
ബയ്റുത്ത്: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ബയ്റുത്ത് അറ്റ്ചാനെ സെയ്ന്റ് മേരീസ് കത്തീഡ്രലിൽ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മുഖ്യ കാര്‍മികത്വം വഹിച്ചു. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് പ്രഥമൻ ബാവ എന്ന പേരിലാകും അദ്ദേഹം അറിയപ്പെടുക. ബസേലിയോസ് എന്നത് കാതോലിക്കയുടെ സ്ഥിരനാമമാണ്. സിറിയയിലെ ദമാസ്കസ് ആണ് അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ആസ്ഥാനം. സിറിയയിലെ സംഘർഷഭരിതമായ സാഹചര്യം കണക്കിലെടുത്താണ് ചടങ്ങ് ലബനനിലെ ബയ്റുത്ത് അറ്റ്ചാനെ സെയ്ന്റ് മേരീസ് കത്തീഡ്രലിലേക്ക് മാറ്റിയത്.
ഔദ്യോഗിക സംഘത്തെ അയച്ചതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാത്രിയര്‍ക്കീസ് ബാവ ആമുഖ പ്രസംഗത്തിൽ പ്രത്യേകം നന്ദി അറിയിച്ചു. ഇന്ത്യയുടെ മറ്റുമതങ്ങളോടുള്ള സഹിഷ്ണുതയേയും സ്നേഹത്തേയും ബാവ പ്രത്യേകം പരാമർശിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ബാവ പ്രത്യേകം നന്ദി അറിയിച്ചു. മുഖ്യമന്ത്രിയുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സഭയോട് കാണിക്കുന്ന സ്നേഹത്തിനും സർക്കാർ പ്രതിനിധി സംഘത്തെ അയച്ചതിലും നന്ദി അറിയിക്കുന്നതായും ബാവ പറഞ്ഞു.
പാത്രിയർക്കീസ് ബാവയുടെ കീഴിൽ പ്രാദേശിക ഭരണത്തിനായി ക്രമീകരിക്കപ്പെട്ട കാതോലിക്കേറ്റിലെ 81-ാമത്തെ കാതോലിക്കാ ബാവയാണ് മാർ ഗ്രിഗോറിയോസ്. ആകമാന സുറിയാനി സഭയിലെ ഭരണശ്രേണിയിൽ പാത്രിയർക്കീസ് ബാവയ്ക്കുശേഷം സഭയിൽ രണ്ടാം സ്ഥാനീയനാണ് ശ്രേഷ്ഠ കാതോലിക്ക. മെത്രാപ്പോലീത്തമാരെ വാഴിക്കാനും പ്രാദേശിക സുന്നഹദോസിനെ നയിക്കാനും കാതോലിക്കക്ക് അധികാരമുണ്ട്. ശ്രേഷ്ഠബസേലിയോസ് ജോസഫ് ബാവാ കാനോനിക കാതോലിക്കയാവുന്നത് യാക്കോബായ അസോസിയേഷൻ ഐകകണ്ഠ്യേന തിരഞ്ഞെടുത്തതിന് ശേഷമാണ്.

സഭാ ശുശ്രൂഷയിലും അന്ത്യോക്യ-മലങ്കര ബന്ധം കാത്തുസൂക്ഷിക്കുന്നതിലും അതീവ ശ്രദ്ധപുലർത്തിയിരുന്ന ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനലബ്ധി സഭയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതൽ കരുത്തേകുമെന്ന വിശ്വാസത്തിലാണ് വിശ്വാസികൾ. സമന്വയത്തിന്റെയും വിശ്വാസ സംരക്ഷണത്തിന്റെയും മാതൃക സൃഷ്ടിച്ചാണ് ജോസഫ് മാർ ഗ്രിഗോറിയോസ് തന്റെ സഭാജീവിതം മുന്നോട്ടുകൊണ്ടുപോയത്. 31 വർഷം മെത്രാപ്പോലീത്തയായി സഭയെ സേവിക്കുകയും നയിക്കുകയും ചെയ്തു. തളരാത്ത ആത്മവിശ്വാസത്തിന്റെ ഉടമ കൂടിയാണ് നിയുക്ത കാതോലിക്ക. 18 വർഷം സുന്നഹദോസ് സെക്രട്ടറിയായും പരിചയമുണ്ട്.
പാത്രിയര്‍ക്കീസ് ബാവയുടെ കീഴില്‍ പ്രാദേശിക ഭരണത്തിനായി ക്രമീകരിക്കപ്പെട്ട കാതോലിക്കേറ്റിലെ 81-ാമത്തെ കാതോലിക്കാ ബാവയാണ് മാര്‍ ഗ്രിഗോറിയോസ്. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ, അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ, സിറിയന്‍ കത്തോലിക്കാ സഭ, അര്‍മേനിയന്‍ കത്തോലിക്കാ സഭ, കല്‍ദായ സുറിയാനി സഭ തുടങ്ങി വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ ചടങ്ങില്‍ പങ്കെടുത്തു. മലങ്കര കത്തോലിക്കാ സഭയുടെ തലവനായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയും മാര്‍ത്തോമ്മ സഭയെ പ്രതിനിധാനം ചെയ്ത് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയും പങ്കെടുത്തു. മുൻ കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, അൽഫോൻസ് കണ്ണന്താനം, ബെന്നി ബഹനാൻ എംപി, ഷോൺ ജോർജ് എന്നിവർ കേന്ദ്രസർക്കാർ പ്രതിനിധികളായും മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ എംഎൽഎമാരായ അനൂപ് ജേക്കബ്, ഇ.ടി. ടൈസൺ, എൽദോസ് കുന്നപ്പിള്ളി, ജോബ് മൈക്കിൾ, പി.വി. ശ്രീനിജിൻ എന്നിവരും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും കേരള സർക്കാരിന്റെ പ്രതിനിധികളായും പങ്കെടുത്തു.
പരുമല തിരുമേനിയുടെ നാലാം തലമുറക്കാരൻ
മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ പദവിയിലേക്ക് ഉയർത്തപ്പെട്ട ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പരിശുദ്ധ ചാത്തുരുത്തിയിൽ ഗീവർഗീസ് മാർ ഗ്രിഗോറിയോസി (പരുമല കൊച്ചുതിരുമേനി) ന്റെ നാലാം തലമുറക്കാരനാണ്. 1960 നവംബർ 10-ന് പെരുമ്പിള്ളി ശ്രാമ്പിക്കൽ പള്ളത്തിട്ടയിൽ വർഗീസിന്റെയും സാറാമ്മയുടെയും നാലാമത്തെ മകനായി ജനിച്ചു. സണ്ണി, ഉമ്മച്ചൻ, പരേതയായ ശാന്ത എന്നിവർ സഹോദരങ്ങൾ. പരുമല തിരുമേനിയുടേയും തൻ്റെ ഗുരുനാഥനായ പെരുമ്പള്ളി തിരുമേനിയുടേയും അതേ പേരുകാരനായ മാർ ഗ്രീഗോറിയോസ് തൻ്റെ പിൻഗാമിയാവണമെന്ന് കാലം ചെയ്ത ശ്രേഷ്ഠ ബാവ ആഗ്രഹിച്ചിരുന്നു.
വിദ്യാഭ്യാസം
പെരുമ്പിള്ളി പ്രൈമറി, മുളന്തുരുത്തി ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ സ്‌കൂൾ പഠനശേഷം പെരുമ്പിള്ളി സെയ്ന്റ് ജെയിംസ് തിയോളജിക്കൽ സെമിനാരിയിൽ വൈദിക പഠനം നടത്തി. മഹാരാജാസ് കോളേജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. 1988-ൽ അയർലൻഡിൽ സെയ്ന്റ് പാട്രിക് കോളേജിൽനിന്ന് വേദശാസ്ത്രത്തിൽ ബിരുദവും 1991-ൽ ഡബ്ലിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഫിലും അമേരിക്കയിൽനിന്ന് ക്ലിനിക്കൽ പാസ്റ്ററൽ ആൻഡ് കൗൺസലിങ്ങിൽ ഡിപ്ലോമയും നേടി.
ജോസഫ് ശെമ്മാശൻ
മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലാണ് മാതൃ ഇടവക. 1974 മാർച്ച് 25 വചനിപ്പ് പെരുന്നാൾ ദിവസം മഞ്ഞനിക്കര ദയറായിൽ വെച്ച് 13-ാം വയസ്സിൽ കൊച്ചി ഭദ്രാസനത്തിന്റെ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത (പെരുമ്പിള്ളി തിരുമേനി) കോറൂയോ പട്ടം കൊടുത്തു. ശെമ്മാശപ്പട്ടമേറ്റ 23 പേരിൽ പ്രായത്തിൽ ഏറ്റവും ഇളയ ആൾ ജോസഫ് ശെമ്മാശനായിരുന്നു. 1984 മാർച്ച് 25-ന് മാർ ബസേലിയോസ് പൗലോസ് രണ്ടാമൻ ബാവ കശ്ശീശാ പദവിയിലേക്ക് ഉയർത്തി. 1984 മുതൽ നാലുവർഷം ബെംഗളൂരു സെയ്ന്റ് മേരീസ് പള്ളി വികാരിയായി. ഉപരിപഠനാർഥം അമേരിക്കയിൽ പോയപ്പോൾ വിവിധ ദൈവാലയങ്ങളിൽ ശുശ്രൂഷ നിർവഹിച്ചു. അയർലൻഡിലെ പഠനകാലത്ത് ലണ്ടനിൽ പള്ളി സ്ഥാപിച്ച് അഞ്ചുവർഷം വികാരിയായിരുന്നു.
മെത്രാപ്പോലീത്ത സ്ഥാനം
1994 ജനുവരി 14-ന് പാത്രിയർക്കീസ് സഖാ പ്രഥമൻ ബാവ ഡമാസ്‌കസിൽ െവച്ച് റമ്പാനായി ഉയർത്തി. 1994 ജനുവരി 16-ന് 33-ാം വയസ്സിൽ പാത്രിയർക്കീസ് സഖാ പ്രഥമൻ ബാവ മാർ ഗ്രിഗോറിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ചു. 30 വർഷമായി കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായി അജപാലന ശുശ്രൂഷ ചെയ്തുവരുന്നു. 18 വർഷം എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറിയായി പ്രവർത്തിച്ചു. അങ്കമാലി ഭദ്രാസനത്തിൽ വിവിധ മേഖലകളുടെയും ചുമതലകൾ വഹിച്ചിട്ടുണ്ട്.
അഖില മലങ്കര സൺഡേ സ്‌കൂൾ അസോസിയേഷൻ പ്രസിഡന്റ്, മഞ്ഞനിക്കര തീർഥയാത്രാസംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. 2019 ഓഗസ്റ്റ് 28-ന് സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി തിരഞ്ഞെടുത്തു. 2024 ഫെബ്രുവരിയിൽ മലങ്കരയിലെത്തിയ പാത്രിയർക്കീസ് ബാവ മലങ്കര മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ചു. ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ അനാരോഗ്യത്തെ തുടർന്ന് പാത്രിയർക്കീസ് ബാവ ഗ്രിഗോറിയോസിനെ കാതോലിക്കോസ് അസിസ്റ്റന്റാക്കി.
സ്ഥാനാരോഹണ ശുശ്രൂഷ 30-ന്
യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി വാഴിക്കൽ ചടങ്ങുകൾ കഴിഞ്ഞെത്തുന്ന ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ വരവേൽക്കാൻ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ഒരുക്കങ്ങൾ തുടങ്ങി. വാഴിക്കൽ ചടങ്ങുകൾക്കുശേഷം 30-ന് ഉച്ചകഴിഞ്ഞ് 2.15-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന നവാഭിഷിക്ത കാതോലിക്കാ ബാവയെ സഭയിലെ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും ചേർന്ന് സ്വീകരിക്കും. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ കബറിടത്തിൽ ആദ്യം പ്രാർഥന നടത്തി അനുഗ്രഹം തേടും. തുടർന്ന് നാലുമണിയോടെ, പാത്രിയർക്കീസ് ബാവയുടെ പ്രതിനിധികളായി കേരളത്തിലെത്തുന്ന ബയ്റുത്തിന്റെ ആർച്ച് ബിഷപ്പ് മാർ ഡാനിയേൽ ക്ലിമീസ് മെത്രാപ്പോലീത്തയുടെയും ഹോംസ് ആർച്ച് ബിഷപ്പ് മാർ തീമോത്തിയോസ് റത്താ അൽഖുറിയുടെയും പ്രധാന കാർമികത്വത്തിലും സഭയിലെ മെത്രാപ്പോലീത്തമാരുടെയും സഹകാർമികത്വത്തിലും സ്ഥാനാരോഹണ സുന്ത്രോണീസോ ശുശ്രൂഷ നടക്കും. വൈകീട്ട് 5-ന് ബസേലിയോസ് തോമസ് പ്രഥമൻ നഗറിൽ നടക്കുന്ന അനുമോദന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും.
Content Highlights: joseph mar gregorios new catholicos ordination
Published: 25 Mar 2025, 10:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented