വാഷിങ്ടൺ: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)ക്ക് പുറത്തുനിന്ന് സഹായധനം ലഭിക്കുന്നുണ്ടെന്ന ആരോപണവുമായി അമേരിക്കൻ ഗായിക മേരി മിൽബെൺ (Mary Millben). പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയുടെ ഭാവിക്കും എതിരായി നിൽക്കുന്ന യു.എസിലെ ചില കേന്ദ്രങ്ങളാണ് അഭിജീത് ദീപ്കെയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും സാമ്പത്തികമായി സഹായിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി.
ഇന്ത്യയിലെ യുവാക്കൾ ഈ ശക്തികൾക്കെതിരേ പ്രതിഷേധിക്കാൻ മുന്നോട്ടുവരണമെന്നും ആഹ്വാനം ചെയ്തു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും സി.ജെ.പി.യും ഡൽഹിയിൽ പ്രതിഷേധം നടത്തുന്ന പശ്ചാത്തലത്തിലാണ് മിൽബെണിന്റെ പ്രതികരണം.
മേരിയുടെ ആരോപണത്തിൽ പ്രതികരണവുമായി അഭിജീത് ദീപ്കെ രംഗത്ത് വന്നു. സ്വന്തം നാട്ടുകാരെത്തന്നെ അവഹേളിക്കാനായി മോദി എന്തിനാണ് അമേരിക്കക്കാരുടെ പിന്തുണ തേടുന്നത്? ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വിദേശ പൗരന്മാർക്ക് ആരാണ് അധികാരം നൽകിയത്? നമ്മുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നമുക്ക് പൂർണ്ണ ശേഷിയുണ്ട്. നമ്മുടെ രാജ്യത്തിന്റെ കാര്യങ്ങളിൽ പുറത്തുനിന്നുള്ളവരുടെ ഇടപെടൽ നമുക്ക് ആവശ്യമില്ല- എന്ന് അഭിജീത് ദീപ്കെ ട്വീറ്റ് ചെയ്തു. എന്നാൽ ഇതിന് മറുപടിയായി മേരി മിൽബണും രംഗത്ത് വന്നു.
സത്യം എല്ലാവരെയും സ്വതന്ത്രരാക്കുന്നു; നിങ്ങളെയും. സത്യം ഇതാണ്: നിങ്ങൾ പരാജയപ്പെടുന്ന നിമിഷം ഈ അമേരിക്കയിൽ നിന്ന് ഫണ്ട് തരുന്നവർ നിങ്ങളെ ഉപേക്ഷിക്കും. നിങ്ങൾ പരാജയപ്പെടുക തന്നെ ചെയ്യും, കാരണം നിയമലംഘനം ഒരിക്കലും വിജയിക്കില്ല. അതിനുപകരം, നിങ്ങളുടെ അമേരിക്കൻ വിദ്യാഭ്യാസവും കഴിവും നല്ല കാര്യങ്ങൾക്കായി വിനിയോഗിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുകയും ഇന്ത്യയുടെ പുരോഗതിക്കായി ക്രിയാത്മകമായ ശബ്ദമായി മാറുകയും ചെയ്യുക. ശരിയായത് ചെയ്യാനുള്ള നിങ്ങളുടെ ധൈര്യം തെളിയുന്നത് നിങ്ങളുടെ അടുത്ത നീക്കങ്ങളിലൂടെയായിരിക്കും.
പ്രധാനമന്ത്രിക്ക് അമേരിക്കൻ പിന്തുണയുടെ ആവശ്യമില്ല. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന 150 കോടി വരുന്ന മികച്ച ഇന്ത്യൻ പൗരന്മാരുണ്ട്. കഴിഞ്ഞ 25 വർഷമായി, അതായത് 12 വർഷം പ്രധാനമന്ത്രിയായും തുടർച്ചയായി മൂന്ന് തവണയും അവർ അദ്ദേഹത്തെ പിന്തുണച്ചുപോരുന്നു. 2029-ലും അവർ അത് ആവർത്തിക്കും. അതാണ് സത്യം.
Content Highlights: Mary Millben accuses US donors of funding CJP against Prime Minister Modi, urging Indian youth to protest against these foreign influences.
Published: 15 Oct 2026, 06:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented