കരാറിനെതിരെ റിപ്പബ്ലിക്കന്, ഡെമോക്രാറ്റിക് പാര്ട്ടികളിലെ സെനറ്റര്മാര് ഒരുപോലെ രംഗത്തെത്തി

വാഷിങ്ടൺ: റഷ്യയിൽനിന്നുള്ള ഡീസൽ ഇറക്കുമതി കരാറിനെ ചൊല്ലി വിമർശനം ശക്തമായതോടെ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽനിന്ന് എത്തുന്ന ഡീസൽ അമേരിക്കയ്ക്ക് നേരിട്ട് ഉപയോഗിക്കാനല്ലെന്നും ഉയർന്ന ഇന്ധനവില നിയന്ത്രിക്കുന്നതിനായി ആഗോള വിപണിയിൽ ലഭ്യമാക്കാനാണെന്നും ട്രംപ് വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെ പ്രഖ്യാപിച്ച കരാർ അമേരിക്കയിൽ രാഷ്ട്രീയ വിവാദമായിരിക്കെയാണ് ട്രംപിന്റെ വിശദീകരണം.
'ഇതൊരു ഡീസൽ കരാറാണ്. നമുക്കുവേണ്ടിയുള്ളതല്ല. ആഗോള വിപണിയിലേക്കാണ് ഡീസൽ എത്തിക്കുന്നത്. അമേരിക്കയിലേക്കല്ല, ലോകത്തിനാകെയാണ് വിതരണം ചെയ്യുന്നത്.' -ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഡീസൽ ശുദ്ധീകരണശാലകൾ പ്രവർത്തനരഹിതമാകുന്നത് ആഗോള ഇന്ധനവിപണിയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ പ്രതിസന്ധി കാരണം ഡീസൽ വില കുതിച്ചുയർന്നതാണ് നീക്കത്തിന് പിന്നിലെന്നാണ് വിവരം. എന്നാൽ, റഷ്യയുമായുള്ള കരാർ അമേരിക്കയുടെ വിദേശനയത്തെയും ഉപരോധനയത്തെയും ദുർബലപ്പെടുത്തുമെന്നാണ് വിമർശകരുടെ നിലപാട്. കരാറിനെതിരെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിലെ സെനറ്റർമാർ ഒരുപോലെ രംഗത്തെത്തിയിട്ടുണ്ട്. പുതിനുമായുള്ള കരാർ റഷ്യയ്ക്ക് അനാവശ്യമായി നേട്ടമുണ്ടാക്കുന്നതും അമേരിക്കയുടെ സഖ്യകക്ഷികളോടുള്ള വിശ്വാസവഞ്ചനയുമാണെന്ന് ചൂണ്ടിക്കാട്ടി ഇരുപാർട്ടികളിലെയും 12 സെനറ്റർമാർ ട്രംപിന് കത്തയച്ചു. കരാർ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അമേരിക്കക്കാർക്ക് താങ്ങാനാവുന്ന ഇന്ധനവില ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അംഗീകരിക്കുന്നുണ്ടെങ്കിലും റഷ്യൻ ഡീസൽ ആഗോള വിപണിയിലെത്തിക്കുന്നതിലൂടെ അമേരിക്കയ്ക്ക് കാര്യമായ ആശ്വാസം ലഭിക്കില്ലെന്നാണ് സെനറ്റർമാരുടെ വാദം. അതേസമയം, കരാറിലൂടെ റഷ്യയ്ക്ക് ലഭിക്കുന്ന വരുമാനം യുക്രെയ്നിനെതിരായ യുദ്ധം തുടരാൻ പുതിനെ സഹായിക്കുമെന്നും സെനറ്റർമാർ ആരോപിച്ചു.
ഇന്ധനവിലയിൽ കാര്യമായ കുറവുണ്ടാക്കാൻ കരാറിനാകില്ലെന്നും റഷ്യൻ സർക്കാരിന് ലഭിക്കുന്ന പണം യുദ്ധച്ചെലവുകൾക്കും ചൈന, ഇറാൻ, ഉത്തരകൊറിയ എന്നിവയുമായുള്ള സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനും വിനിയോഗിക്കപ്പെടുമെന്നും സെനറ്റർമാർ മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ചയാണ് റഷ്യ മൂന്നുലക്ഷം ടണ്ണിലധികം ഡീസൽ വിപണിയിലെത്തിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. നവംബറിൽ അഞ്ചുലക്ഷം ടണ്ണും അതിനു പിന്നാലെ 10 ലക്ഷം ടണ്ണും അധികമായി എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ആഗോള വിപണിയിലേക്കുള്ള റഷ്യൻ ഡീസൽ കയറ്റുമതി സുഗമമാക്കുന്നതിനായി അമേരിക്കൻ ട്രഷറി വകുപ്പ് റഷ്യൻ ഡീസൽ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങളിൽ താത്കാലിക ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു. 2027 ഏപ്രിൽ ഏഴ് വരെയാണ് ഇളവിന്റെ കാലാവധി.
Content Highlights: US President Donald Trump defended his administration's Russian diesel agreement, asserting it supplies the global market to curb high fuel prices, even as bipartisan senators criticized the deal.
Published: 14 Oct 2026, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented