വാഷിങ്ടൺ: ഇറാന് കടുത്തഭാഷയിൽ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ അർഥപൂർണമായ ആണവകരാറിന് സമ്മതിക്കണമെന്നും അല്ലാത്തപക്ഷം മോശം കാര്യങ്ങൾ സംഭവിക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഷിങ്ടണിൽ ബോർഡ് ഓഫ് പീസിന്റെ ഉദ്ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. നയതന്ത്ര സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും എന്നാൽ അത് അനന്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

'ഇറാനുമായി അർഥപൂർണമായ ഒരു കരാർ നമുക്കുണ്ടാക്കേണ്ടതുണ്ട്. നല്ല ചർച്ചകൾ നടക്കുന്നുണ്ട്. ഇറാനുമായി അർഥവത്തായ കരാറിൽ എത്തിച്ചേരാനാകില്ലെന്ന് ഇക്കഴിഞ്ഞ വർഷങ്ങൾകൊണ്ട് തെളിയിക്കപ്പെട്ടിട്ടുണ്ട്. നമുക്ക് അർഥപൂർണമായ കരാറുണ്ടാക്കേണ്ടതുണ്ട്. അല്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും, ട്രംപ് പറഞ്ഞു. ഇറാൻ കരാറുണ്ടാക്കിയേ തീരൂ അല്ലെങ്കിൽ മോശം സംഗതികളുണ്ടാകുമെന്ന് പറഞ്ഞ ട്രംപ്, തങ്ങൾക്കൊപ്പം സമാധാനത്തിന്റെ പാതയിൽ ചേരാൻ ഇറാനോട് ആവശ്യപ്പെടുകയും ചെയ്തു.

ആണവ നിർവ്യാപനവുമായി ബന്ധപ്പെട്ട് സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ യുഎസ്-ഇറാൻ ഉദ്യോഗസ്ഥതല ചർച്ചകൾ നടക്കവേയാണ് ട്രംപിന്റെ വാക്കുകളെന്നതും ശ്രദ്ധേയമാണ്. അമേരിക്കൻ പ്രതിനിധികളായ സ്റ്റീല് വിറ്റ്‌കോഫ്, ജെറാഡ് കുഷ്‌നർ എന്നിവരാണ് മധ്യസ്ഥർ മുഖാന്തരം ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്ചിയുമായി ചർച്ച നടത്തുന്നത്.

ഇറാനുമായി ഇടഞ്ഞുനിൽക്കുന്ന യുഎസ് ഇതിനകം വലിയ സൈനികവിന്യാസമാണ് മേഖലയിൽ നടത്തുന്നത്. എഫ് 22, എഫ് 35, എഫ് 16 തുടങ്ങി അൻപതിലധികം യുദ്ധവിമാനങ്ങളാണ് പശ്ചിമേഷ്യയിലേക്ക് യുഎസ് അയച്ചിട്ടുള്ളത്.