
ടെഹ്റാൻ: ആണവപദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ ഇറാനുനേരേ ഇസ്രയേലും യു.എസും സംയുക്ത വ്യോമാക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധകലുഷിതമായത്. പ്രാദേശികസമയം ശനിയാഴ്ച രാവിലെ 8.15-നാണ് യു.എസും ഇസ്രയേലും ഇറാനിൽ ആക്രമണം നടത്തിയത്. പിന്നാലെ ഇറാൻ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തിരിച്ചടിക്കാനും തുടങ്ങി. അതോടെ ലോകമൊന്നടങ്കം ഭീതിയിലായി. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലുൾപ്പെടെ ഒട്ടേറെയിടങ്ങളിലാണ് ആക്രമണങ്ങൾ നടന്നത്. ഇപ്പോഴിതാ ആദ്യദിനത്തിലെ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് ഇസ്രയേൽ.
ഇറാനിൽ 1200 ലധികം ബോംബുകളാണ് ഒറ്റ ദിവസം വർഷിച്ചതെന്ന് ഇസ്രയേൽ പ്രതിരോധസേന അവകാശപ്പെടുന്നു. യുഎസ്സുമായി ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇസ്രയേൽ പ്രതിരോധസേന പങ്കുവെച്ചിട്ടുണ്ട്. ഇറാനിലെ സ്‌കൂളുകളും കെട്ടിടങ്ങളുമടക്കം ശനിയാഴ്ച തകർക്കപ്പെട്ടു. ഈ ആക്രമണങ്ങളുടെ ഭാഗമായി ആദ്യദിനം മാത്രം 1200 ലധികം ബോംബുകൾ ഇറാനിൽ വർഷിച്ചുവെന്നാണ് ഇസ്രയേൽ പറയുന്നത്.
ടെഹ്റാൻ, ഇസ്‍ഫഹാൻ, ഖോം, കരാജ്, കെർമൻഷാഹ്, ഇന്ത്യയുടെ പിന്തുണയോടെ പണിയുന്ന തുറമുഖമുള്ള ചാബഹാർ എന്നീ നഗരങ്ങളിൽ ഉഗ്രസ്ഫോടനങ്ങളുണ്ടായി. തെക്കൻ ഇറാനിലെ പെൺകുട്ടികളുടെ എലിമെന്ററി സ്കൂളിൽ ബോംബുവീണ് 85 കുട്ടികൾ മരിച്ചു. 93 പേർക്ക് ഗുരുതരപരിക്കേറ്റു. ടെഹ്‌റാനിൽ, ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ ഔദ്യോഗിക ഓഫീസിന് സമീപത്താണ് ആദ്യത്തെ ആക്രമണം റിപ്പോർട്ട് ചെയ്തത്. പിന്നാലെ രാജ്യവ്യാപകമായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. പലമേഖലകളിൽ നിന്നും പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇറാനിലെ ആക്രമണങ്ങളുടെ ദൃശ്യങ്ങളും ഇസ്രയേൽ പുറത്തുവിട്ടിരുന്നു. മിസൈൽ ലോഞ്ചറുകൾ ഉൾപ്പെടെയുള്ള സൈനിക ലക്ഷ്യങ്ങൾ തകർക്കുന്നതിന്റെ വീഡിയോ ഇസ്രയേലി വ്യോമസേന എക്സിൽ പോസ്റ്റ് ചെയ്തു. ഇറാനിലെ പടിഞ്ഞാറൻ ഭാഗത്തുള്ള നൂറുകണക്കിന് ലക്ഷ്യസ്ഥാനങ്ങൾ ആക്രമിച്ചതായി വീഡിയോയോടൊപ്പം ഇസ്രയേലി വ്യോമസേന അവകാശപ്പെട്ടു. ഇറാനിൽ വ്യോമസേന നടത്തുന്ന ആക്രമണങ്ങൾക്ക് സമാന്തരമായി, ഇസ്രയേലിലെ പ്രദേശങ്ങളിലേക്ക് ഇറാനിൽ നിന്നുള്ള ഭീഷണികൾ തടയുന്നതിനായി വ്യോമ പ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നതായും വ്യോമസേന അറിയിച്ചു.
നിരവധി രഹസ്യാന്വേഷണ വിവരങ്ങൾ അടിസ്ഥാനമാക്കി, ഇറാന്റെ രാഷ്ട്രീയ-സൈനിക തലത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഒത്തുകൂടിയ ടെഹ്റാനിലെ നിരവധി സ്ഥലങ്ങളിൽ ഒരേസമയത്താണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ നേരത്തേ പറഞ്ഞിരുന്നു. നേതാക്കൾ ഒത്തുകൂടുന്ന നിമിഷം കണ്ടെത്തുന്നതിനായി രഹസ്യാന്വേഷണ ഏജൻസികൾ പ്രവർത്തിച്ചുവരികയായിരുന്നു. ആക്രമണം പ്രതീക്ഷിച്ച് ഇറാൻ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലും രാത്രിക്ക് പകരം രാവിലെ ആക്രമണം നടത്താൻ തീരുമാനിച്ചത് വലിയ നേട്ടമായിട്ടാണ് ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെടുന്നത്.
ഓപ്പറേഷനായി ലക്ഷ്യങ്ങൾ തയ്യാറാക്കാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ആയിരക്കണക്കിന് മണിക്കൂറുകൾ ചെലവഴിച്ചെന്നും പ്രസ്താവനയിലുണ്ട്. ഇറാനിൽ എത്രകാലം വേണമെങ്കിലും ആക്രമണം നടത്താൻ ഇസ്രയേൽ സജ്ജമാണെന്നും ഐഡിഎഫ് പറയുന്നു. ഇറാന്റെ കമാൻഡർമാരേയും നേതാക്കളേയും ട്രാക്ക് ചെയ്യുന്നതിനൊപ്പം നൂറുകണക്കിന് ആക്രമണ ലക്ഷ്യങ്ങളും കൃത്യമായി ട്രാക്ക് ചെയ്യപ്പെട്ടിട്ടുള്ളതായും പറയുന്നു.
Content Highlights: Israel claims to have dropped over 1,200 bombs on Iran in one day
Published: 01 Mar 2026, 02:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented