കൊച്ചി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്ത് അഭിഭാഷകർ. ഇടത് അഭിഭാഷക സംഘടനയായ ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് ലോയേഴ്സ് ആണ് കേരളത്തിലെ 88 കോടതികളിൽ നിന്നുള്ള അഭിഭാഷക പ്രതിനിധികൾ പങ്കെടുത്ത അഡ്വക്കേറ്റ് അസംബ്ലിയിൽ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്തത്. ഹൈക്കോടതി പരിസരത്ത് പരിപാടി നടത്തുന്നത് ഹൈക്കോടതി വിലക്കിയതിനാൽ ചേംബർ കോംപ്ലക്സിന്റെ പോർട്ടിക്കോയിൽ വെച്ചാണ് പരിപാടി നടത്തിയത്. ഐ.എ.എൽ ജനറൽ സെക്രട്ടറി ബി.കെ.ജയമോഹൻ ഇംപീച്ചുമെന്റ് പ്രമേയം അവതരിപ്പിച്ചു.

To advertise here,

പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ‘തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയിൽ വിട്ടുവീഴ്ചയോ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദം സുപ്രീംകോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ഭരണഘടനാ സ്ഥാപനങ്ങൾ അപകടത്തിലാവുമ്പോൾ പ്രതിരോധിക്കേണ്ട കടമ ഭരണഘടനാ കോടതികൾക്കുണ്ട്. കോടതികൾ കാവൽനായ്ക്കളെപ്പോലെ കടിക്കാനും തയ്യാറാകണം സുപ്രീം കോടതി ഭരണഘടനയുടെ കാവൽക്കാരനാണ്. എന്നാൽ കേവലം കുരയ്ക്കുകയോ മുന്നറിയിപ്പുകൾ നൽകുകയോ ചെയ്തിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെങ്കിൽ ആ കാവൽനായ കടിക്കാനും ബാധ്യസ്ഥനാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു

"പാർലമെന്റും കോടതികളും പരാജയപ്പെടുമ്പോൾ, നമ്മെ രക്ഷിക്കാൻ തെരുവുകൾ മുന്നോട്ടുവരും" എന്ന ലോഹ്യയുടെ വാക്കുകൾ ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനയെ സംരക്ഷിക്കാൻ ഇറങ്ങി തിരിക്കുക എന്ന മൗലികമായ കടമയാണ് യുവസമൂഹം ചെയ്തു കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനയുടെ മൂല്യങ്ങൾ ഉൾക്കൊള്ളാനും ജനാധിപത്യം സംരക്ഷിക്കാനും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ സ്ഥാപനങ്ങൾ അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെടുമ്പോൾ സമാധാനപരമായി പ്രതിഷേധിക്കാൻ പൗരന്മാർക്ക് അവകാശമുണ്ട്. ഉന്നത പദവി വഹിക്കുന്ന വ്യക്തിയുടെ സത്യസന്ധതയിൽ വിട്ടുവീഴ്ച ചെയ്യപ്പെട്ടാൽ സ്വാതന്ത്ര്യം ഇല്ലാതെയാകും. അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയാണ്- അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ-സാമുദായിക വ്യത്യാസങ്ങൾക്കപ്പുറം ഭരണഘടനയെ സംരക്ഷിക്കാൻ അഭിഭാഷക സമൂഹം എപ്പോഴും മുന്നോട്ടുവന്നിട്ടുണ്ട്. നിയമലംഘകരുടെ അക്രമത്തേക്കാൾ അപകടകരമാണ് നിയമജ്ഞരുടെ മൗനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ ഹൈക്കോടതി ജഡ്ജി കെ.ബാലകൃഷ്ണൻ നായർ മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരി കെ.ആർ.മീരയും സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഇപ്പോൾ നടക്കുന്ന സമരത്തിൽ വലിയ വിശ്വാസമുണ്ടെന്നും ധൈര്യവതികളായ പെൺകുട്ടികളാണ് അത് മുന്നോട്ടുകൊണ്ടുപോകന്നതെന്നും അവർ പറഞ്ഞു. മുൻ അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ്, ബാർ കൗൺസിലംഗം അനിൽ എസ്.രാജ്, അഡ്വ.അയൂബ് ഖാൻ, അഡ്വ.ലക്ഷ്മി റാണി എന്നിവർ സംസാരിച്ചു.