ന്യൂഡൽഹി: യുക്രൈനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മരുന്ന് നിർമാണ കമ്പനിയുടെ പ്ലാന്റ് റഷ്യൻ ഡ്രോൺ ആക്രമണത്തിൽ തകർന്നു. യുക്രൈനിലെ സുമിയിലുള്ള 'കുസും' ഫാർമ പ്ലാന്റിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

To advertise here,

ആക്രമണത്തിൽ പ്ലാന്റിന് വലിയതോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്. 400 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യക്കാരനായ രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും ഫാർമ 2009 മുതൽ യുക്രൈനിലെ സുമിയിൽ പ്രവർത്തിച്ചുവരികയാണ്. 50-ലധികം ജനറിക് മരുന്നുകൾ നിർമിക്കുന്ന കമ്പനി യുക്രൈൻ കൂടാതെ ഉസ്ബെക്കിസ്താൻ, കസാക്കിസ്താൻ, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.

യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കി റഷ്യൻ ആക്രമണത്തെ അപലപിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും അനുശോചനം രേഖപ്പെടുത്തുന്നതായി അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു. 'രാവിലെ റഷ്യ വീണ്ടും കീവിലെ പിവ്നിച്നി പാലത്തിനുനേരെ ഡ്രോൺ ആക്രമണം നടത്തി. സുമിയിലെ ഫാർമസ്യൂട്ടിക്കൽ വെയർഹൗസിന് നേരെയും അവർ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തി. ഒരാൾ കൊല്ലപ്പെട്ടു. മരിച്ചയാളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുത്തുന്നു. ഡിനിപ്രോയിൽ അവർ ഒരു കമ്യൂണിക്കേഷൻ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തി. ഇതിൽ ആറ് പേർക്ക് പരിക്കേറ്റു. രാത്രിയിൽ യുക്രൈന് നേരെ 135 ആക്രമണ ഡ്രോണുകൾ വിക്ഷേപിച്ചു', എക്സ് കുറിപ്പിൽ സെലൻസ്കി പറഞ്ഞു.

മിക്കവാറും ദിവസങ്ങളിൽ വേഗമേറിയ ആയിരക്കണക്കിന് ജെറ്റ് അധിഷ്ഠിത ഷഹെദ് ഡ്രോണുകൾ യുക്രൈനിലേക്ക് റഷ്യ വിക്ഷേപിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. വേഗം കുറഞ്ഞ ഇന്റർസെപ്റ്റർ ഡ്രോണുകൾ ആയതിനാൽ യുക്രൈന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് അവയെ പിടികൂടാൻ പ്രയാസപ്പെടുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.