അലി ഖമേനിയുടെ മൂത്ത മകനായ മൊസ്തഫ ഖമേനിയുടെ മകനാണ് മുഹമ്മദ് ജവാദ്

ടെഹ്റാൻ: ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത മുഖംമൂടി ധരിച്ച അജ്ഞാതവ്യക്തിയേക്കുറിച്ചുള്ള ദുരൂഹതയൊഴിഞ്ഞു. കറുത്ത മാസ്‌കും തൊപ്പിയും ധരിച്ച് മുൻനിരയിൽ ഇരുന്ന ഈ വ്യക്തി അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമേനിയാണെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഈ വ്യക്തി ഖമേനിയുടെ മൂത്ത ചെറുമകനായ മുഹമ്മദ് ജവാദ് ഖമേനിയാണെന്ന് പുതിയ റിപ്പോർട്ടുകൾ. ഖമേനിയുടെ മരണത്തിനിടയാക്കിയ വ്യോമാക്രമണത്തിൽ ജവാദിന്റെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റതിനാലാണ് അദ്ദേഹം മുഖംമറച്ചിരുന്നത്.
അലി ഖമേനിയുടെ മൂത്ത മകനായ മൊസ്തഫ ഖമേനിയുടെ മകനാണ് മുഹമ്മദ് ജവാദ്. അലി ഖമേനിയുടെ മരണത്തിനിടയാക്കിയ ഫെബ്രുവരി 28-ലെ യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ മുഹമ്മദ് ജവാദിന് മുഖത്ത് ഗുരുതരമായ പൊള്ളലേൽക്കുകയും പരുക്കുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ഈ മുറിവുകൾ മറയ്ക്കാനാണ് അദ്ദേഹം മുഖംമൂടി ധരിച്ചത്.
ചടങ്ങിലെ 'അജ്ഞാത' വ്യക്തി അദ്ദേഹത്തിന്റെ പിൻഗാമിയായ മൊജ്തബ ഖമേനി ആണെന്നായിരുന്നു ആദ്യംവന്ന വാർത്തകൾ. എന്നാൽ, മൊജ്തബയും ഈ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തതിനാൽ മൊജ്തബ ജീവനോടെ ഇല്ലെന്ന അഭ്യൂഹങ്ങളും ഇടക്കാലത്ത് സജീവമായി പ്രചരിച്ചിരുന്നു. എന്നാൽ, മൊജ്തബയ്ക്ക് സാരമായ വൈകല്യങ്ങൾ സംഭവിച്ചതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ആക്രമണം നടക്കുമ്പോൾ മൊജ്തബ പിതാവിനോടൊപ്പം ഒരേ വസതിയിലായിരുന്നു. എന്നാൽ, മറ്റൊരു മുറിയിലായിരുന്നതിനാൽ അദ്ദേഹം മരണത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ കൈകാലുകൾക്കും കൈത്തണ്ടയ്ക്കും പരുക്കേറ്റിരുന്നു.
അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണെന്ന് സൈപ്രസിലെ ഇറാൻ സ്ഥാനപതി അലിറേസ സലാരിയൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ ആക്രമണത്തിന് ശേഷം മൊജ്തബ ഖമേനി ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയോ പ്രസംഗങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല. ഇറാന്റെ സൈനിക മേധാവികളുമായും മുതിർന്ന പുരോഹിതന്മാരുമായും കൈപ്പടയിൽ എഴുതിയ സന്ദേശങ്ങൾ വഴിയാണ് ആശയവിനിമയം നടത്തുന്നത്.
സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ വൈകിയത്. ഫെബ്രുവരിയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലി ഖമേനിയുടെ മൃതദേഹം നാല് മാസത്തോളം ശീതീകരിച്ച് സൂക്ഷിച്ച ശേഷമാണ് മഷാദിൽ സംസ്‌കരിച്ചത്.
Content Highlights: Identifies the masked figure at Khamenei's funeral as his grandson, Mohammad Javad Khamenei., Explains the mask was worn to conceal severe facial burns from a February 28, 2026, airstrike., Clarifies that Mojtaba Khamenei is alive but severely injured and in medical treatment., Confirms the funeral was delayed for four months due to security protocols following the attack.
Published: 13 Jul 2026, 10:58 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented