
വാഷിങ്ടൺ: അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ജനപ്രതിനിധിസഭയിലും സെനറ്റിലും ഭൂരിപക്ഷം നേടിയ ഡെമക്രാറ്റുകൾ ട്രംപിനെ വരുതിയിലാക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടുകഴിഞ്ഞു. അതേസമയം, തോൽവിയെത്തുടർന്ന് റിപ്പബ്ലിക്കൻ പാർട്ടിയിൽ ആഭ്യന്തരതർക്കങ്ങൾ രൂക്ഷമായിട്ടുണ്ട്.
എട്ടുമാസത്തിലധികമായി തുടരുന്ന ഇറാൻ യുദ്ധവും ഇന്ധനവില വർധനയുമാണ് തിരഞ്ഞെടുപ്പുഫലത്തെ സ്വാധീനിച്ചതെന്ന് ട്രംപ് സമ്മതിച്ചെങ്കിലും യുദ്ധം തുടങ്ങാനുള്ള തീരുമാനം ന്യായീകരിക്കുകതന്നെയാണ് അദ്ദേഹമിപ്പോഴും. തിരഞ്ഞെടുപ്പുഫലം യുദ്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യാഴാഴ്ച സൂചിപ്പിച്ചു.
തിരഞ്ഞെടുപ്പിൽ ടെക്സസ്, കൻസാസ്, സൗത്ത് കരോലിന, അയോവ, നോർത്ത് കരോലിന, ഒഹായോ തുടങ്ങിയ റിപ്പബ്ലിക്കൻ സ്വാധീനമേഖലകളിലും ഡെമക്രാറ്റുകൾ മുന്നേറ്റമുണ്ടാക്കിയത് റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയായി.
ഇതിൽ പലയിടവും പതിറ്റാണ്ടുകൾക്കുശേഷമാണ് നീലപുതയ്ക്കുന്നത്. കൻസാസിൽ കഴിഞ്ഞ 32 തവണയും റിപ്പബ്ലിക്കൻ സ്ഥാനാർഥികളാണ് ജയിച്ചത്. ഇതോടെ 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് റിപ്പബ്ലിക്കൻ നേതാക്കൾ തങ്ങളുടെ സ്വാധീനമുറപ്പിക്കാൻ ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ജെ.ഡി. വാൻസിനും പാർട്ടിക്കുള്ളിൽനിന്ന് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവരുന്നുണ്ട്.
ഇതിനിടെ ജനപ്രതിനിധിസഭയുടെ സ്പീക്കറായ മൈക്ക് ജോൺസൺ സ്ഥാനമൊഴിയുമെന്നും റിപ്പോർട്ടുകളുണ്ട്. റിപ്പബ്ലിക്കൻ തോൽവിയെ ‘ബ്ലൂ സുനാമി’ എന്നുവിശേഷിപ്പിച്ച റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസ് സാമ്പത്തികപ്രതിസന്ധി, ജീവിതച്ചെലവിലെ വർധന, ഇറാനുമായുള്ള യുദ്ധം, ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾ എന്നിവയിലുള്ള ജനങ്ങളുടെ അതൃപ്തിയാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് വിമർശിച്ചു. പാർട്ടിക്ക് പിന്തുണയുമായി കൂടെനിന്ന അടിസ്ഥാനജനവിഭാഗങ്ങളിൽനിന്ന് പാർട്ടി അകലുകയാണെന്നാണ് പ്രധാന ആശങ്ക.
നീലപുതച്ച് യു.എസ്.
: യു.എസിലെ അധികാരസമവാക്യങ്ങൾക്ക് നീലനിറം പകർന്ന് യു.എസ്. കോൺഗ്രസ് തിരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങൾക്ക് അവസാനരൂപം കൈവന്നു. സെനറ്റിലും ജനപ്രതിനിധി സഭയിലും മാത്രമല്ല ഗവർണർ തിരഞ്ഞെടുപ്പുകളിലും ഡെമക്രാറ്റുകൾക്കുതന്നെയാണ് മുന്നേറ്റം. ഫലം വന്നതോടെ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ അധികാരപ്പോരുകൾ കടുക്കുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരേയുള്ള ജനവികാരം തന്നെയാണ് റിപ്പബ്ലിക്കൻ പാർട്ടിയെ കടപുഴക്കിയതെന്ന് പാർട്ടിയിലെ പ്രധാനികളും ട്രംപ് തന്നെയും സമ്മതിച്ചുകഴിഞ്ഞു.വീറ്റോ ഉപയോഗിച്ച് കോൺഗ്രസിനെ വരുതിയിലാക്കാമെന്നാണ് ട്രംപിന്റെ സ്വപ്നം.
സെനറ്റ് [100 സീറ്റ്]
തിരഞ്ഞെടുപ്പുനടന്ന 35 സീറ്റിൽ 33 -ൽ ഫലംവന്നു. നൂറിൽ 54 സീറ്റുകൾ നേടിയ ഡെമക്രാറ്റുകൾ നിയന്ത്രണം പിടിച്ചു. ഫലം വരാനുള്ള രണ്ടുസീറ്റിലും ഡെമക്രാറ്റുകൾക്കുതന്നെ മുൻതൂക്കം.
ജനപ്രതിനിധിസഭ
ആകെ 435 സീറ്റ്. 36 സീറ്റ് അധികം പിടിച്ചെടുത്ത് ഡെമക്രാറ്റുകൾ 247 സീറ്റുകളോടെ ഭൂരിപക്ഷം സ്വന്തമാക്കി. 153 സീറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടി നേടി. 35 സീറ്റിൽ ഫലം വരാനുണ്ട്.
ഗവർണർ
50 ഗവർണർമാരിൽ 28 പേരും ഡെമക്രാറ്റുകളാണ്. രണ്ടുസീറ്റുകളിൽ ഫലം വന്നിട്ടില്ല.
Content Highlights: Democrats gained majority in both the House of Representatives and the Senate., Iran war and fuel price hikes heavily influenced the election outcome according to Trump., Republican strongholds like Texas, Kansas, and Ohio flipped to Democrats., Mike Johnson expected to step down as Speaker of the House., Ted Cruz termed the Republican defeat a 'Blue Tsunami' driven by economic dissatisfaction.
Published: 06 Nov 2026, 09:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented