ഗോൾഡൻ ഗ്ലോബ് നാമനിർദേശം ലഭിച്ചതിൽ അഭിമാനമുണ്ടെങ്കിലും രാജ്യത്തെ സാഹചര്യങ്ങൾ അസ്വാഭാവികമാണെന്നും അതിനാൽ നിശബ്ദനായിരിക്കാൻ കഴിയില്ലെന്നും റഫലോ പറഞ്ഞു.

ഗോൾഡൻ ഗ്ലോബ്സ് പുരസ്കാര വേദിയിൽ ശക്തമായ രാഷ്ട്രീയ പ്രതിഷേധസ്വരം ഉയർത്തി പ്രശസ്ത ഹോളിവുഡ് നടൻ മാർക്ക് റഫലോ. അമേരിക്കൻ ഗവൺമെന്റിന്റെ നയങ്ങൾക്കെതിരെയും ഐ.സി.ഇ (ICE) ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പുകൾക്കെതിരെയും അദ്ദേഹം ശബ്ദമുയർത്തി. ലോകത്തിലെ ഏറ്റവും മോശം മനുഷ്യൻ എന്നാണ് റഫലോ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിശേഷിപ്പിച്ചത്.
മിനിയാപൊളിസിൽ ഐ.സി.ഇ ഏജന്റിന്റെ വെടിയേറ്റു മരിച്ച റെനി ഗുഡിന്റെ സ്മരണാർത്ഥം ബി ഗുഡ് (Be Good) എന്നെഴുതിയ പിൻ ധരിച്ചാണ് റഫലോ ചടങ്ങിലെത്തിയത്. 'ടാസ്ക്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാർക്ക് റഫലോയ്ക്ക് ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം ലഭിച്ചത്. ഇത് കൊല ചെയ്യപ്പെട്ട റെനി നിക്കോൾ ഗുഡിന് വേണ്ടിയാണ് എന്ന് അദ്ദേഹം യുഎസ്എ ടുഡേയോട് പറഞ്ഞു.
രാജ്യത്ത് സംഭവിക്കുന്നതിനെക്കുറിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് പറയുന്നതെല്ലാം കള്ളമാണ്. നമ്മൾ വെനസ്വേലയിലേക്ക് അനധികൃതമായി കടന്നുകയറിക്കൊണ്ടുള്ള ഒരു യുദ്ധത്തിൻ്റെ നടുവിലാണ്. അന്താരാഷ്ട്ര നിയമങ്ങൾക്ക് തൻ്റെ മുന്നിൽ വിലയില്ലെന്ന് ട്രംപ് ലോകത്തോട് പറയുന്നു. അദ്ദേഹത്തിന് വിലപ്പെട്ട ഒരേയൊരു കാര്യം തൻ്റെ ധാർമികതയാണെന്നും റഫലോ പറഞ്ഞു.
ട്രംപിനെ ഒരു ശിക്ഷിക്കപ്പെട്ട കുറ്റവാളി എന്നും ഏറ്റവും മോശം മനുഷ്യൻ എന്നും 'ദി അവഞ്ചേഴ്സ്' താരം വിശേഷിപ്പിച്ചു. "ആ വ്യക്തി ഒരു കുറ്റവാളിയാണ്. അയാൾ ഏറ്റവും മോശം മനുഷ്യനാണ്. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന് ഈ വ്യക്തിയുടെ ധാർമികതയാണ് ആശ്രയമെങ്കിൽ, നമ്മൾ എല്ലാവരും വലിയ കുഴപ്പത്തിലാണ്. ഇത് റെനിക്കും അമേരിക്കയിൽ ഇന്ന് ഭയപ്പെട്ട് കഴിയുന്ന ജനങ്ങൾക്കും വേണ്ടിയുള്ളതാണ്. ഞാനും അവരിൽ ഒരാളാണ്. ഞാൻ ഈ രാജ്യത്തെ സ്നേഹിക്കുന്നു." റഫലോയുടെ വാക്കുകൾ.
ഗോൾഡൻ ഗ്ലോബ് നാമനിർദേശം ലഭിച്ചതിൽ അഭിമാനമുണ്ടെങ്കിലും രാജ്യത്തെ സാഹചര്യങ്ങൾ അസ്വാഭാവികമാണെന്നും അതിനാൽ നിശബ്ദനായിരിക്കാൻ കഴിയില്ലെന്നും റഫലോ പറഞ്ഞു. തനിക്ക് കപടമായി സംസാരിക്കാൻ കഴിയില്ലെന്നും ശാരീരികമായി പോലും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം റെഡ് കാർപെറ്റിൽ വെളിപ്പെടുത്തി. റഫലോയെ കൂടാതെ വാണ്ട സൈക്സ്, ജീൻ സ്മാർട്ട് തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കുചേർന്നു.
Content Highlights: Hollywood stars at the Golden Globes used the red carpet to protest ICE violence and US administration policies. Mark Ruffalo, Wanda Sykes, and others spoke out against injustice.
Published: 13 Jan 2026, 06:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented