കൊച്ചി: യാക്കോബായ-ഓർത്തഡോക്‌സ് സഭാതർക്കം നിലനിൽക്കുന്ന എറണാകുളം, പാലക്കാട് ജില്ലകളിലെ ആറുപള്ളികൾ കളക്ടർമാർ ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പോലീസ് സംരക്ഷണം തേടുന്ന ഹർജിയിൽ ഇത്തരമൊരു ഉത്തരവിടാനാകില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി.

To advertise here,

എറണാകുളം ജില്ലയിലെ പുളിന്താനം സെയ്ന്റ് ജോൺസ് ബെസ്ഫാഗെ പള്ളി, ഓടക്കാലി സെയ്ന്റ് മേരീസ് പള്ളി, മഴുവന്നൂർ സെയ്ന്റ് തോമസ് പള്ളി, പാലക്കാട് ജില്ലയിലെ മംഗലംഡാം സെയ്ന്റ് മേരീസ് പള്ളി, എരിക്കിൻച്ചിറ സെയ്ന്റ് മേരീസ് പള്ളി, ചെറുകുന്നം സെയ്ന്റ് തോമസ് പള്ളി എന്നീ പള്ളികൾ അതത് കളക്ടർ ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ 2024 ഓഗസ്റ്റ് 30-ലെ ഇടക്കാല ഉത്തരവാണ് റദ്ദാക്കിയത്.

സർക്കാരും യാക്കോബായ സഭാംഗങ്ങളുമാണ് അപ്പീൽ നൽകിയിരുന്നത്. പോലീസ് സംരക്ഷണം ആവശ്യപ്പെടുന്ന ഹർജിയെ പള്ളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ടുവിഭാഗങ്ങൾ തമ്മിലുള്ള തർക്കമുന്നയിക്കാനുള്ള സിവിൽ സ്യൂട്ടായി മാറ്റാനാകില്ലെന്നും കോടതി പറഞ്ഞു.

കെ.എസ്. വർഗീസ് കേസിലെ സുപ്രീംകോടതി ഉത്തരവ് കേസിൽ ഉൾപ്പെട്ട കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ പള്ളികൾക്കാണ് ബാധകമാകുക. മലങ്കര ഓർത്തഡോക്‌സ് സിറിയൻ സഭയിലെ എല്ലാ ഘടക ഇടവകപ്പള്ളികൾക്കും ഈ ഉത്തരവ് ബാധകമാണെന്ന് വാദിക്കാൻ കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

സഭാതർക്കം നിലനിൽക്കുന്ന പാലക്കാട്, എറണാകുളം ജില്ലകളിലായുള്ള ആറുപള്ളികൾ യാക്കോബായ വിഭാഗത്തിൽനിന്ന് ഏറ്റെടുത്ത് ഓർത്തഡോക്‌സ് പക്ഷത്തിന് കൈമാറണമെന്ന് കോടതി ഉത്തരവുകളുണ്ടായിരുന്നു. ഇത് പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത്.

2024 ഓഗസ്റ്റ് 30-ന് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരേ സർക്കാരും യാക്കോബായ സഭയും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും 2024 ഒക്ടോബർ 17-ന് അപ്പീൽ തള്ളിയിരുന്നു. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചു. ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, വിഷയം വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ നിർദേശിച്ച് മടക്കുകയായിരുന്നു.