റഷ്യന്‍ സേനയ്ക്കെതിരെ പോരാടാന്‍ സ്റ്റാര്‍ലിങ്ക് കണക്റ്റിവിറ്റിയെ ആശ്രയിക്കുന്ന ഉക്രെയ്നില് ഇത്തരം അടിസ്ഥാന സൗകര്യങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞിട്ടുണ്ട്.

ടെക് ലോകത്ത് വലിയ ചർച്ചയായി ബെൽജിയത്തിൽ കഴിഞ്ഞ ദിവസം ഉദ്ഘാടനംചെയ്ത യൂറോപ്പിലെ ഏറ്റവും വലിയ സാറ്റലൈറ്റ് നിർമാണ ഫാക്ടറി. ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിനെ വെല്ലുവിളിക്കാനും യു.എസ്. ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള യൂറോപ്പിന്റെ നീക്കങ്ങളിലെ സുപ്രധാന ചുവടുവെപ്പാണ് ഈ ഫാക്ടറി എന്നതാണ് കാരണം.
സ്വകാര്യ ഉടമസ്ഥതയിലുള്ള ബെൽജിയൻ സാറ്റലൈറ്റ് കമ്പനിയായ എയ്റോസ്പെയ്സ്ലാബിന്റേതാണ് ഫാക്ടറി. സ്പെയ്സ് എക്സിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സംരംഭത്തിന് യൂറോപ്യൻ യൂണിയന്റെ മറുപടിയായ IRIS²-നായി നിശ്ചയിച്ചിട്ടുള്ള 348 സാറ്റലൈറ്റുകളിൽ 264 എണ്ണം നിർമിക്കുന്നതിനായി 2.4 ബില്യൺ (240 കോടി) യൂറോയുടെ കരാർ അടുത്തിടെ ഈ കമ്പനി സ്വന്തമാക്കിയിരുന്നു.
2030-ഓടെ യൂറോപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ളതും സുരക്ഷിതവുമായ കണക്റ്റിവിറ്റി അടിസ്ഥാന സൗകര്യങ്ങളുടെ നട്ടെല്ലായി ഈ ഫാക്ടറി മാറുമെന്ന് എയ്റോസ്പെയ്സ്ലാബ് പറയുന്നു. നവംബർ 30 മുതൽ ഇത് 'എക്ട്രോ' (Ectro) എന്ന പേരിൽ റീബ്രാണ്ട് ചെയ്യപ്പെടും.
തെക്കൻ ബെൽജിയത്തിലുള്ള 20,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ നിർമ്മാണ കേന്ദ്രത്തിന് പ്രതിവർഷം 500 സാറ്റലൈറ്റുകൾവരെ നിർമിക്കാൻ സാധിക്കും. ലോകത്തിലെ മൂന്നാമത്തെ വലിയ സാറ്റലൈറ്റ് നിർമ്മാണ കേന്ദ്രമാക്കി ഇതിനെ മാറ്റുമെന്ന് ബെൽജിയൻ ഭരണാധികാരികൾ പറയുന്നു. ജനുവരിയിൽ ജീവനക്കാർ ഈ മെഗാ ഫാക്ടറിയിൽ എത്തുമെന്നും 2028-ന്റെ അവസാനത്തോടെ ഉത്പാദനം ആരംഭിക്കുമെന്നും എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. രാജ്യസുരക്ഷയ്ക്കും ദൈനംദിന ജീവിതത്തിലെ ഓരോ കാര്യത്തിനും സാറ്റലൈറ്റ് ഇന്റർനെറ്റ് കണക്റ്റിവിറ്റി കൂടുതൽ പ്രധാനമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് യൂറോപ്പിന്റെ നിർണായക നീക്കം.
സ്വന്തം നിയന്ത്രണത്തിലുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനം ഒറ്റപ്പെട്ട സ്ഥലങ്ങളിൽപോലും ഇന്റർനെറ്റ് ആക്സസ് ലഭ്യമാക്കുകയും, യുദ്ധക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുമെന്നാണ് യൂറോപ്യൻ യൂണിയൻ വിലയിരുത്തുന്നത്. ഭൂമിയിലെ ഇന്റർനെറ്റ് നെറ്റ്വർക്കുകൾ ലഭ്യമല്ലാതിരിക്കുമ്പോഴോ തടസ്സപ്പെടുമ്പോഴോ സർക്കാർ ഏജൻസികൾക്കും സൈന്യത്തിനും സുരക്ഷിതമായി ആശയവിനിമയം നടത്താൻ ഇത് സഹായിക്കുമെന്നും യൂറോപ്യൻ യൂണിയൻ കണക്കുകൂട്ടുന്നു.
റഷ്യൻ സേനയ്ക്കെതിരെ പോരാടാൻ സ്റ്റാർലിങ്ക് കണക്റ്റിവിറ്റിയെ ആശ്രയിക്കുന്ന ഉക്രെയ്നിൽ ഇത്തരം അടിസ്ഥാന സൗകര്യങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞിട്ടുണ്ട്. സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനത്തിൽ സ്റ്റാർലിങ്ക് ഏർപ്പെടുത്തിയ സമീപകാല നിയന്ത്രണങ്ങൾ ഭൗമരാഷ്ട്രീയ സംഘർഷങ്ങളെ എങ്ങനെ വാണിജ്യ സ്ഥാപനങ്ങൾക്ക് സ്വാധീനിക്കാം എന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും സ്റ്റാർലിങ്കിന് അന്തിമ അനുമതി നൽകുന്നത് സംബന്ധിച്ച വിശദമായ പരിശോധന നടത്തിവരികയാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ സ്റ്റാർലിങ്കിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുന്നതിൽ യൂറോപ്പിന് ഇനിയും ഏറെ ദൂരം മുന്നേറേണ്ടിവരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Europe's largest satellite factory inaugurated in Belgium by King Philippe., Belgian manufacturer Aerospacelab secures a 2.4-billion-euro contract for the EU's IRIS² project., The facility will be capable of producing up to 500 satellites annually., Aims to reduce European reliance on US space infrastructure and challenge Starlink.
Published: 28 Nov 2026, 02:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented