ടെല്‍ അവീവ്: ഹമാസിന്റെ രാഷ്ട്രീയകാര്യനേതാവായിരുന്ന ഇസ്മയില്‍ ഹനിയെയെ വധിച്ചത് തങ്ങളാണെന്നു പരോക്ഷമായി സമ്മതിച്ച് ഇസ്രയേല്‍. യെമെനിലെ ഹൂതികള്‍ക്ക് നല്‍കിയ മുന്നറിയിപ്പിലാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ഇക്കാര്യം പറഞ്ഞത്. സിറിയയില്‍ ബാഷര്‍ അല്‍ അസദിനെ അട്ടിമറിച്ചതും തങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

''ഹൂതികളുടെ തന്ത്രപ്രധാനമായ അടിസ്ഥാനസൗകര്യങ്ങള്‍ ഞങ്ങള്‍ തകര്‍ക്കും. അവരുടെ നേതാക്കളുടെ തലയറക്കും. ഹനിയെ, സിന്‍വര്‍, നസ്രള്ള എന്നിവരെ ചെയ്തതുപോലെ. ടെഹ്‌റാന്‍, ഗാസ, ലെബനന്‍ എന്നിവിടങ്ങളിലെന്നപോലെ ഹൊദെയ്ദയിലും സനായിലും ഞങ്ങളതുചെയ്യും'' -പ്രാദേശികസുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കാറ്റ്‌സ് പറഞ്ഞു.

ജൂലായ് 31-ന് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഹനിയെ കൊല്ലപ്പെട്ടത്. ഗാസയിലെ ഹമാസ് നേതാവായിരുന്ന യഹ്യ സിന്‍വര്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായെത്തി. ഒക്ടോബര്‍ 16-ന് തെക്കന്‍ ഗാസയില്‍ സിന്‍വറിനെ വധിച്ചു. ഹിസ്ബുള്ള തലവനായിരുന്ന ഹസന്‍ നസ്രള്ളയെ ലെബനനില്‍ നടത്തിയ വ്യോമാക്രമണത്തിലും കൊന്നു.

സിന്‍വറുടെയും നസ്രള്ളയുടെയും മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെങ്കിലും ഹനിയെയെ വധിച്ചത് തങ്ങളാണെന്ന് ഇസ്രയേല്‍ സമ്മതിച്ചിട്ടില്ലായിരുന്നു. അതേസമയം, ഹ്രസ്വദൂരമിസൈലുപയോഗിച്ച് ഇസ്രയേലാണ് ഇതുചെയ്തതെന്ന് ഇറാന്റെ റെവലൂഷണറി ഗാര്‍ഡ് കോര്‍ ഓഗസ്റ്റ് ആദ്യം പറയുകയുണ്ടായി. ഇതിന് യു.എസിന്റെ പിന്തുണയുണ്ടെന്നും അവര്‍ പറഞ്ഞു.

സിറിയയിലെ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെ അട്ടിമറിച്ച് 'തിന്മയുടെ അച്ചുതണ്ടി'ന് ശക്തമായ പ്രഹരമേല്‍പ്പിച്ചെന്ന് കാറ്റ്‌സ് പറഞ്ഞു. അച്ചുതണ്ടില്‍ അവസാനത്തേതായ യെമെനിലെ ഹൂതികള്‍ക്കും കനത്ത അടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയുടെ നിയന്ത്രണം കൈയാളിയിരുന്ന ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ നേതൃത്വത്തിലുള്ള വിമതസംഘങ്ങള്‍ ഈ മാസം ആദ്യമാണ് അസദിനെ അട്ടിമറിച്ച് സിറിയയുടെ ഭരണംപിടിച്ചത്.

ഇസ്രയേലിനെതിരേ ഇറാന്റെ നേതൃത്വത്തിലുള്ള 'പ്രതിരോധ അച്ചുതണ്ടി'ന്റെ ഭാഗമാണ് ഹമാസും ഹിസ്ബുള്ളയും ഹൂതികളും അസദും. ഈ സഖ്യത്തെയാണ് 'തിന്മയുടെ അച്ചുതണ്ടെ'ന്ന് ഇസ്രയേല്‍ വിളിക്കുന്നത്. ഗാസായുദ്ധം ആരംഭിച്ചതോടെ ഹിസ്ബുള്ളയും ഹൂതികളും ഇസ്രയേലിനുനേരേ ആക്രമണം ശക്തമാക്കിയിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതോടെയാണ് യുദ്ധം തുടങ്ങിയത്.