ടെഹ്റാന്‍: നൂറോളംപേര്‍ കൊല്ലപ്പെട്ട ഇറാനിലെ ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തു. ഇറാന്റെ മുന്‍സൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ നാലാംവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ശവകുടീരത്തിന് സമീപമായിരുന്നു സ്‌ഫോടനം നടന്നത്. 

To advertise here,

ഇരട്ട രക്തസാക്ഷിത്വം എന്നാണ് സ്‌ഫോടനത്തെ ഐ.എസ് വിശേഷിപ്പിച്ചത്. കപടനേതാവായ ഖാസിം സുലൈമാനിയുടെ കുഴിമാടത്തിനുസമീപം ചെന്ന് രണ്ടുതീവ്രവാദികള്‍ തങ്ങളുടെ ശരീരത്തില്‍ വച്ചുകെട്ടിയ സ്‌ഫോടകവസ്തുകള്‍ പൊട്ടിക്കുകയായിരുന്നുവെന്ന് സന്ദേശത്തില്‍ ഐ.എസ് പറഞ്ഞു. ഒമര്‍ അല്‍ മൊവാഹിദ്, സെയഫുല്ല അല്‍ മുജാഹിദ് എന്നിവരാണ് ആക്രമണം നടത്തിയതെന്നും ഐ.എസ് വ്യക്തമാക്കി.  

ഇറാന്റെ തെക്കുകിഴക്കന്‍ നഗരമായ കെര്‍മാനിലായിരുന്നു സ്ഫോടനമുണ്ടായത്. ആദ്യത്തെ സ്ഫോടനം ജനറല്‍ സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 മീറ്റര്‍ അകലെയും രണ്ടാമത്തേത് ഒരു കിലോമീറ്റര്‍ അകലെയുമാണ് നടന്നത്. ഇറാനില്‍ ഏറെ ജനകീയനായിരുന്ന സുലൈമാനിയുടെ ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ശവകുടീരത്തില്‍ അനേകംപേര്‍ ഒത്തുകൂടിയിരുന്നു. ഇവരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടരിലേറെയും. 150 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഇറാന്‍ സേന തലവനായിരുന്ന ഖാസിം സുലൈമാനി 2020 ജനുവരി മൂന്നിന് ബാഗ്ദാദ് വിമാനത്താവളത്തില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ഡ്രോണ്‍ ആക്രമണത്തില്‍ അദ്ദേഹത്തെ വധിച്ചത്‌
തങ്ങളാണെന്ന് യുഎസ് അവകാശപ്പെട്ടിരുന്നു.