
വാഷിങ്ടൺ: വെനസ്വേലയിൽ കടന്നാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും അമേരിക്ക പിടികൂടിയിരിക്കുകയാണ്. ആക്രമണം നടത്തി മണിക്കൂറുകൾക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇതിന് സ്ഥിരീകരണം നൽകിയത്. വൈകാതെ വൈറ്റ്ഹൗസും സ്ഥിരീകരിച്ചു. വർഷങ്ങളായി അമേരിക്കയും ട്രംപ് ഭരണകൂടവും മഡുറോയെ ഒരു കുറ്റവാളിയായിട്ടാണ് കണക്കാക്കുന്നത്. മഡുറോയെ പിടികൂടുന്നവർക്ക് അമേരിക്ക 50 മില്യൺ ഡോളർ നേരത്തെ പ്രഖ്യാപിക്കുകയും ചെയതിട്ടുണ്ട്.
2020-ൽ ഡൊണാൾഡ് ട്രംപിന്റെ ആദ്യ കാലഘട്ടത്തിൽ, 'നാർക്കോ-ഭീകരവാദം', കൊക്കെയ്ൻ ഇറക്കുമതിക്കുള്ള ഗൂഢാലോചന, അതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ എന്നിവയുടെ പേരിൽ ന്യൂയോർക്ക് സൗത്ത് ഡിസ്ട്രിക്റ്റിൽ നിക്കോളാസ് മഡുറോയെ പ്രതിചേർത്തിരുന്നു.
ഇതിന് പിന്നാലെ മഡുറോയെ അറസ്റ്റ് ചെയ്യുന്നതിന് 15 മില്യൺ ഡോളർ ട്രംപ് ഭരണകൂടം പ്രതിഫലം വാഗ്ദാനം ചെയ്യുകയുമുണ്ടായി. 2025 ജനുവരിയിൽ ബൈഡൻ ഭരണകൂടത്തിന്റെ അവസാന ദിവസങ്ങളിൽ ഈ പ്രതിഫലം 25 മില്യൺ ഡോളറായി വർദ്ധിപ്പിച്ചു, 2025 ഓഗസ്റ്റിൽ ട്രംപ് രണ്ടാം തവണ അധികാരത്തിലെത്തുകയും കാർട്ടൽ ഡി ലോസ് സോളെസിനെ വിദേശ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും ഇത് 50 മില്യൺ ഡോളറായി ഉയർത്തുകയും ചെയ്തു. മഡുറോയാണ് കാർട്ടൽ ഡി ലോസ് ഗ്രൂപ്പിന്റെ നേതാവെന്നും ഇത് ഒരു ക്രിമിനൽ സംഘടനയാണെന്നും യുഎസ് ഭരണകൂടം അവകാശപ്പെടുന്നു.
മഡുറോ ഭരണകൂടം ഒരു നാർക്കോ-ഭീകരവാദ സംഘടനയാണെന്ന ആരോപണം രാഷ്ട്രീയം മാത്രം അടിസ്ഥാനമാക്കിയുള്ളതല്ലെന്നാണ് യുഎസിന്റെ വാദം. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ വാദമെന്നും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞ മാസം ഒരു പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
യുഎസ് നിയമപാലകരുമായി സഹകരിച്ചാണ്' മഡുറോയെ പിടികൂടിയതെന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിൽ ഇന്ന് കുറിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ മണ്ണിൽ, അമേരിക്കൻ കോടതിയിൽ മഡുറോ വിചാരണ നേരിടുമെന്ന് പിന്നാലെ യുഎസ് അറ്റോർണി ജനറലും പ്രസ്താവന നടത്തി.
നാർക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വെക്കൽ, യുഎസിനെതിരെ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് മഡുറോയ്‌ക്കെതിരെ കുറ്റപത്രത്തിൽ പറയുന്നതെന്നാണ് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി ചൂണ്ടിക്കാട്ടുന്നത്.
അന്തരാഷ്ട്ര ലഹരി കടത്തുകാരെ പിടികൂടുന്നതിനുള്ള അവിശ്വസനീയവും വളരെ വിജയകരവുമായ ദൗത്യം നടത്തിയ ട്രംപിനും യുഎസ് സൈന്യത്തിനും അദ്ദേഹം നന്ദി പറയുകയും ചെയ്തു.
ഇതിനിടെ പ്രസിഡന്റ് മഡുറോയെ പിടികൂടാൻ ട്രംപ് ദിവസങ്ങൾക്ക് മുമ്പേ അനുമതി നൽകിയതായും യുഎസ് സൈന്യത്തിന്റെ ഡെൽറ്റ ഫോഴ്‌സ് ഈ ദൗത്യം നിർവ്വഹിച്ചതായും അധികൃതരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
മാസങ്ങൾക്ക് മുമ്പ് ട്രംപ് വെനസ്വേലയിൽ രഹസ്യ പ്രവർത്തനങ്ങൾക്ക് സിഐഎയ്ക്ക് അനുമതി നൽകിയിരുന്നു, അവർ മഡുറോയുടെ സ്ഥാനം കണ്ടെത്തുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോ, വെനസ്വേലയുടെ ജനകീയ നേതാവായിരുന്ന ഹ്യൂഗോ ഷാവേസിന്റെ ദീർഘകാല സഖ്യകക്ഷിയായിരുന്നു, 2013-ൽ അദ്ദേഹം കാൻസർ ബാധിച്ച് മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി.
വെനസ്വേലയുടെ ജനകീയ നേതാവായിരുന്ന ഹ്യൂഗോ ഷാവേസ് കാൻസർ ബാധിച്ച് മരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമായി 2013-ലാണ് നിക്കോളാസ് മഡുറോ എത്തുന്നത്.
Content Highlights: Major US Operation Leads to Capture of Nicolás Maduro on Narco-Terrorism Charges
Published: 03 Jan 2026, 07:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented