
പ്രതീകാത്മകചിത്രം | നിര്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
ന്യൂഡൽഹി: ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാം വർഷവും കുറവെന്ന് കണക്കുകൾ. ബ്യൂറോ ഓഫ് ഇമിഗ്രേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025-ൽ 6,19,264 ഇന്ത്യക്കാരാണ് പഠനാവശ്യങ്ങൾക്കായി വിദേശത്തേക്ക് പോയത്. 2023-ൽ 8,94,758 പേരും 2024-ൽ 7,60,060 പേരും വിദേശത്തേക്ക് പോയ സ്ഥാനത്താണ് ഇടിവുണ്ടായിരിക്കുന്നത്.
അഞ്ചു വർഷത്തെ മൊത്തത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കോവിഡിനു ശേഷമുണ്ടായ പെട്ടെന്നുള്ള വർധനവിന് ശേഷം തുടർച്ചയായ ഇടിവാണ് പ്രകടമാകുന്നത്. 2021-ൽ 4.45 ലക്ഷത്തോളമായിരുന്ന വിദ്യാർഥികളുടെ എണ്ണം 2022-ൽ 69 ശതമാനം വർധിച്ച് 7.52 ലക്ഷത്തിലെത്തുകയും 2023-ൽ 8.94 ലക്ഷമെന്ന ഏറ്റവും ഉയർന്ന നിരക്കിലെത്തുകയും ചെയ്തു. എന്നാൽ 2024-ൽ 15 ശതമാനവും 2025-ൽ 18.5 ശതമാനവും ഇടിവ് രേഖപ്പെടുത്തി. 2021 നും 2025 നും ഇടയിൽ ആകെ 34.7 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പഠനാവശ്യത്തിനായി വിദേശത്തേക്ക് കടന്നത്. സാമ്പത്തിക സ്ഥിതി, വായ്പ ലഭ്യത, വിദേശ ജീവിത സാഹചര്യങ്ങൾ, പഠന താത്പര്യം എന്നിവയാണ് വിദേശപഠന തീരുമാനങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നു.
ഓരോ വർഷവും വിദേശത്തേക്ക് പോകുന്നവരുടെ എണ്ണവും നിലവിൽ അവിടെ പഠിക്കുന്നവരുടെ ആകെ എണ്ണവും വ്യത്യസ്തമാണ്. 2025 ജനുവരിയിലെ സർക്കാർ കണക്കുകൾ പ്രകാരം 18.82 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർഥികളാണ് വിവിധ രാജ്യങ്ങളിലായി പഠിക്കുന്നത്. ഇതിൽ 12.54 ലക്ഷത്തിലധികം പേർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഉള്ളത്. ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് കാനഡ (4.27 ലക്ഷം), യു.എസ്.എ (2.55 ലക്ഷം), യുകെ (1.73 ലക്ഷം) എന്നീ രാജ്യങ്ങളെയാണ്.
അതേസമയം, ഇന്ത്യൻ വിദ്യാർഥികൾ വിദേശത്തേക്ക് പോകുന്നതിനൊപ്പം തന്നെ ഇന്ത്യയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദേശ രാജ്യങ്ങളിൽ സ്വന്തം ക്യാമ്പസുകൾ ആരംഭിക്കുന്ന പുതിയ രീതിയും ശക്തമാകുന്നുണ്ട്. ഐ.ഐ.ടി മദ്രാസ് സാൻസിബാറിലും ഐ.ഐ.ടി ഡൽഹി അബുദാബിയിലും ഐ.ഐ.എം അഹമ്മദാബാദ് ദുബായിലും ക്യാമ്പസുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ഈ ക്യാമ്പസുകളിലെ വിദ്യാർഥികളുടെ എണ്ണം കുറവാണെങ്കിലും ഇന്ത്യൻ വിദ്യാഭ്യാസ രംഗത്തിന്റെ അന്താരാഷ്ട്രവൽക്കരണത്തിലേക്കുള്ള പ്രധാനപ്പെട്ട മാറ്റമായാണ് ഇതിനെ വിലയിരുത്തുന്നത്.
Content Highlights: According to Bureau of Immigration data, the number of Indian students going abroad for higher studies declined for the second consecutive year to 6,19,264 in 2025, down from a peak of nearly 8.95 lakh in 2023.
Published: 14 Aug 2026, 01:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented