ടെല്‍ അവീവ്: ഞായറാഴ്ച യെമനിലെ ഹൂതി വിമതര്‍ ഇസ്രായേലിലേക്ക് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍, രാജ്യത്തെ ഏറ്റവും പ്രധാന വിമാനത്താവളങ്ങളിലൊന്നായ ബെന്‍ ഗുറിയോണ്‍ വിമാനത്താവത്തിന്റെ ടെര്‍മിനല്‍ മൂന്നില്‍ നിന്ന് വെറും 75 മീറ്റര്‍ അകലെയാണ് പതിച്ചത്. രാജ്യത്ത് വിന്യസിച്ചിട്ടുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് മിസൈല്‍ തടയാന്‍ കഴിയാതിരുന്നതോടെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഇസ്രയേല്‍. 

To advertise here,

ഹൂതി വിമര്‍തര്‍ക്കെതിരെ യുഎസ് നടത്തുന്ന കടുത്ത സൈനിക നടപടികള്‍ക്കിടെയാണ് ഇത്തരത്തിലൊരു ആക്രമണം അവരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നാണ് ഇസ്രയേലിനെ കൂടുതല്‍ അലട്ടുന്നത്. രാജ്യത്തെ ഏറ്റവും സുരക്ഷാ പ്രധാന്യമുള്ള മേഖലയിലാണ് മിസൈല്‍ പതിച്ചതെന്നതും ശ്രദ്ധേയമാണ്. മിസൈല്‍ പതിച്ചതിനെത്തുടര്‍ന്ന് 25 മീറ്റര്‍ ആഴത്തിലുള്ള ഗര്‍ത്തമാണ് രൂപപ്പെട്ടിരിക്കുന്നത്.

ഇസ്രയേല്‍ വ്യോമസേനയുടെ വ്യോമപ്രതിരോധ സംവിധാനമായ ആരോയും അമേരിക്കയുടെ താഡ് സംവിധാനവും ഹൂതി മിസൈല്‍ തടയുന്നതില്‍ പരാജയപ്പെട്ടെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. യെമനില്‍ നിന്ന് തൊടുത്തുവിട്ട ബാലസ്റ്റിക് മിസൈല്‍ വീഴ്ത്താന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയതായും ഒടുവില്‍ ബെന്‍ ഗുറിയോണ്‍ വിമാനത്താവള പരിധിയില്‍ ഇത് പതിക്കുകയും ചെയ്തതായി ഐഡിഎഫ് പറയുന്നു.

ആക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെട്ടതില്‍ ഇസ്രയേല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസയിലെ ജനങ്ങള്‍ക്കെതിരെ വംശഹത്യ നടത്തുന്ന ഇസ്രയേല്‍ നടപടിക്കെതിരായ പ്രതിഷേധമാണിതെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് ഹൂതി വിമതര്‍ അറിയിച്ചു. ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വിമതര്‍ അവകാശപ്പെടുന്നു. 

അതേ സമയം ഹൂതികള്‍ക്കുള്ള തിരിച്ചടി കനത്തതായിരിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'ഞങ്ങളെ ആക്രമിക്കുന്നവരെ ഏഴ് മടങ്ങ് തിരിച്ചാക്രമിക്കും' അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ സുരക്ഷാതല മന്ത്രിസഭാ സമിതിയുടെ യോഗവും ഇന്ന് ചേരുന്നുണ്ട്.

ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തിന് നേരെയുള്ള ആക്രമണത്തെ തുടര്‍ന്ന് ടെല്‍ അവീവിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയടക്കം നിരവധി വിമാന കമ്പനികള്‍ റദ്ദാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യ വിമാനം ടെല്‍ അവീവില്‍ ഇറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പായിരുന്നു ആക്രമണം. ഇതേ തുടര്‍ന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ജോര്‍ദാന്‍ ആകാശ പരിധിയില്‍നിന്ന് എയര്‍ ഇന്ത്യ വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.