
ഇസ്ലാമാബാദ്: പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന ഇറാൻ-യുഎസ് സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്ലാമാബാദിൽനിന്ന് മടങ്ങി. ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കൻ നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ വിസമ്മതിച്ചതിനെ തുടർന്ന് കരാറുണ്ടാക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാൻസിന്റെ മടക്കം. ചർച്ച പരാജയപ്പെട്ടെന്ന് സ്ഥിരീകരിച്ച ഇറാൻ, യുദ്ധത്തിലൂടെ നേടാൻ കഴിയാതിരുന്ന ലക്ഷ്യങ്ങൾ യുഎസ് ചർച്ചയിലൂടെ നേടാൻ ശ്രമിച്ചെന്ന് ആരോപിച്ചു. യുഎസിന്റെ അമിതമായ ആവശ്യങ്ങളാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നും ഇറാൻ കുറ്റപ്പെടുത്തി.
'ചർച്ചാ മുറിയിൽ, ഇറാനെതിരായ യുദ്ധത്തിലൂടെ നേടാൻ കഴിയാതിരുന്ന ലക്ഷ്യങ്ങളായ ഹോർമുസ് കടലിടുക്കിന്റെ വിഷയം, രാജ്യത്ത് നിന്ന് ആണവ വസ്തുക്കൾ നീക്കം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ അമേരിക്ക നേടാൻ ശ്രമിച്ചു, എന്നാൽ ഇറാനിയൻ പ്രതിനിധി ആ ശ്രമം പരാജയപ്പെടുത്തി' ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിം ന്യൂസ് റിപ്പോർട്ട് ചെയ്തു.
'അമിതമായ ആവശ്യങ്ങളും അമേരിക്കയുടെ അത്യാഗ്രഹവും അവരെ യാഥാർത്ഥ്യബോധത്തിൽ നിന്നും വളരെ ദൂരെയാക്കി'ഇറാനിയൻ മാധ്യമം ചൂണ്ടിക്കാട്ടി.
അതേസമയം ഇറാനും അമേരിക്കയും നിരവധി വിഷയങ്ങളിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും രണ്ടോ മൂന്നോ പ്രധാന കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഘേയി പറഞ്ഞു.
'40 ദിവസത്തെ അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധത്തിനു ശേഷമാണ് ഈ ചർച്ചകൾ നടന്നത്, അവ സംശയത്തിന്റെയും അവിശ്വാസത്തിന്റെയും അന്തരീക്ഷത്തിലാണ് നടന്നത്. ആദ്യമേ ഒരു കൂടിക്കാഴ്ചയിൽ ഒരു കരാറിലെത്തുമെന്ന് നമ്മൾ പ്രതീക്ഷിച്ചിരുന്നില്ല. അത് ആരും അതും പ്രതീക്ഷിച്ചിരുന്നില്ല' എന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ഇതിനിടെ 21 മണിക്കൂറോളം നീണ്ട ചർച്ചകൾക്ക് വാർത്താസമ്മേളനം നടത്തിയാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ഇസ്ലാമാബാദ് വിട്ടത്. 1979ന് ശേഷമുള്ള അമേരിക്കൻ, ഇറാനിയൻ ഉദ്യോഗസ്ഥർ മുഖാമുഖം വന്ന ഉന്നത നയതന്ത്ര ചർച്ചയായിരുന്നു നടന്നത്. ആണവായുധം സംബന്ധിച്ച് ഇറാൻ നിലപാടിൽ മാറ്റം വരുത്താതെ കൂടുതൽ ചർച്ചകളിലേക്ക് കടക്കില്ലെന്ന് സൂചന വാൻസ് നൽകിയിട്ടുണ്ട്.
ആണവ സമ്പുഷ്ടീകരണം സംബന്ധിച്ചാണ് വർഷങ്ങളായി അമേരിക്കയും ഇറാനും തമ്മിൽ തർക്കം നടക്കുന്നത്. ആണവ ആയുധങ്ങൾ നിർമ്മിക്കില്ലെന്നും ആണവോർജ്ജ പരിപാടി മാത്രമാണ് ലക്ഷ്യമിടുന്നതെന്നുമാണ് ഇറാൻ അവകാശപ്പെടുന്നത്. എന്നാൽ സമീപ വർഷങ്ങളിൽ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് വർദ്ധിപ്പിച്ചതാണ് യുഎസിനേയും സഖ്യകക്ഷികളേയും ആശങ്കയിലാഴ്ത്തിയത്. ഇതേ തുടർന്ന് രണ്ട് തവണ യുഎസും ഇറാനും യുദ്ധത്തിലേർപ്പെട്ടു. ഇറാൻ ഇപ്പോഴും സമ്പുഷ്ടീകരണം ഉപേക്ഷിക്കാൻ തയ്യാറല്ലെന്നാണ് വ്യക്തമാകുന്നത്.
ആണവായുധവുമായി ബന്ധപ്പെട്ടാണ് ചർച്ച ഉടക്കിയതെന്നും അതായിരുന്നു ലക്ഷ്യമെന്നും വാർത്താസമ്മേളനത്തിൽ വാൻസ് പറയുകയും ചെയ്തു. 'ഞങ്ങൾക്ക് ഒരു ഉടമ്പടിയിലെത്താൻ കഴിഞ്ഞില്ല എന്നത് ദുഃഖകരമായ വാർത്തയാണ്. ഇത് അമേരിക്കയെക്കാൾ ഇറാനാണ് കൂടുതൽ ബാധിക്കുക എന്ന് ഞാൻ കരുതുന്നു. അതിനാൽ, ഞങ്ങൾ ഒരു ഉടമ്പടിയിലെത്താതെ അമേരിക്കയിലേക്ക് മടങ്ങുകയാണ്... ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ അവർ തയ്യാറായില്ല...ചർച്ചകളിൽ എന്തെങ്കിലും കുറവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പാകിസ്താനികളുടെ ഭാഗത്തുനിന്നല്ല. അവർ ഒരു അത്ഭുതകരമായ ജോലി ചെയ്യുകയും ഇറാനികൾക്കും ഞങ്ങൾക്കും ഇടയിലുള്ള വിടവ് നികത്തി ഒരു കരാറിലെത്താൻ സഹായിക്കാൻ തീവ്രമായി ശ്രമിക്കുകയും ചെയ്തു. ഞങ്ങൾ ഇപ്പോൾ 21 മണിക്കൂറായി ഇത് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്, ഇറാനികളുമായി ധാരാളം വിഷയങ്ങൾ ചർച്ച ചെയ്തു. അതാണ് നല്ല വാർത്ത. ഞങ്ങൾക്ക് ഒരു ഉടമ്പടിയിലെത്താൻ കഴിഞ്ഞില്ല എന്നതാണ് ദുഃഖകരമായ വാർത്ത' വാൻസ് പറഞ്ഞു.
Content Highlights: US-Iran peace talks in Islamabad ended without a formal agreement in 2026., US Vice President JD Vance left following disagreements over Iran's nuclear enrichment.
Published: 12 Apr 2026, 09:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented