ലോസ് ആഞ്ജലിസ്: കാലിഫോർണിയയിലെ ലോസ് ആഞ്ജലിസിൽ അനധികൃതകുടിയേറ്റക്കാരെ പിടിക്കാനുള്ള ഭരണകൂട റെയ്ഡിനെതിരായ പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക്. കുടിയേറ്റക്കാരും സുരക്ഷാസേനയും തമ്മിലുണ്ടായ സംഘർഷം പ്രതിരോധിക്കുന്നതിന് കണ്ണീർ വാതകം പ്രയോ​ഗിച്ചു.

To advertise here,

അനധികൃതകുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റുചെയ്ത് നാടുകടത്തുന്നതിനായി കുടിയേറ്റകാര്യവകുപ്പ് (ഐസിഇ) പാരമൗണ്ടിൽ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് പ്രതിഷേധമാരംഭിച്ചത്. പ്രതിഷേധം അടിച്ചമർത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടായിരത്തോളം നാഷണൽ ഗാർഡ് അംഗങ്ങളെ വിന്യസിച്ചു. പ്രതിഷേധമടക്കാനാകാഞ്ഞത് സംസ്ഥാനം ഭരിക്കുന്ന ഡെമോക്രാറ്റിക് സർക്കാരിന്റെ പിടിപ്പുകേടാണെന്നും ട്രംപ് വിമർശിച്ചു.

കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിന്റെയും മറ്റ് പ്രാദേശിക നേതാക്കളുടെയും എതിർപ്പ് അവഗണിച്ചാണ് ട്രംപിന്റെ നടപടി. പ്രസിഡന്റിന്റെ നീക്കം നിയമവിരുദ്ധമാണെന്നും നടപടി പിൻവലിച്ച്  നിയന്ത്രണം തിരികെ നൽകാനും ഗവർണർ വൈറ്റ് ഹൗസിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഫെഡറൽ സർക്കാർ നാഷണൽ ഗാർഡിനെ ഇറക്കി ജനങ്ങളെ ഭീതിതരാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

പ്രതിഷേധം ശക്തമാകുകയാണെങ്കിൽ സൈന്യത്തിന്റെ ഭാഗമായ മറീനുകളെ കൂടി പ്രദേശത്ത് വിന്യസിക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മുന്നറിയിപ്പ് നൽകി. ക്യാമ്പ് പെൻഡിൽട്ടണിൽ നിന്ന് മറൈന്‍സിനെ അയക്കാനുള്ള ഹെഗ്‌സെത്തിന്റെ നിർദ്ദേശത്തെ ന്യൂസോം ഭ്രാന്തന്‍ തീരുമാനമെന്ന് വിശേഷിപ്പിച്ചു. യു.എസ് സൈന്യത്തിന്റെ പ്രത്യേക ദൗത്യങ്ങള്‍ക്കായി വിന്യസിക്കുന്ന സൈനിക വിഭാഗമാണ് മറീനുകള്‍. കരയാക്രമണത്തിനും നാവിക ആക്രമണങ്ങള്‍ക്കും പ്രത്യേക പരിശീലനം സിദ്ധിച്ചവരാണ് ഇതിലെ അംഗങ്ങള്‍.

പാരമൗണ്ടിലെ ഫാഷൻ ഡിസ്ട്രിക്ടിലും ഹോം ഡിപ്പോയിലും വ്യാഴാഴ്ച വ്യാപക റെയ്ഡ് നടന്നിരുന്നു. അതിനെതിരേ വെള്ളിയാഴ്ച ആഭ്യന്തരസുരക്ഷാ മന്ത്രാലയത്തിന്റെ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചവർക്കുനേരേ പോലീസ് കണ്ണീർവാതകവും പുകബോംബുകളും മുളകുസ്‌പ്രേയും പ്രയോഗിച്ചു. പ്രതിഷേധക്കാർ അതിർത്തി സംരക്ഷണ സേനയുടെ നിരീക്ഷണ വാനുകൾക്കുനേരേ കല്ലും സിമന്റുകട്ടകളുമെറിഞ്ഞു. കാർ അഗ്നിക്കിരയാക്കി. ജയിലുൾപ്പെടെയുള്ള സർക്കാർസ്ഥാപനങ്ങൾക്കുമുന്നിലും പ്രതിഷേധിച്ചു. നിയമപാലനം തടസ്സപ്പെടുത്തിയെന്നുപറഞ്ഞ് യൂണിയൻ നേതാവുൾപ്പെടെ ഡസൻകണക്കിന്‌ ആളുകളെ അറസ്റ്റുചെയ്തു. നിയമവിരുദ്ധ സംഘം ചേരൽ നിരോധിച്ചു. 

ലാറ്റിനോകൾ കൂടുതൽ താമസിക്കുന്ന ഇടമാണ് പാരാമൗണ്ട്. ജനുവരിയിൽ അധികാരത്തിലെത്തിയശേഷം നിയമവിരുദ്ധകുടിയേറ്റക്കാർക്കെതിരേ കടുത്ത നടപടിയാണ് ട്രംപ് സർക്കാർ സ്വീകരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ ലോസ് ആഞ്ജലിസിൽനിന്ന് അറസ്റ്റുചെയ്തത് 118 അനധികൃതകുടിയേറ്റക്കാരെയാണ്. പ്രതിദിനം 3000 കുടിയേറ്റക്കാരെ അറസ്റ്റുചെയ്യണമെന്നതാണ് ഐസിഇയുടെ പ്രഖ്യാപിതലക്ഷ്യം.