2021 ജനുവരിയിൽ ജോർജിയയിൽനിന്ന് ജോൺ ഒസോഫ് അമേരിക്കൻ സെനറ്ററായി തിരഞ്ഞെടുക്കപ്പെടുമ്പോൾ 33 വയസ്സായിരുന്നു പ്രായം. ജനപ്രീതിയില്ലാത്ത റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡേവിഡ് പെർഡ്യൂവിനെ വെറും 55000 വോട്ടുകൾക്കാണ് ജോൺ ഒസോഫ് പരാജയപ്പെടുത്തിയത്.

To advertise here,

എന്നാൽ ഇത്തവണ ഒസോഫിന്റെ വിജയം അങ്ങനെ ആയിരുന്നില്ല. അനായാസമായിരുന്നു. ഫലം പൂർണ്ണമായിട്ടില്ലെങ്കിലും ഏഴര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇതിനോടകം ജോൺ ഒസോഫ് നേടിയിരിക്കുന്നത്. ആദ്യവിജയം യാദൃശ്ചികമെന്ന് വിലയിരുത്തപ്പെട്ടുവെങ്കിലും ഇക്കുറി അടുത്ത അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിലേക്ക് ഒസാഫിന്റെ വിജയം ചർച്ചകളിലേക്കെത്തിയിരിക്കുന്നു. 2024-ൽ ട്രംപ് വിജയം നേടിയ സംസ്ഥാനമാണ് ജോർജിയ എന്നതുകൂടി ഒസോഫിന്റെ വിജയത്തിന് ഇരട്ടിമധുരം നൽകുന്നു.

ഡെമോക്രാറ്റുകളുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള സർവേകളിൽ ജോൺ ഒസോഫിന്റെ സാധ്യത 24 ശതമാനമായിട്ടാണ് ഉയർന്നിരിക്കുന്നത്. 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള അദ്ദേഹത്തിന്റെ സാധ്യത 18 ശതമാനത്തിലേക്കും എത്തി. ഡെമോക്രാറ്റിക് പാർട്ടിയിൽനിന്ന് തന്നെയുള്ള ന്യൂയോർക്ക് പ്രതിനിധി അലക്‌സാണ്ട്ര ഒക്കാസിയോ-കോർട്ടെസിനേക്കാൾ നാല് ശതമാനവും റിപ്പബ്ലിക്കൻ പ്രതിനിധിയും വൈസ് പ്രസിഡന്റുമായ ജെ.ഡി. വാൻസിനേക്കാൾ അഞ്ച് ശതമാനവും മുന്നിലാണിപ്പോൾ ഒസോഫ്.

2021-ൽ ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം അസാമാന്യ വളർച്ചയാണ് അദ്ദേഹം നേടിയത്. മണ്ഡലത്തിലെ പ്രവർത്തനങ്ങളിലൂടെയും സെനറ്റ് ഹിയറിംഗുകളിൽ റിപ്പബ്ലിക്കൻ പ്രതിനിധികളെ അസ്വസ്ഥരാക്കുന്നതിലും അദ്ദേഹം പ്രത്യേക പാടവം കാണിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, മാധ്യമങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന കാര്യത്തിലും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. ട്രംപിനെതിരെ രൂക്ഷവിമർശനമുന്നയിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ആവേശകരമായ പ്രസംഗവും ശ്രദ്ധനേടി.

പുരോഗമനപരവും എന്നാൽ മധ്യപക്ഷത്തോട് അനുഭാവമുള്ളതുമായ നിലപാടുകൾ പുലർത്തുന്ന, മികച്ച പ്രസംഗകനായ ഒബാമയോടാണ് ജോൺ ഒസോഫിനെ അമേരിക്കക്കാർ താരതമ്യം ചെയ്യുന്നത്.

പ്രായമേറിയ പ്രസിഡന്റുമാർ വാഴുന്ന കഴിഞ്ഞ കുറച്ച് കാലത്തിൽനിന്ന് ബദലായി യുവത്വത്തിന്റെ പ്രതീകമായും 39-കാരനായ ജോൺ ഒസോഫിനെ വിശേഷിപ്പിക്കുന്നു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നെങ്കിലും, ജോർജിയയിലുണ്ടായ മികച്ച വിജയം ഡെമോക്രാറ്റിക് പാർട്ടിയിൽ അദ്ദേഹത്തിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. 2028-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കുറച്ച് അകലെയാണെന്നതുകൊണ്ട് തന്നെ ജോൺ ഒസോഫിന് തന്റെ വ്യക്തിപ്രഭാവം ദേശീയ തലത്തിൽകൂടി മിനുക്കിയെടുക്കേണ്ടതുണ്ട്.

