ടെഹ്റാൻ: അമേരിക്ക തുടരുന്ന ആക്രമണങ്ങൾക്ക് പിന്നിൽ വലിയൊരു രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ഇറാൻ. ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ലോകശക്തികളായി ഉയരുന്നത് തടയാനാണ് അമേരിക്ക യുദ്ധം സൃഷ്ടിക്കുന്നതെന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ പ്രത്യേക പ്രതിനിധി അബ്ദുൾ മജീദ് ഹക്കീം ആരോപിച്ചു. ലോകത്തിന്റെ അധികാരം ഈ രാജ്യങ്ങളിലേക്ക് മാറുന്നത് തടയാനും അമേരിക്കയുടെ ആഗോളാധിപത്യം നിലനിർത്താനുമാണ് ഇത്തരം സംഘർഷങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ഒരു പങ്കാളിയായി കാണാൻ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
അമേരിക്കയും ഇസ്രയേലും തുടരുന്ന കടുത്ത ആക്രമണങ്ങൾക്കിടയിലും സമാധാന ചർച്ചകൾക്ക് തയ്യാറാണെന്നും അബ്ദുൾ മജീദ് ഹക്കീം പറഞ്ഞു. എന്നാൽ ഈ ചർച്ചകൾ ഇറാന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചുകൊണ്ടുള്ളതാകണമെന്നും ആരുടെയും നിർദ്ദേശങ്ങൾക്ക് വഴങ്ങി ഒന്നിനും തയ്യാറാവില്ലെന്നും ഇലാഹിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഞങ്ങൾ ആത്മരക്ഷാർത്ഥമാണ് പോരാടുന്നതെന്നും ഞങ്ങളുടെ അവകാശങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ഇലാഹി പറഞ്ഞു. സമാധാനത്തിനായി പ്രധാനമായും മൂന്ന് ഉപാധികളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. നിലവിലെ ആക്രമണങ്ങൾ അവസാനിപ്പിക്കുക, ഭാവിയിൽ ഇറാന് നേരെ ആക്രമണമുണ്ടാകില്ലെന്ന് ഉറപ്പുനൽകുക, ഇറാനുമേലുള്ള ഉപരോധങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുക എന്നിവയാണവ.
തങ്ങൾ യുദ്ധം തുടങ്ങിയവരല്ലെന്നും അമേരിക്കയാണ് ഈ യുദ്ധത്തിന് ഉത്തരവാദികളെന്നും ഇലാഹി ആരോപിച്ചു. അമേരിക്ക ആക്രമണം നിർത്തിയാൽ ഉടൻ തന്നെ തങ്ങളും പോരാട്ടം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടാവുകയും ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാൻ തയ്യാറെടുക്കുകയും ചെയ്ത ഘട്ടത്തിലാണ് അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തിയതെന്ന് ഇലാഹി പറഞ്ഞു. സമാധാനത്തിനുള്ള വലിയൊരു അവസരം അമേരിക്കയും ഇസ്രയേലും ചേർന്ന് തകർക്കുകയായിരുന്നു എന്നാണ് ഇറാന്റെ പക്ഷം.അതേസമയം, യുദ്ധസാഹചര്യത്തിലും രാജ്യം സുസ്ഥിരമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ജനങ്ങൾക്ക് ഉറപ്പുനൽകി. അസാധാരണമായ സാഹചര്യമാണെങ്കിലും രാജ്യത്തെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് പോകുന്നുണ്ടെന്നും ഗവർണർമാരുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഐക്യമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തെന്നും ഭരണപരമായ തീരുമാനങ്ങൾ വേഗത്തിൽ എടുക്കുന്നുണ്ടെന്നും പെസെഷ്കിയാൻ വ്യക്തമാക്കി.
Content Highlights: Iran Open to US Talks, Demands Dignity & Sanctions Removal Amid Conflict
Published: 04 Mar 2026, 10:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented