ഗാസ/ബെയ്റൂത്ത്: ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പുതിയ തലവനും ഒക്ടോബർ 7-ലെ ഇസ്രായേൽ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളുമായ മുഹമ്മദ് ഔദയെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഗാസയിൽ നടന്ന സൈനിക നീക്കത്തിലൂടെയാണ് ഇയാളെ വധിച്ചത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെയും നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ ഓപ്പറേഷൻ നടപ്പിലാക്കിയത്. രണ്ടാഴ്ച മുമ്പ് കൊല്ലപ്പെട്ട എസെദ്ദീൻ അൽ-ഹദ്ദാദിന് പകരക്കാരനായി വെറും ഒരു ആഴ്ച മുമ്പാണ് ഔദ ഹമാസിന്റെ സൈനിക വിഭാഗം തലവനായി ചുമതലയേറ്റത്. ഒക്ടോബർ 7-ലെ ആക്രമണ സമയത്ത് ഹമാസിന്റെ ഇന്റലിജൻസ് വിഭാഗം മേധാവിയായിരുന്ന ഇദ്ദേഹം, നിരവധി ഇസ്രായേൽ പൗരന്മാരുടെയും സൈനികരുടെയും കൊലപാതകങ്ങൾക്കും തട്ടിക്കൊണ്ടുപോകലുകൾക്കും നേരിട്ട് ഉത്തരവാദിയാണെന്ന് ഇസ്രായേൽ വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകിട്ട് ഗാസ സിറ്റിയിലെ റിമാൽ മേഖലയിലാണ് ഇസ്രായേൽ സേന ആക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ ഔദ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായും 12 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. ഇസ്ലാം മതവിശ്വാസികളുടെ പ്രധാന ആഘോഷമായ ബലിപെരുന്നാളിന് തൊട്ടുമുൻപാണ് ഈ ആക്രമണം നടന്നത്.
1974ൽ വടക്കൻ ഗസ്സയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ജനിച്ച ഔദ, 1987-ലെ ഒന്നാം ഇൻതിഫാദ കാലത്താണ് ഹമാസിൽ ചേരുന്നത്. ഹമാസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമായ 'മജ്ദ്' യൂണിറ്റിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് 2000-ൽ അൽ-ഖസ്സാം ബ്രിഗേഡ്സിന്റെ ഭാഗമായി. യഹിയ സിൻവാർ, മുഹമ്മദ് ദൈഫ് തുടങ്ങിയ ഉന്നത ഹമാസ് നേതാക്കളുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. ഒക്ടോബർ 7 ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരെയും വധിക്കുമെന്ന് ഇസ്രായേൽ പ്രതിജ്ഞയെടുത്തിരുന്നു. ഇസ്മായിൽ ഹനിയ്യ, യഹിയ സിൻവാർ, മുഹമ്മദ് ദൈഫ് തുടങ്ങിയ പ്രമുഖ നേതാക്കളെ വധിച്ചതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ സൈനിക മേധാവിയെയും ഇസ്രായേൽ ലക്ഷ്യമിട്ടത്.
ഒക്ടോബർ 7-ലെ കൂട്ടക്കൊലയിൽ പങ്കെടുത്ത എല്ലാവരെയും ഇല്ലാതാക്കുമെന്ന് നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെ ആവർത്തിച്ചു. മുഹമ്മദ് ഔദയുടെ വധം ഹമാസിന്റെ കമാൻഡ് ഘടനയ്ക്ക് ലഭിച്ച വലിയ പ്രഹരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഗാസയിലെ നീക്കങ്ങൾക്കൊപ്പം തന്നെ തെക്കൻ ലബനനിലെ ടയർ, മർജായൂൺ ജില്ലകളിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം ലബനനിൽ നടന്ന ആക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണം കൂടുതൽ ശക്തമാക്കാൻ നെതന്യാഹു സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ മാത്രം ഹിസ്ബുള്ളയുടെ 600-ലധികം പോരാളികളെ വധിച്ചതായും, സൈനിക നീക്കം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പിന്തുണയോടെയാണ് ഇസ്രായേൽ ലബനനിൽ തങ്ങളുടെ സൈനിക നീക്കം വിപുലീകരിക്കുന്നത്.
Content Highlights: IDF confirms death of Hamas military chief Mohammed Ouda in Gaza., Ouda was a key architect of the October 7 attacks., Significant escalation of Israeli airstrikes in Southern Lebanon targeting Hezbollah., Benjamin Netanyahu vows to eliminate all remaining leadership involved in the October 7 massacre.
Published: 27 May 2026, 01:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented