ക്വാലാലംപുര്‍: മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജിവെച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അദ്ദേഹം മലേഷ്യന്‍ രാജാവിന് രാജിക്കത്ത് സമര്‍പ്പിച്ചത്. മലേഷ്യയില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന്റെ ഭാഗമായാണ് മഹാതീറിന്റെ രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

To advertise here,

യു.എം.എന്‍.ഒ. പാര്‍ട്ടിയുമായി ചേര്‍ന്ന് മഹാതീറിന്റെ പാര്‍ട്ടി പുതിയ സര്‍ക്കാര്‍ രൂപവത്കരിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ മഹാതിര്‍ മുഹമ്മദ് തന്നെ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാതീറിന്റെ പാര്‍ട്ടിയായ പാര്‍ട്ടി പ്രിഭൂമി ബെര്‍സാത്തു മലേഷ്യ, ഭരണസഖ്യമായ പക്താന്‍ ഹാരപ്പനില്‍നിന്ന് വിട്ടതായി പാര്‍ട്ടി അധ്യക്ഷന്‍ മുഹയിദ്ദീന്‍ യാസീനും അറിയിച്ചു. 

ഭരണസഖ്യത്തില്‍ ഉള്‍പ്പെട്ട പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടി(പികെആര്‍) നേതാവ് അന്‍വര്‍ ഇബ്രാഹിമും പ്രധാനമന്ത്രിയും തമ്മില്‍ തുടര്‍ന്നിരുന്ന തര്‍ക്കങ്ങളുടെ ബാക്കിപത്രമാണ് മഹാതീര്‍ മുഹമ്മദിന്റെ രാജി. അന്‍വര്‍ ഇബ്രാഹിമിനെ ഒഴിവാക്കി പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് മഹാതീറിന്റെയും അനുയായികളുടെയും നീക്കം. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ക്വാലാലംപുരില്‍ വിവിധ നേതാക്കളുടെ രഹസ്യയോഗവും നടന്നിരുന്നു. പികെആറില്‍ അന്‍വറിനെ പിന്തുണയ്ക്കാത്തവരും  യുഎംഎന്‍ഒ നേതാക്കളും ഈ യോഗത്തില്‍ പങ്കെടുത്തു. 

Content Highlights: malaysia prime minister mahathir mohammed submits resignation