
ടെഹ്‌റാൻ: സ്വിറ്റ്‌സർലൻഡിൽ നടന്ന ഇറാൻ-യുഎസ് ചർച്ചയ്ക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണികളെ തുടർന്ന് ഇറാൻ പ്രതിനിധികൾ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് ചർച്ചയിൽ ഇറാൻ സംഘത്തിന് നേതൃത്വം നൽകിയ അവരുടെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ്. വൈസ് പ്രസിഡന്റ് വാൻസിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ പ്രതിനിധി സംഘവുമായി നേരിട്ട് ഇറാൻ പ്രതിനിധികൾ ചർച്ച നടത്തിയതായും ഘാലിബാഫ് സ്ഥിരീകരിച്ചു.
ചർച്ച 80 മിനിറ്റ് പിന്നിട്ട ശേഷമാണ് ട്രംപ് ഭീഷണിപ്പെടുത്തുന്ന പരാമർശങ്ങൾ വരുന്നതെന്ന് ഇറാൻ സ്പീക്കർ പറഞ്ഞു,
'ഞാൻ വാൻസിനോട് പറഞ്ഞു, ഞങ്ങൾ ഇവിടെ ചർച്ചകൾക്കായി വന്നതാണ്, ഒപ്പിട്ട കരാറിലെ ആദ്യത്തെ വ്യവസ്ഥ തന്നെ പറയുന്നത് ഭീഷണികളോ നിർബന്ധിത നടപടികളോ പാടില്ല എന്നാണ്. എന്നിട്ടും ഇന്ന് നിങ്ങളുടെ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഭീഷണികൾക്കോ സമ്മർദ്ദങ്ങൾക്കോ കീഴിൽ ഞങ്ങൾ ചർച്ച നടത്തില്ല എന്ന് മനസ്സിലാക്കുക, ശേഷം ഞങ്ങൾ ചർച്ചകൾ അവസാനിപ്പിച്ച് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി, പിന്നെ തിരികെ പോയില്ല' ഘാലിബാഫ് ഇറാനിയൻ മാധ്യമങ്ങളോട് പറഞ്ഞു.
അതുവരെ നടന്ന 80 മിനിറ്റ് നീണ്ട ചർച്ചകളുടെ ഫലമായിരുന്നു പാകിസ്താൻ, ഖത്തറും സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് അമേരിക്കൻ പക്ഷം ഇടനിലക്കാർ വഴി മറ്റൊരു കൂടിക്കാഴ്ച ആവശ്യപ്പെട്ടെങ്കിലും തങ്ങൾ അത് നിരസിച്ചു. 'ഖത്തറും പാകിസ്താനും ഇടനിലക്കാരായി ഞങ്ങളെ സമീപിച്ചു, അവരോട് സംസാരിക്കാമെന്ന് ഞങ്ങൾ പറഞ്ഞു, എന്നാൽ അമേരിക്കൻ പക്ഷവുമായി നേരിട്ട് സംസാരിക്കില്ല എന്നും അറിയിച്ചു' ഘാലിബാഫ് പറഞ്ഞു.
കരാറിലെ വ്യവസ്ഥകൾക്കപ്പുറമുള്ള പ്രസ്താവനകളെ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസ്ഷ്‌കിയാനും പറഞ്ഞു. 'സംഭാഷണങ്ങളുടെ ഫലപ്രാപ്തി, സമ്മതിച്ച വ്യവസ്ഥകളോടുള്ള പൂർണ്ണമായ പ്രതിബദ്ധതയെയും അവയുടെ കൃത്യമായ നടപ്പാക്കലിനെയും ആശ്രയിച്ചിരിക്കുന്നു' എന്നും അദ്ദേഹം വ്യക്തമാക്കി.
സ്വിറ്റ്സർലൻഡിലെ ചർച്ചയ്ക്ക് ശേഷം ഘാലിബാഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തിങ്കളാഴ്ച രാത്രി ഒമാനിലെത്തിയിരുന്നു. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയുമായി അവർ കൂടിക്കാഴ്ച നടത്തി സമാധാന ശ്രമങ്ങൾ ചർച്ച ചെയ്യാനും ഹോർമുസ് കടലിടുക്കിൽ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാനും വേണ്ടിയാണ് ചർച്ചയെന്ന് അധികൃതർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് ഇറാൻ നിയന്ത്രിക്കുമെങ്കിലും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചായിരിക്കുമെന്നും ഘാലിബാഫ് അറിയിച്ചു. ഹോർമുസ് വഴി ഇപ്പോൾ കപ്പൽ ഗതാഗതം സുഗമമായി നടക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ യുദ്ധത്തിന് മുമ്പുള്ള തോതിൽ കപ്പലുകളുടെ എണ്ണം എത്തിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
ഇതിനിടെ ഇടക്കാല ഉടമ്പടിയുടെ ഭാഗമായി ഇറാനിയൻ എണ്ണയുടെ ഉപരോധം യുഎസ് ഒഴിവാക്കുകയും ചെയ്തു.
Content Highlights: Iran-US direct talks in Switzerland collapsed after 80 minutes due to Trump's threats., Mohammad Bagher Ghalibaf confirmed Iran refused further direct talks with the US., Pakistan and Qatar are acting as mediators for ongoing diplomatic efforts
Published: 23 Jun 2026, 12:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented