മുട്ടം: യുവതിയെ കൊലപ്പെടുത്തി മാറിടം മുറിച്ചുമാറ്റിയ കേസിൽ യുവാവിന് ജീവപര്യന്തം തടവും പിഴയും. തൊടുപുഴ വണ്ടമറ്റം പടിക്കുഴയിൽ ഗിരോഷി(39)നെയാണ് തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി സനു എസ്. പണിക്കർ ശിക്ഷിച്ചത്. അടിമാലി ഇരുമ്പുപാലം പതിനാലാംമൈൽ ചരുവിള പുത്തൻവീട്ടിൽ സെലീന(38)യെയാണ് ഇയാൾ അരുംകൊല ചെയ്തത്. കൊലപാതകം, വീട്ടിൽ അതിക്രമിച്ച് കടക്കൽ, കവർച്ച എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ.
2017 ഒക്ടോബർ 10-നായിരുന്നു കൊലപാതകം. മുൻവിരോധമാണ് കാരണം. 2015-ലാണ് ഇതിന് തുടക്കം. ആ സമയം ഗിരോഷ് അടിമാലിയിൽ ഒരു സ്ഥാപനം നടത്തിയിരുന്നു. അവിടെവെച്ച് പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ഗോത്രവർഗ പെൺകുട്ടിയുമായി ഇയാൾക്ക് അടുപ്പമുണ്ടായിരുന്നു. പിന്നീട് ഗിരോഷ് ബന്ധത്തിൽനിന്ന് പിൻമാറാൻ ഒരുങ്ങി. പൊതുപ്രവർത്തക കൂടിയായ സെലീന ഇടപെട്ട് നിർബന്ധപൂർവം വിവാഹം നടത്തി.
സെലീനയും പ്രതിയുമായി സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ഗിരോഷിന്റെ പേരിൽ എടുത്ത വായ്പ സെലീന തിരിച്ചടച്ചില്ല. പ്രതിയുടെ ഭാര്യയെ പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. ഇതെല്ലാമാണ് വിരോധകാരണമായത്. സംഭവദിവസം സെലീനയുടെ വീട്ടിലെത്തിയ പ്രതി കഠാര ഉപയോഗിച്ച് സെലീനയുടെ കഴുത്തിൽ പലപ്രാവശ്യം കുത്തി. പിന്നീടുപോയ പ്രതി ഉച്ചകഴിഞ്ഞ് മൂന്നോടെ തിരിച്ചെത്തി.
സെലീനയുടെ ഇടതുമാറിടം മുറിച്ച് ബാഗിലാക്കി തൊടുപുഴയിലെ വീട്ടിലേക്കുപോയി. സെലീനയുടെ മത്സ്യവ്യാപാരിയായ ഭർത്താവ് സിയാദ് രാത്രി വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കേസിൽ നിർണായക തെളിവായത് മണ്ണ്. പ്രതി ഗിരോഷിന്റെ ചെരിപ്പിനടിയിൽനിന്ന് മണ്ണ് ലഭിച്ചിരുന്നു. ഇതും സെലീനയുടെ വീടിന്റെ പരിസരത്തുനിന്ന് ശേഖരിച്ച മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ രണ്ട് സാമ്പിളുകളും സാമ്യമുള്ളതാണെന്ന് തെളിഞ്ഞു.
സെലീനയുടെ വീട്ടിൽനിന്ന് അല്പം അകലെ പ്രവർത്തിക്കുന്ന സ്പൈസസ് സ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും തെളിവായി. സംഭവദിവസം രണ്ട് പ്രാവശ്യം സെലീനയുടെ വീട്ടിലേക്ക് പ്രതി ബൈക്കിൽ പോകുന്ന ദൃശ്യം ഇതിൽ പതിഞ്ഞിരുന്നു. ഇത് കൊലപാതകം നടന്ന സമയത്തും പിന്നീടുമായിരുന്നു. പ്രതിയെ പെട്ടെന്ന് പിടികൂടാൻ ഈ ദൃശ്യങ്ങൾ സഹായകമായി. കൂടാതെ, കോടതിയിൽ വലിയ തെളിവുമായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 34 സാക്ഷികളെ വിസ്തരിച്ചു. 41 പ്രമാണങ്ങളും 15 തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി.
വ്യക്തിവിരോധത്തിൽ അതിക്രൂര കൊലപാതകം
അടിമാലി: നാടിനെ നടുക്കിയ സെലീന കൊലക്കേസിൽ പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുമ്പോഴും ഏറെ കോളിളക്കം സൃഷ്ടിച്ച ആ രാത്രി ഇരുമ്പുപാലത്തെ ആളുകൾ ഇന്നും ഒരു ഞെട്ടലോടെയാണ് ഓർത്തെടുക്കുന്നത്. 2017 ഒക്ടോബർ 10-നായിരുന്നു 14-ാം മൈൽ ചാരുവിള പുത്തൻവീട്ടിൽ സിയാദിന്റെ ഭാര്യ സെലീനയെ(38) തൊടുപുഴ വണ്ടമറ്റം പടിക്കുഴയിൽ ഗിരോഷ് ക്രൂരമായി കൊലപ്പെടുത്തിയത്. പഴയ സാമ്പത്തിക ഇടപാടുകളും വ്യക്തിവിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
2015-ൽ മാങ്കുളത്തുണ്ടായ ഒരുസംഭവവുമായി ബന്ധപ്പെട്ട് പ്രതി ഗിരോഷിന്റെ വിവാഹം നടത്തുന്നതിൽ സെലീന ഇടപെട്ടിരുന്നു. തുടർന്ന് ഗിരോഷിന്റെ പേരിൽ സ്വകാര്യ സ്ഥാപനത്തിൽനിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാതെ കുടിശ്ശിക വരുത്തിയതിനെച്ചൊല്ലിയും ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. തനിക്കെതിരേ ഉയർന്ന സാമ്പത്തിക പരാതികളിൽ അനുകൂല തീരുമാനമുണ്ടാകാത്തത് ഗിരോഷിന് സെലീനയോടുള്ള വൈരാഗ്യം വർധിപ്പിച്ചു.
പിന്നീട്, പ്രസവത്തിനായി ഭാര്യയെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഗിരോഷ് സെലീനയോട് പണം ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായില്ല. ഇതോടെയാണ് സെലീനയെ കൊല്ലാൻ പ്രതി തീരുമാനിച്ചത്. സംഭവദിവസം ഉച്ചയോടെ ബൈക്കിലെത്തിയ ഗിരോഷ് തന്റെ പക്കലുണ്ടായിരുന്ന കഠാര ഉപയോഗിച്ച് സെലീനയുടെ കഴുത്തിൽ നിരവധി തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് മടങ്ങിയ പ്രതി, വൈകീട്ട് മൂന്നുമണിയോടെ വീണ്ടുമെത്തി സെലീനയുടെ ഇടതുമാറിടം മുറിച്ച് ബാഗിലാക്കി തൊടുപുഴയിലെ വീട്ടിലേക്കു പോയി. വൈകീട്ട് 7.45-ഓടെ കച്ചവടം കഴിഞ്ഞെത്തിയ ഭർത്താവ് സിയാദാണ് പിൻമുറ്റത്ത് ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അയൽവാസികളും സമീപത്തെ സ്ഥാപനത്തിലെ ജീവനക്കാരും സ്ഥലത്തെത്തി അടിമാലി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
സമീപത്തെ സ്‌പൈസസ് സ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ നിർണായകമായത്. സംഭവദിവസം ഗിരോഷ് രണ്ടുതവണ ബൈക്കിലെത്തുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. സാക്ഷികൾ ഇത് സ്ഥിരീകരിച്ചതോടെ ടവർ ലൊക്കേഷൻ പരിശോധിച്ച പോലീസ് പടിഞ്ഞാറേ കോടിക്കുളത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അടിമാലി സി.ഐ. ആയിരുന്ന പി.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
ഒക്ടോബർ പത്തും, പത്തുദിവസത്തെ അവധിയും
തൊടുപുഴ: 2017 ഒക്ടോബർ 10. വീടുപണി നടക്കുന്ന കാലം. പത്തുദിവസത്തെ അവധിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു, അന്ന് അടിമാലി സി.ഐ.യായിരുന്ന പി.കെ. സാബു. യാത്രയ്ക്കിടെ ഒരു ഫോൺവിളി; ഒരു സ്ത്രീ കൊല്ലപ്പെട്ടിരിക്കുന്നു. കൊല്ലപ്പെട്ടത് 14-ാംമൈൽ ചാരുവിള പുത്തൻവീട്ടിൽ സിയാദിന്റെ ഭാര്യ സെലീന. പിന്നെ അവധിയില്ല, വീടില്ല, നേരേ സംഭവസ്ഥലത്തേക്ക്. എട്ടുവർഷത്തിനിപ്പുറം സെലീന വധക്കേസിൽ വിധി വന്നപ്പോൾ ആ രാത്രി വീണ്ടും ഓർത്തെടുക്കുകയാണ് അന്നത്തെ അന്വേഷണോദ്യോഗസ്ഥൻ.
'ചില കേസുകൾ ഔദ്യോഗികജീവിതത്തിന്റെ ഭാഗമായി കടന്നുപോകും. എന്നാൽ, ചിലത് ഒരിക്കലും മനസ്സിൽനിന്ന് മായില്ല. അത്തരിലൊന്നാണ് സെലീന വധക്കേസ്' - പി.കെ. സാബു പറയുന്നു. അവധി ഉപേക്ഷിച്ച് തിരിച്ചെത്തി ജീപ്പിൽ നേരേ സംഭവസ്ഥലത്തേക്ക്. സമയം രാത്രി 9.30 കഴിഞ്ഞിരുന്നു. സെലീനയോട് ആർക്കാണ് ശത്രുതയെന്ന അന്വേഷണത്തിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. വീടിനെതിർവശത്തുള്ള ഒരു സ്‌പൈസസ് കടയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു.
രാത്രി രണ്ടോടെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ബൈക്കിലെത്തുന്ന ഒരാളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടു. ഒരിക്കൽ വന്നുപോകുന്നു. ഇടവേളയ്ക്കുശേഷം വീണ്ടും വീട്ടിലേക്ക് കയറുന്നു. ആസമയം സ്റ്റേഷനിലുണ്ടായിരുന്ന ഭർത്താവ് സിയാദിനെ ദൃശ്യങ്ങൾ കാണിച്ചു. മുഖം വ്യക്തമായിരുന്നില്ല. എന്നാൽ, ശരീരഭാഷയിൽനിന്ന് അത് ഗിരോഷ് ആയിരിക്കാമെന്ന് സിയാദ് സംശയം പ്രകടിപ്പിച്ചു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്ന വിവരവും ലഭിച്ചു.
ഗിരോഷിന്റെ വീടറിയാമെന്നും സിയാദ് പറഞ്ഞു. പിന്നെ വൈകിയില്ല. പുലർച്ചെ മൂന്നോടെ ഗിരോഷിനെത്തേടി പുറപ്പെട്ട പോലീസ്സംഘം പ്രതിയെ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന സിയാദ് പ്രതിയെ തിരിച്ചറിഞ്ഞതോടെ ഗിരോഷിനെ സ്റ്റേഷനിലെത്തിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും അടിസ്ഥാനമാക്കിയുള്ള ചോദ്യംചെയ്യലിൽ ഗിരോഷ് കുറ്റം സമ്മതിച്ചു. പ്രതിയെ പിടികൂടിയശേഷവും അന്വേഷണം എളുപ്പമായിരുന്നില്ല.
ചോദ്യംചെയ്യലിനിടെ പ്രതി മൊഴികൾ മാറ്റിയതും ചില നിർണായകതെളിവുകൾ കണ്ടെത്താൻ നേരിട്ട ബുദ്ധിമുട്ടുകളും അന്വേഷണം സങ്കീർണമാക്കി. വിധിവാർത്ത അറിയുമ്പോൾ പി.കെ. സാബുവിന്റെ ഓർമ്മയിലേക്ക് ആദ്യം വന്നത് ആ ഒക്ടോബർ പത്തും അവധി ഉപേക്ഷിച്ച് തിരിച്ചുപോയ ആ രാത്രിയും. ഇപ്പോൾ കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യാണ് സാബു.
Content Highlights: A man named Girosh was sentenced to life imprisonment for the brutal murder of Selina, which involved personal and financial disputes, including a failed loan repayment and a forced marriage intervention by Selina. The murder occurred on October 10, 2017, and was driven by longstanding animosity stemming from financial disagreements and personal grievances between Girosh and Selina. Key evidence included CCTV footage showing Girosh visiting Selina's house twice on the day of the murder, soil samples matching those from the crime scene, and witness testimonies, leading to his conviction.
Published: 12 Nov 2026, 09:56 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented