ഡമാസ്‌കസ്/വാഷിങ്ടണ്‍: സിറിയയില്‍ രണ്ട് സൈനികരടക്കം മൂന്ന് യുഎസ് പൗരര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഐഎസിന് കനത്ത തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് യുഎസിനെതിരേയും സിറിയക്കെതിരേയുമുള്ള ഐഎസ് ആക്രമണമാണെന്നും ഇതിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

To advertise here,

ഇത് സിറിയയുടെ ഏറെ അപകടംനിറഞ്ഞ ഒരു മേഖലയില്‍ നടന്ന സംഭവമാണ്. അത് അവരുടെ പൂര്‍ണനിയന്ത്രണത്തിലല്ല. കഴിഞ്ഞ സംഭവങ്ങളില്‍ സിറിയന്‍ പ്രസിഡന്റ് അഹമദ് അല്‍-ഷാറായും തകര്‍ന്നിരിക്കുകയാണ്. ഈ ആക്രമണത്തില്‍ അദ്ദേഹം അങ്ങേയറ്റം അസ്വസ്ഥനാണ്. സിറിയ യുഎസ് സൈനികര്‍ക്കൊപ്പം ഒരുമിച്ചുനിന്ന് പോരാടുമെന്ന് സിറിയന്‍ പ്രസിഡന്റ് ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

യുഎസിന്റെ IOWA നാഷണല്‍ ഗാര്‍ഡ് അംഗങ്ങളായ രണ്ടുപേരാണ് കഴിഞ്ഞദിവസം സിറിയയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. സിറിയന്‍ സൈനികര്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്.

തോക്കുധാരിയായ ഐഎസ് അംഗമാണ് സൈനികര്‍ക്ക് നേരേ ആക്രമണം നടത്തിയതെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ വിശദീകരണം. അക്രമിയെ ഏറ്റുമുട്ടലില്‍ വധിച്ചതായും സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിരുന്നു.