
ടെഹ്റാൻ: മറ്റുരാജ്യങ്ങൾ എന്തു ചെയ്യണമെന്ന് ആജ്ഞാപിക്കാൻ അമേരിക്കയ്ക്ക് ഇനി സാധിക്കില്ലെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് റെസ തലായി-നിക്. ഹോർമൂസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യുഎസിന്റെ പുതിയ നിർദേശങ്ങക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിൽ (എസ്.സി.ഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര രാജ്യങ്ങളുമായി, പ്രത്യേകിച്ച് എസ്.സി.ഒയിലെ അംഗരാജ്യങ്ങളുമായി പ്രതിരോധ സൈനിക ശേഷി പങ്കിടാൻ ഇറാൻ തയ്യാറാണ്. നിയമവിരുദ്ധവും യുക്തിരഹിതവുമായ ആവശ്യങ്ങളിൽനിന്ന് അമേരിക്ക പിന്മാറണമെന്നും റെസ തലായി-നിക് പറഞ്ഞു.
ഇറാനുനേർക്കുള്ള ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണത്തിനു പിന്നാലെ ആഗോള വാണിജ്യ ഇടനാഴിയായ ഹോർമൂസ് കടലിടുക്ക് അടച്ചത് ആഗോളതലത്തിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത് സമാധാന ചർച്ചകളിൽ ഇറാന് മേൽക്കൈ നേടിക്കൊടുക്കുന്ന തരത്തിലേക്ക് വഴിവെച്ചു. ആണവപദ്ധതിയുടെ കാര്യത്തിൽ കരാറാകാതെ തന്നെ ഹോർമൂസ് കടലിടുക്ക് തുറക്കാമെന്നാണ് ഇറാന്റെ പക്ഷം. മധ്യസ്ഥ രാജ്യമായ പാകിസ്താൻ വഴി ഇക്കാര്യം യുഎസിനെ അറിയിച്ചിട്ടുണ്ട്. ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം യുഎസ് അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത് അംഗീകരിക്കാൻ ട്രംപ് തയ്യാറായേക്കില്ലെന്നാണ് വിവരം.
ആണവപദ്ധതി ഇറാൻ പൂർണമായി അവസാനിപ്പിക്കണം എന്നതാണ് സ്ഥിരമായ വെടിനിർത്തലിന് ഡോണാൾഡ് ട്രംപ് മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. ഹോർമുസ് കടലിടുക്കിനുമേൽ സമ്പൂർണനിയന്ത്രണം വേണമെന്ന ഇറാന്റെ ആവശ്യത്തെ ട്രംപ് അംഗീകരിക്കുന്നില്ല. ശാശ്വത സമാധാനക്കരാറിനായി ഏപ്രിൽ 11, 12 തീയതികളിൽ ഇറാന്റെയും യു.എസിന്റെയും പ്രതിനിധികൾ പാകിസ്താനിലെ ഇസ്‌ലാമാബാദിൽ നടത്തിയ ചർച്ച പരാജയപ്പെടാൻകാരണം ട്രംപിന്റെ ഈ നിലപാടായിരുന്നു.
ആണവപദ്ധതി ഉപേക്ഷിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയതാണ് കരാറിനു തടസ്സമായതെന്ന് ചർച്ചയിൽ യു.എസ്. പ്രതിനിധിസംഘത്തെ നയിച്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ഇറാൻ തുറമുഖത്തേക്ക് പോക്കുവരവു നടത്തുന്ന കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ യു.എസ്. ഏർപ്പെടുത്തിയ നാവിക ഉപരോധം തുടരുകയാണ്.
Content Highlights: Iran rejects US authority to dictate regional policies., April 2026 peace talks in Islamabad failed due to nuclear program disputes., US maintains naval blockade of 38 ships in the Strait of Hormuz., Iran demands lifting of sanctions as a condition for reopening the strait.
Published: 28 Apr 2026, 03:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented