അമേരിക്കൻ കോടീശ്വരനും ലൈംഗിക കുറ്റകൃത്യക്കേസുകളിൽ പിടിയിലായ ശേഷം ജയിലിൽ മരിച്ച നലിയിൽ കണ്ടെത്തിയ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും അടങ്ങിയിട്ടില്ല. ഇതിനിടെ, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി എപ്സ്റ്റീനൊപ്പമുള്ള ഫോട്ടോ എന്ന പേരിൽ ഒരു ചിത്രം ‘എക്സി’ൽ പ്രചരിക്കാൻ തുടങ്ങി. എന്നാൽ, ഈ വൈറൽ ചിത്രം യഥാർത്ഥത്തിലുള്ളതല്ല എന്നതാണ് വാസ്തവം.

To advertise here,

തീവ്ര വലതുപക്ഷ ഹാൻറിലുകളാണ് എപ്സ്റ്റീനുമായി സോണിയ കൂടിക്കാഴ്ച നടത്തിയതിൻറേതെന്ന വാദത്തോടെ ഈ ചിത്രം പ്രചരിപ്പിക്കുന്നത്. നേരത്തെ, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും ജെഫ്രി എപ്സ്റ്റീനും തമ്മിൽ ബന്ധമുണ്ടായിരുന്നു എന്ന വിവരം പുറത്ത് വന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. യു.എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളിൽ പുരിയുടെ പേരും ഇരുവരും തമ്മിൽ നടത്തിയ ഇമെയിൽ ഇടപാടുകളും ഉൾപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. മുൻ നയതന്ത്രജ്ഞനും ബി.ജെ.പി നേതാവുമായ ഹർദീപ് സിങ് പുരി, മുൻപ് ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായിട്ടാണ് എപ്സ്റ്റീനെ കണ്ടതെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇരുവരും സ്വകാര്യ കൂടിക്കാഴ്ച നടത്തിയതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നു.

ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് സോണിയ ഗാന്ധിയും ജെഫ്രി എപ്സ്റ്റീനും ഒന്നിച്ച് ഇരിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. പുരി- എപ്സ്റ്റീൻ സ്വകാര്യ കൂടിക്കാഴ്ച ചിത്രങ്ങൾ പ്രതിപക്ഷ പാർട്ടികൾ പുറത്തുവിട്ടത് വാർത്താ മാധ്യമങ്ങളെല്ലാം തന്നെ ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ചിത്രങ്ങൾ പരിശോധിച്ചാൽ അതേ പശ്ചാത്തലത്തിൽ തന്നെ കേന്ദ്രമന്ത്രിയുടെ സ്ഥാനത്ത് സോണിയയെ ഉൾപ്പെടുത്തിയുള്ള ഫോട്ടോകളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് കാണാം. സോണിയ വ്യത്യസ്ത വേഷങ്ങളിലുള്ള ചിത്രങ്ങളും ഇത്തരത്തിലുണ്ട്.

യഥാർത്ഥ ചിത്രത്തിൽ എപ്സ്റ്റീന് എതിരായി ഇരുന്നത് ഹർദീപ് സിങ് പുരിയാണ്‌. ഈ ചിത്രത്തിൽനിന്നു പുരിയുടെ രൂപത്തിന് പകരം സോണിയ ഗാന്ധിയുടെ ചിത്രം AI സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി കൂട്ടിച്ചേർക്കുകയായിരുന്നു. എഐ ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലഭ്യമായ തെളിവുകൾ അനുസരിച്ച്, രാഷ്ട്രീയ ലക്ഷ്യങ്ങളോടെയും തെറ്റിദ്ധാരണ പരത്തുന്നതിനുമായാണ് എഐ നിർമ്മിത ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് എന്ന നിഗമനത്തിലെത്താം.