ആരാണ് ജോൺ ഒസോഫ്

1987 ഫെബ്രുവരി 16-ന് അറ്റ്ലാന്റയിലാണ് ഓസോഫ് ജനിച്ചത്. ഒരു ജൂത കുടുംബത്തിൽ നിന്നുള്ളയാളാണ് അദ്ദേഹം. പിതാവ് റഷ്യൻ, ലിത്വാനിയ ജൂത വംശജനാണ്. മാതാവ് ഓസ്ട്രേലിയൻ വംശജയാണ്. ഓസോഫിന്റെ കുടുംബത്തിന് വേദനാജനകമായ ഒരു ചരിത്രമുണ്ട്. കിഴക്കൻ യൂറോപ്പിൽ നടന്ന ജൂതവിരുദ്ധ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനായിട്ടാണ് അദ്ദേഹത്തിന്റെ പിതാവിന്റെ മാതാപിതാക്കൾക്ക് പലായനം ചെയ്യേണ്ടി വന്നത്. താൻ ജൂത വംശഹത്യയിൽനിന്ന് അതിജീവിച്ച ബന്ധുക്കൾക്കിടയിൽ വളർന്നുവന്നതിനെക്കുറിച്ച് ഓസോഫ് പലതവണ സംസാരിച്ചിട്ടുണ്ട്.

പൗരാവകാശ നേതാവും ജോർജിയയിൽ നിന്നുള്ള കോൺഗ്രസ് അംഗവുമായ ജോൺ ലൂയിസിന്റെ ആത്മകഥ വായിച്ചതിനുശേഷം, 17-ാം വയസ്സിൽ ഒസോഫ് അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ അവസരം തേടിക്കൊണ്ട് ഒരു കത്തയച്ചു. ഇതായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം.

ലൂയിസ് അദ്ദേഹത്തിന് ഒരു ഇന്റേൺഷിപ്പ് വാഗ്ദാനം ചെയ്തുകൊണ്ട് മറുപടി നൽകി. ഇരുവരും തമ്മിൽ അടുത്ത ബന്ധം സ്ഥാപിക്കപ്പെട്ടു, തുടർന്ന് ഒസോഫിന്റെ രാഷ്ട്രീയ യാത്രയിൽ ലൂയിസ് ഒരു ഉപദേഷ്ടാവായി മാറുകയും ചെയ്തു. ബരാക് ഒബാമയുടെ രാഷ്ട്രീയ പാരമ്പര്യം രൂപപ്പെടുത്തുന്നതിലും ലൂയിസ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

2009-ൽ ജോർജ്ജ് ടൗൺ സർവ്വകലാശാലയിൽ നിന്ന് ഒസോഫ് ബിരുദം പൂർത്തിയാക്കി. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലായിരുന്നു ഉപരിപഠനം. ജോർജിയയിൽ നിന്നുള്ള കോൺഗ്രസ് അംഗമായ ഹാങ്ക് ജോൺസണൊപ്പം വിദേശകാര്യങ്ങളും പ്രതിരോധ നയങ്ങളും കൈകാര്യം ചെയ്തുകൊണ്ട് പ്രവർത്തിച്ചു. കുറച്ചുകാലം പത്രപ്രവർത്തനത്തിലും ഡോക്യുമെന്ററി നിർമാണത്തിലും കൈവെച്ചിട്ടുണ്ട്. അഴിമതി, യുദ്ധക്കുറ്റങ്ങൾ, മനുഷ്യക്കടത്ത് എന്നിവയിലെ കഥകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ലണ്ടൻ ആസ്ഥാനമായുള്ള അന്വേഷണാത്മക ചലച്ചിത്ര കമ്പനിയായ 'ഇൻസൈറ്റ് ടിഡബ്ല്യുഐ' (Insight TWI)യുടെ സിഇഒ ആയി 2013-ൽ ഒസോഫ് ചുമതലയേറ്റു. മുഴുവൻ സമയ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനായി അദ്ദേഹം 2017-ൽ സ്ഥാപനം വിട്ടു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് അരങ്ങേറ്റം പരാജയത്തോടെയായിരുന്നു. ജോർജിയയുടെ ആറാം കോൺഗ്രസ് ഡിസ്ട്രിക്ടിലെ ഉപതെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയോടായിരുന്നു പരാജയപ്പെട്ടത്. 2021-ൽ ജോർജിയയുടെ സെനറ്ററായി മത്സരിക്കുകയും നിർണ്ണായക വിജയം നേടുകയും ചെയ്തു. അറ്റ്ലാന്റയിൽ ഡോക്ടറായ അലീഷ ക്രമറാണ് അദ്ദേഹത്തിന്റെ ഭാര്യ.