ജറുസലേം: ഇറാനെതിരേ ശക്തമായ ആക്രമണം നടത്താൻ ഇസ്രയേൽ ഒരുങ്ങുന്നതായി സൂചനകൾ. സൈനികർക്ക് അനുവദിച്ച അവധികൾ റദ്ദാക്കി ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുകളുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഇസ്രയേൽ ഏകപക്ഷീയമായി ആക്രമണത്തിന് തയ്യാറെടുക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നത്.

To advertise here,

ഇസ്രയേലിന്റെ നിബന്ധനകൾക്ക് അനുസരിച്ച് സംഘർഷത്തിൽ  പങ്കുചേരില്ലെന്ന് അമേരിക്കൻ ഭരണകൂടം നേരിട്ട് വ്യക്തമാക്കിയിട്ടില്ലെങ്കിലും പരോക്ഷ സൂചനകൾ നൽകിയിരുന്നു. സംഘർഷം രൂക്ഷമാക്കാതെ ചർച്ചകളിലേക്ക് നീങ്ങണമെന്നാണ് അമേരിക്കയുടെ ആവശ്യം. യുദ്ധം ദീർഘകാലം തുടരുന്നത് ഇറാന്റെ പരാജയത്തിലേക്ക് എത്തിക്കില്ലെന്ന് നയതന്ത്രവിദഗ്ധർ അഭിപ്രായപ്പെടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് അമേരിക്കയുടെ ഈ നിലപാട്.

അതേസമയം, ഇറാനെതിരെയുള്ള യുദ്ധത്തിന് തങ്ങൾക്ക് അമേരിക്കയുടെ പിന്തുണയോ അനുവാദമോ ആവശ്യമില്ലെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) വ്യക്തമാക്കിയിട്ടുണ്ട്. ഇറാനെതിരേയുള്ള യുദ്ധം തടയാൻ അമേരിക്ക ശ്രമിക്കുന്നുണ്ടെങ്കിലും തങ്ങളുടെ സുരക്ഷയ്ക്കായി ആരുടെയും അനുവാദം ആവശ്യമില്ലെന്ന കർശന നിലപാടിലാണ് നെതന്യാഹു സർക്കാർ. നേരത്തെ ഫെബ്രുവരി 26-ന് സമാനമായ രീതിയിൽ സൈനികരുടെ അവധി റദ്ദാക്കിയതിന് തൊട്ടുപിന്നാലെ ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. അതുകൊണ്ട് ഇപ്പോഴത്തെ നടപടി മറ്റൊരു വലിയ സൈനിക നീക്കത്തിന്റെ മുന്നോടിയാണെന്നാണ് കരുതപ്പെടുന്നത്.

ഒക്ടോബറിൽ അടുത്ത തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാൽ നെതന്യാഹു രാഷ്ട്രീയ സമ്മർദ്ദവും നേരിടുന്നുണ്ട്. ഇറാനെതിരെ വിജയകരമായി സൈനിക നീക്കം നടത്താനായാൽ അത് നെതന്യാഹുവിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയേക്കാം. അതിനുള്ള ശ്രമമാണോ ഇസ്രയേൽ നടത്തുന്നത് എന്നാണ് സംശയിക്കപ്പെടുന്നത്.

അതേസമയം, ദീർഘകാലം നീണ്ടുനിൽക്കുന്ന യുദ്ധത്തെ പ്രതിരോധിക്കാൻ ഇസ്രായേലിന്റെ പക്കൽ ആവശ്യത്തിന് മിസൈൽവേധ സംവിധാനങ്ങൾ ഉണ്ടോ എന്ന കാര്യം സംശയകരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാൽ കടുത്ത രീതിയിൽ പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹൈഫയിലെ റിഫൈനറിയും ടെൽ അവീവും ലക്ഷ്യംവെക്കുമെന്നാണ് ഇറാന്റെ ഭീഷണി.