാമഗ്രികളുടെ ഭാഗമാണ് ഈ രേഖകൾ. എപ്സ്റ്റീനെയും അദ്ദേഹത്തിന്റെ ശൃംഖലയെയും കുറിച്ചുള്ള 30 ലക്ഷത്തിലധികം പേജുകൾ, ആയിരക്കണക്കിന് വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടെയുള്ള രേഖകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

21, 2009 ഒക്ടോബർ 21-ന് എപ്സ്റ്റീന് പെഗ്ഗി സിഗൽ അയച്ച ഒരു ഇമെയിലിൽ ആണ് മീര നായരുടെ പേരുള്ളത്. ഇത് മീര സംവിധാനം ചെയ്ത 'അമേലിയ' എന്ന സിനിമയുമായി ബന്ധപ്പെട്ട് മാക്‌സ്‌വെല്ലിന്റെ വീട്ടിൽ നടന്ന പാർട്ടിക്ക് ശേഷമുള്ളതാണെന്ന് അവർ അറിയിച്ചു. 'ജിസ്‌ലൈനിന്റെ വീട്ടിൽനിന്ന് ഇപ്പോൾ ഇറങ്ങി... സിനിമയുടെ പാർട്ടിക്കു ശേഷം. ബിൽ ക്ലിന്റനും ജെഫ് ബെസോസും അവിടെ ഉണ്ടായിരുന്നു... ജീൻ പിഗോസി, സംവിധായക മീര നായർ... തുടങ്ങിയവർ.' ഇതാണ് ഇ മെയിൽ സന്ദേശം.

എന്നാൽ തെറ്റായ ഒരു പ്രവൃത്തിയും ഇമെയിൽ ആരോപിക്കുന്നില്ല. രാഷ്ട്രീയ, വ്യാപാര, വിനോദ രംഗങ്ങളിലെ ഉയർന്ന പ്രൊഫൈൽ വ്യക്തികളുമായി എപ്സ്റ്റീന് ഉണ്ടായിരുന്ന ആശയവിനിമയങ്ങളെയും സാമൂഹിക ബന്ധങ്ങളെയും കുറിച്ച് ഫയലുകൾ വെളിച്ചം വീശിയതായി നീതിന്യായ വകുപ്പ് പറഞ്ഞു. എന്നാൽ ഇരകളെയും പ്രധാനപ്പെട്ട വിവരങ്ങളും സംരക്ഷിക്കുന്നതിനായി ചില ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

സർക്കാർ രേഖകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പൊതുജനങ്ങളുടെയും രാഷ്ട്രീയക്കാരുടെയും നിരന്തര സമ്മർദ്ദത്തിന് ശേഷം പാസാക്കിയ എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് വഴിയാണ് ഈ വെളിപ്പെടുത്തലുകൾ. 2019 ഓഗസ്റ്റിൽ ലൈംഗിക കടത്ത് കേസിൽ വിചാരണ നേരിടുന്നതിന് മുമ്പുതന്നെ ജെഫ്രി എപ്സ്റ്റീൻ ന്യൂയോർക്ക് ജയിൽ മുറിയിൽ തൂങ്ങിമരിച്ചു.